ജെക്കോബി
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡിന്റെ ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ ഗണേശ് ചതുര്‍ത്ഥി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരതി ഉഴിയുന്നതും ചീഫ് ജസ്റ്റിസ് മന്ത്രോച്ചാരണം നടത്തുന്നതും അദ്ദേഹത്തിന്റെ പത്നി കല്പനാ ദാസ് കൈമണി കിലുക്കുന്നതും എഎന്‍ഐ ന്യൂസ് ഏജന്‍സി 29 സെക്കന്‍ഡ് വരുന്ന വീഡിയോയില്‍ പ്രചരിപ്പിക്കുകയും, ”ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്ജിയുടെ വസതിയില്‍ ഗണേശപൂജയില്‍ പങ്കെടുത്തു. ഭഗവാന് ശ്രീഗണേഷ് നമുക്കെല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും അദ്ഭുതകരമായ ആരോഗ്യവും നല്കി അനുഗ്രഹിക്കട്ടെ” എന്ന കുറിപ്പോടെ പ്രധാനമന്ത്രി ആ ദൃശ്യം തന്റെ ‘എക്സ്’ അക്കൗണ്ടില്‍ പങ്കുവയ്ക്കുകയും ചെയ്തത് മോദിയുടെ പതിവ് ഹിന്ദുത്വ രാഷ്ട്രീയ സ്റ്റണ്ടുകളിലൊന്നായി എഴുതിതള്ളാവുന്നതല്ല. സമകാലിക തിരഞ്ഞെടുപ്പ് സംവാദങ്ങളില്‍ മാത്രമല്ല, ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ മറ്റൊരു തീരാകളങ്കമായി ഇത് നീതിന്യായ-രാഷ്ട്രീയ ആഖ്യാനങ്ങളില്‍ അടയാളപ്പെടും.
ദേശീയ മാധ്യമപ്പടയുടെ അകമ്പടിയോടെ കേദാര്‍നാഥിലും കന്യാകുമാരിയിലും ധ്യാനോപാസനയില് മുഴുകുകയും പാര്‍ലമെന്റ് സമുച്ചയത്തിലും അയോധ്യയിലും വാരാണസിയിലും ഉജ്ജൈനിലും പൂജാകര്‍മങ്ങള്‍ നടത്തുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ സനാതനധര്മ്മനിഷ്ഠകള് ഈ മതനിരപേക്ഷ രാഷ്ട്രത്തില്‍ ഇനിയും ആരെയെങ്കിലും വ്യാകുലപ്പെടുത്താനിടയില്ല. മതവും രാഷ്ട്രവും തമ്മിലുള്ള വേര്‍തിരിവിന്റെ രാഷ്ട്രീയ മീമാംസകള്ക്കും അതിന്റെ സൂക്ഷ്മതല ആചാരമര്യാദകള്‍ക്കും ജനാധിപത്യസംസ്കാരത്തിന്റെ അത്തരം കീഴ് വഴക്കങ്ങള്ക്കുമെല്ലാം അതീതനായ രാജ്യതന്ത്രജ്ഞനാണ് താന്‍ എന്ന് മോദി എതയോവട്ടം തെളിയിച്ചിരിക്കുന്നു. മോദി ഗണേശോത്സവത്തില്‍ പങ്കുചേരുന്നതില്‍ ആര്‍ക്കാണ് വിമ്മിട്ടം! മഹാരാഷ്ട്രക്കാരനായ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വീട്ടില്‍ ഗണപതിയുടെയും ഗൗരീ മഹാലക്ഷ്മിയുടെയും പൂജ നടത്തുന്നതില്‍ ഒരു പൗരനും ആശങ്കപ്പെടേണ്ട കാര്യവുമില്ല.
ഡല്‍ഹിയിലെ മഹാരാഷ്ട്ര സദനിലോ ശ്രീജഗന്നാഥ്, ശ്രീഗണേശ്, സിദ്ധിവിനായക് മന്ദിറിലോ മഹാനഗരത്തില്‍ പല കേന്ദ്രങ്ങളിലും ഒരുക്കുന്ന ഗണേശോത്സവ പന്തലുകളിലോ മഹാരാഷ്ട്രിയന്‍ നേതാക്കളുടെ ഡല്‍ഹിയിലെ വസതികളിലോ മറ്റേതെങ്കിലും പൊതു ആഘോഷവേദിയിലോ പോകാതെ പ്രധാനമന്ത്രി ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ മറാത്ത തൊപ്പിയും വേഷ്ടിയുമൊക്കെയണിഞ്ഞ് ക്യാമറ ക്രൂവിനൊപ്പം ഗണപതി പൂജയ്ക്ക് പ്രത്യക്ഷപ്പെട്ടത് എന്തിനാണെന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.
ചീഫ് ജസ്റ്റിസ് ക്ഷണിച്ചതാണെങ്കില്‍, എന്തുകൊണ്ടാണ് പ്രധാനമന്ത്രിയെ മാത്രം വിളിച്ചത്? തികച്ചും സ്വകാര്യമായ ചടങ്ങാണെങ്കില്‍ എന്തിനാണ് ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും ചേര്‍ന്നുള്ള ആ പൂജാകര്മത്തിന് മോദി സമൂഹമാധ്യമ പ്ലാറ്റ്ഫോമിലൂടെ പബ്ലിസിറ്റി നല്‍കിയത്?
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ്, ആ സംസ്ഥാനത്തെ ജനങ്ങളെ വൈകാരികമായി ഒരുമിപ്പിക്കുന്ന ഗണപതി ബപ്പയുടെ ജനകീയ ഉത്സവത്തില്‍ ദേശീയ തലസ്ഥാനത്ത് ഇത്ര നാടകീയമായി പ്രധാനമന്ത്രി ഭാഗഭാക്കാകുന്നത്. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നവംബര്‍ ആദ്യപാദത്തില്‍ സുപ്രീംകോടതിയില്‍ നിന്നു വിരമിക്കുകയുമാണ്. മഹാരാഷ്ട്രയില്‍ ഭരണകക്ഷികളായിരുന്ന ശിവസേനയെയും എന്‍സിപിയെയും പിളര്‍ത്തി ബിജെപി 2022 ജൂണില്‍ അധികാരത്തിലേറ്റിയ ഏക്നാഥ് ഷിന്‍ഡെയുടെ മഹായുതി മുന്നണി സര്‍ക്കാര്‍ രൂപപ്പെട്ടത് ഭരണഘടനാവിരുദ്ധമായ മാര്‍ഗത്തിലൂടെയാണെന്നും ഗവര്‍ണറുടെയും സ്പീക്കറുടെയും നടപടികള്‍ നിയമവിരുദ്ധമായിരുന്നെന്നും ആരോപിച്ച് ഉദ്ധവ് താക്കറെയുടെ ശിവസേന സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ പരിഗണനയിലാണിപ്പോഴും. അദാനി-ഹിന്‍ഡന്‍ബെര്‍ഗ്, സെബി-മാധബി ബുച്ച് കേസുകള്‍ തീര്‍പ്പാകാനുണ്ട്.
ഭരണഘടനയുടെ പരമോന്നത സംരക്ഷകന്‍ എന്ന നിലയില്‍ സുപ്രീംകോടതിയിലെ മുഖ്യ ന്യായാധിപന് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും കാത്തുപാലിക്കാന്‍ ബാധ്യസ്ഥനാണ്. രാജ്യം ഭരിക്കുന്ന രാഷ്ട്രീയ എക്സിക്യുട്ടീവിന്റെ, പ്രധാനമന്ത്രിയുടെയും കൂട്ടരുടെയും ഭരണസംവിധാനങ്ങളുടെയും അമിതാധികാരപ്രയോഗങ്ങളെ ഭയമോ പ്രീതിയോ കൂടാതെ നിയന്ത്രിക്കുകയും രാജ്യത്തെ പൗരര്‍ക്ക് ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ള അവകാശങ്ങളും നീതിയും നിയമവാഴ്ചയുടെ സംരക്ഷണവും ഉറപ്പുനല്‍കുകയും ചെയ്യേണ്ട നീതിന്യായ സംവിധാനം ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ക്കു വിധേയമാകുന്നത് ജനാധിപത്യവ്യവസ്ഥിതിക്കു ഭീഷണിയാണ്.
ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പു വിജയത്തില്‍ അഭിനന്ദനം അറിയിച്ചുകൊണ്ട് 1980 ജനുവരിയില്‍ ജസ്റ്റിസ് പി.എന്‍ ഭഗവതി എഴുതിയ കത്ത് ജുഡീഷ്യറിക്ക് നാണക്കേടുണ്ടാക്കിയതായി നിയമജ്ഞര്‍ എടുത്തുകാട്ടാറുണ്ട്.
നേരെ മറിച്ച്, ”സൗഹാര്ദ്ദപൂര്ണമാകും നമ്മുടെ ബന്ധം” എന്ന് ഉപചാരപൂര്‍വം പറഞ്ഞ പ്രധാനമന്ത്രി നരസിംഹ റാവുവിനെ അമ്പരപ്പിച്ചുകൊണ്ട്, ”സൗഹാര്‍ദ്ദമല്ല, ശരിയായ നിലപാടു മാത്രം” എന്നു പ്രതിവചിച്ച ചീഫ് ജസ്റ്റിസ് എം.എന്‍ വെങ്കടാചലയ്യ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം മുറുകെപ്പിടിച്ചവരുടെ ധീരഗാഥയില് ഇന്നും പ്രകീര്‍ത്തിക്കപ്പെടുന്നു. മോദിയുടെ കാലമാകുമ്പോള്‍ കഥയാകെ മാറുകയാണ്.
ബാബ്റി മസ്ജിദ്-രാമജന്മഭൂമി കേസില്‍, മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണെന്നു സ്ഥിരീകരിച്ചുകൊണ്ടുതന്നെ വിവാദ ഭൂമി അക്രമം കാട്ടിയവര്‍ക്കു വിട്ടുകൊടുക്കാന്‍ 2019 നവംബറില്‍ വിധിച്ച സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ അധ്യക്ഷനായിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ മോദി സര്‍ക്കാര്‍ നാലുമാസത്തിനകം രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തു. ആ ബെഞ്ചില്‍ ഉണ്ടായിരുന്ന ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍ സുപ്രീംകോടതിയില്‍ നിന്നു വിരമിച്ച് 40 ദിവസം കഴിഞ്ഞപ്പോള്‍ ആന്ധ്രപ്രദേശ് ഗവര്‍ണറായി നിയമിക്കപ്പെട്ടു. ജസ്റ്റിസ് അശോക് ഭൂഷണ് 2021 ജൂലൈയില്‍ വിരമിച്ചു; നവംബറില്‍ നാഷണല്‍ കംപനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ചെയര്‍മാനായി നിയമിതനായി. ജസ്റ്റിസ് എസ്.എ ബോബ്ഡെ ചീഫ് ജസ്റ്റിസായി. ജസ്റ്റിസ് ചന്ദ്രചൂഡും ആ ബെഞ്ചിലുണ്ടായിരുന്നു. ചരിത്രപ്രധാനവും അസാധാരണവുമായ ആ വിധി എഴുതിയത് ആരാണെന്ന് രേഖപ്പെടുത്തിയിട്ടില്ല, എന്നാല്‍ അതിന്റെ ഭാഷാശൈലി ചന്ദ്രചൂഡിന്റേതാണെന്ന് പലരും സമര്‍ത്ഥിക്കാറുണ്ട്.
പ്രധാനമന്ത്രിയെ വേദിയിലിരുത്തി, മോദിയുടെ ബഹുമുഖ ധിഷണാപാടവത്തെ പുകഴ്ത്തിയ ജസ്റ്റിസ് അരുണ്‍ മിശ്ര താമസിയാതെ ദേശീയ മനുഷ്യാവകാശ കമ്മിഷന് ചെയര്‍മാനായി നിയമിക്കപ്പെട്ടതും, മോദി തന്റെ ഹീറോയും മാതൃകാപുരുഷനുമാണെന്നു പ്രഖ്യാപിച്ച പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.ആര് ഷാ അതിവേഗം സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തപ്പെട്ടതും, മോദിയെ പ്രകീര്‍ത്തിച്ച് കല്‍ക്കട്ട ഹൈക്കോടതിയില്‍ നിന്നു രാജിവച്ച ഉടനെ ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ് ബംഗാളില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയായി പാര്‍ലമെന്റില്‍ എത്തിയതും സമീപകാല ചരിത്രം.
ഡല്‍ഹിയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ലീഗല്‍ സെല്‍ (വിധി പ്രകോഷ്ഠ്) സംഘടിപ്പിച്ച ‘രഹസ്യ’ യോഗത്തില്‍, സുപ്രീംകോടതിയില്‍ നിന്നും ഹൈക്കോടതികളില്‍ നിന്നും വിരമിച്ച 30 ന്യായാധിപന്മാര് പങ്കെടുത്തു എന്ന വാര്‍ത്ത രാജ്യത്തെ ജുഡീഷ്യല്‍ മണ്ഡലത്തില്‍ ഹിന്ദുത്വ രാഷ്ട്രീയം എത്രത്തോളം പിടിമുറുക്കിയിരിക്കുന്നു എന്നതിന്റെ തെളിവാണ്. കേന്ദ്ര നിയമമന്ത്രി അര്ജുന് റാം മേഘ് വാള് ആ യോഗത്തില്‍ പ്രധാന പങ്കുവഹിച്ചു; തന്റെ ‘എക്സ്’ പോസ്റ്റില്‍ സമ്മേളനദൃശ്യങ്ങള് വെളിപ്പെടുത്തുകയും ചെയ്തു. വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രത്തോടുചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദിനും മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാനത്തിനടുത്തുള്ള ഷാഹി ഈദ്ഗാഹിനുംമേല് അവകാശം സ്ഥാപിച്ചെടുക്കാനുള്ള വ്യവഹാരങ്ങള്‍, വഖഫ് ഭേദഗതി ബില്ല്, മതപരിവര്‍ത്തനം തടയാനുള്ള നിയമം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്.
പ്രധാനമന്ത്രി മോദി ചീഫ് ജസ്റ്റിസിന്റെ വീട്ടില്‍ ഗണപതി പൂജ നടത്തിയതിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാക്കളെയും മുന്‍ ജഡ്ജിമാരെയും പ്രമുഖ അഭിഭാഷകരെയും ‘ഹിന്ദുത്വ വിരോധികള്‍’ എന്നു മുദ്രകുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ചില ബിജെപി മന്ത്രിമാരും നേതാക്കളും, 2009-ല്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ ഔദ്യോഗിക വസതിയില്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത സംഭവം വര്‍ണിക്കുന്നുണ്ട്. ഡല്‍ഹിയിലെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും നൂറുകണക്കിനു പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന ഇഫ്താര്‍ വിരുന്നും ചീഫ് ജസ്റ്റിസിന്റെ വസതിയിലെ സ്വകാര്യ ഗണപതി പൂജയും തമ്മില്‍ എന്തു സാദൃശ്യമാണുള്ളത്? എത്രയോ പൊതുവേദികളില്‍ ജഡ്ജിമാരും രാഷ്ട്രീയനേതാക്കളും ഒരുമിച്ചുകൂടാറുണ്ട്.
‘ജുഡീഷ്യല്‍ ജീവിതത്തിന്റെ മൂല്യങ്ങളുടെ പുനഃസ്ഥാപനം’ എന്ന ശീര്‍ഷകത്തില്‍ 1997 മേയ് ഏഴിന് സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരും പങ്കെടുത്ത ഫുള്‍ കോര്‍ട്ട് സമ്മേളനത്തില്‍ അംഗീകരിച്ച 16 ഇന പെരുമാറ്റച്ചട്ടത്തിന്റെ ആദ്യ ഖണ്ഡിക ഇതാണ്: ”നീതി കേവലം നിര്‍വഹിക്കപ്പെടുക മാത്രമല്ല, അത് നടപ്പാക്കപ്പെടുന്നതായി കാണുകയും വേണം. ഉന്നത ജുഡീഷ്യറിയിലെ അംഗങ്ങളുടെ പെരുമാറ്റം ജുഡീഷ്യറിയുടെ നിഷ്പക്ഷതയിലുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടും ഉറപ്പിക്കുന്നതായിരിക്കണം. അതനുസരിച്ച്, സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോ ഉള്ള ജഡ്ജിമാര്‍ ഔദ്യോഗിക മണ്ഡലത്തിലും വ്യക്തിജീവിതത്തിലും ഈ വിശ്വാസ്യത ഇല്ലാതാക്കുന്ന ഏതൊരു പ്രവൃത്തിയും ഒഴിവാക്കേണ്ടതാണ്.”
ജഡ്ജിമാരുടെ പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് രാജ്യത്തെ മുഖ്യ ന്യായാധിപന് പ്രധാനമന്ത്രിയെ വീട്ടില്‍ സ്വകാര്യ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചതിലൂടെ നടത്തിയത്. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അറിവോടെയല്ല അസാധാരണമായ ആ ഗണപതി പൂജയുടെ ചിത്രീകരണം നടന്നതെന്ന് വിശ്വസിക്കുക പ്രയാസമാണ്. ആതിഥേയന്റെ സമ്മതമില്ലാതെയാണ് ആ വീഡിയോ പ്രചരിപ്പിച്ചതെങ്കില്‍ അത് കൊടുംചതിയാണ്. എന്തായാലും, സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും കീഴ്ക്കോടതികളിലെയും ന്യായാധിപന്മാര്ക്കും ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ക്കും ഇതിലൂടെ ചീഫ് ജസ്റ്റിസും ഭരണകൂടവും നല്കുന്ന സന്ദേശം പുതിയൊരു കീഴ് വഴക്കം സൃഷ്ടിക്കാന്‍ ഉതകുന്നതാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസില്‍ അംഗങ്ങളാകുന്നതിന് 44 വര്‍ഷമായി നിലവിലുണ്ടായിരുന്ന വിലക്ക് എക്സിക്യുട്ടീവ് നീക്കിയിരിക്കെ, ജുഡീഷ്യറിയിലെ സാധ്യതകള്‍ എത്ര വിപുലമാണ്!
താന്‍ ഗണപതി പൂജയില്‍ പങ്കെടുത്തതില്‍ കോണ്‍ഗ്രസും അവരുടെ ‘ഇക്കോസിസ്റ്റവും’ അസ്വസ്ഥരാണെന്ന പ്രത്യാക്രമണ തന്ത്രവുമായി മോദി രംഗത്തിറങ്ങിയത് ആരെയും അദ്ഭുതപ്പെടുത്തുന്നില്ല. ”അധികാരത്തോട് ആര്‍ത്തിയുള്ളവര്‍ക്കാണ് ഗണേശപൂജ പ്രശ്നമാകുന്നത്. ബ്രിട്ടീഷുകാര്‍ക്കും ഗണേശോത്സവത്തോട് എതിര്‍പ്പുണ്ടായിരുന്നു. ഇന്നും സമൂഹത്തെ വിഭജിക്കാനും വിദ്വേഷം പരത്താനും ശ്രമിക്കുന്നവര്‍ക്ക് ഗണേശോത്സവം പ്രശ്നംതന്നെയാണ്” എന്ന് ഭുവനേശ്വറിലെ പൊതുസമ്മേളനത്തില്‍ പറഞ്ഞ പ്രധാനമന്ത്രി വലിയൊരു ‘ഫെയ്ക് ന്യൂസ്’ കൂടി അവിടെ പൊട്ടിച്ചു:
”കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ ഗണപതി ഭഗവാനെ അവര്‍ അഴിക്കുള്ളിലാക്കി. ആ മഹാപാപത്തിന്റെ ദൃശ്യങ്ങള്‍ കണ്ട് രാജ്യമൊന്നടങ്കം അസ്വസ്ഥമായിരിക്കയാണ്.’
കര്‍ണാടകയില്‍ മാണ്ഡ്യയിലെ നാഗമംഗളയില്‍ ഗണേശോത്സവത്തിനിടെയുണ്ടായ വര്‍ഗീയസംഘര്‍ഷത്തിന്റെ പേരില്‍ ബെംഗളൂരു ടൗണ്‍ ഹാളിനു സമീപം നിരോധനം മറികടന്ന് പ്രതിഷേധപ്രകടനം നടത്തിയവരെ കസ്റ്റഡിയിലെടുത്തപ്പോള്‍ അവരുടെ പക്കലുണ്ടായിരുന്ന ഗണപതി വിഗ്രഹം സുരക്ഷിതമായി പൊലീസ് വാനിലേക്കു മാറ്റിയതാണ് ‘ഭഗവാനെ അഴിക്കുള്ളിലാക്കി’ എന്ന വ്യാജപ്രചാരണത്തിന് ആധാരം. പ്രധാനമന്ത്രി എത്ര ലാഘവത്തോടെയാണ് ആപല്‍ക്കരമായ ഈ വര്‍ഗീയ വിദ്വേഷപ്രചരണം ദേശീയതലത്തില്‍ ആളിപ്പടര്‍ത്താന്‍ ഒരുമ്പെടുന്നത്!