വാഷിംഗ്ടൺ ഡിസി: കുറ്റവാളിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള പെന്റഗണിന്റെ നീക്കത്തിനെതിരെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. 2009-ലെ ഫോർട്ട് ഹുഡ് വെടിവെപ്പിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുൻ യുഎസ് ആർമി മേജർ നിദാൽ ഹസ്സന്റെ വെടിവെച്ചുള്ള വധശിക്ഷ പൊതുജനങ്ങൾക്ക് തത്സമയം പ്രദർശിപ്പിക്കാനുള്ള തീരുമാനത്തെയാണ് അദ്ദേഹം വിമർശിച്ചത്. വധശിക്ഷയെ ഇത്തരത്തിൽ പ്രദർശിപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കർദ്ദിനാൾ വ്യക്തമാക്കി. കുറ്റം ചെയ്ത വ്യക്തിയെ ശിക്ഷിക്കാൻ മറ്റു മാർഗങ്ങളുണ്ടെന്നും മരണത്തെ പൊതുവേദിയിൽ കാഴ്ചവസ്തുവാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വിശുദ്ധ ജോൺ ഹെൻറി ന്യൂമാനുമായി ബന്ധപ്പെട്ട് റോമിൽ സംഘടിപ്പിച്ച പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വധശിക്ഷയോട് കത്തോലിക്കാ സഭയ്ക്ക് ശക്തമായ എതിർപ്പാണുള്ളതെന്നും അത് മനുഷ്യന്റെ അന്തസ്സിന് നിരക്കാത്തതാണെന്നും കർദ്ദിനാൾ ചൂണ്ടിക്കാട്ടി. കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഫലപ്രദമായ പരിഹാരമായി വധശിക്ഷയെ കാണാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

