അമ്പതിനായിരം വര്‍ഷത്തിനുശേഷം ഭൂമിക്കരികിലൂടെ കടന്നുപോകുന്ന പച്ച വാല്‍നക്ഷത്രത്തെ ഈ ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തതയോടെ കാണാം. ആകാശത്തു മാത്രമല്ല നമ്മുടെ രാജ്യത്തും ചില അപൂര്‍വയിനം നക്ഷത്രങ്ങള്‍ നമ്മള് കണ്ടു. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരണത്തില്‍ പറഞ്ഞു, ലോകം ഇന്ത്യയെ തിളക്കമുള്ള നക്ഷത്രമായി തിരിച്ചറിഞ്ഞിരിക്കുന്നു. ശരിയാണ് നമ്മുടെ പ്രധാനമന്ത്രിയുടെ ഗുജറാത്ത് കലാപത്തിലെ നക്ഷത്രതിളക്കം ബിബിസി തിരിച്ചറിഞ്ഞു. അദാനിയുടെ കള്ളക്കച്ചവടങ്ങള്‍ അമേരിക്കന്‍ ധനഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗും തിരിച്ചറിഞ്ഞു. ഈ രണ്ടു നക്ഷത്രങ്ങള്‍ തമ്മിലുള്ള കൂട്ട് ഇന്ത്യക്കാര്‍ എന്നേ തിരിച്ചറിഞ്ഞതാണ്.
ഗൗതം അദാനിയുടെ സ്വകാര്യ എംബ്രായര്‍ ലേഗസി ജെറ്റിലാണ് 2014 മേയില്‍ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുന്നതിന് നരേന്ദ്ര മോദി അഹമ്മദാബാദില്‍ നിന്ന് ഡല്‍ഹിയിലേക്കു പറന്നത്. ഗുജറാത്തില്‍ പന്ത്രണ്ടര വര്‍ഷം മുഖ്യമന്ത്രിയായി മോദി വാഴുന്നതിനു മുന്‍പേ തുടങ്ങിയതാണ് അദാനിയുമായുള്ള അടുപ്പം. നമ്മുടെ രാജ്യത്ത് താമര വിരിയാന്‍ അദാനിയുടെ അധ്വാനം ചില്ലറയൊന്നുമല്ല. അദാനിയുടെ മൊത്തം ആസ്തി അഞ്ചുകൊല്ലം കൊണ്ട് 1,440 ശതമാനം ഉയര്‍ന്ന് 120 ബില്യണ്‍ ഡോളറായി കുതിച്ചുയര്‍ന്നത് മോദി ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നതിനുശേഷമാണ്. ഇത് അമൃത്കാലമല്ല മിത്ര് കാലമാണെന്നു രാഹുല്‍ ഗാന്ധി പറഞ്ഞത് കൂട്ടി വായിക്കണം. നമ്മുടെ പ്രധാനമന്ത്രിയുടെ സഹായത്തോടെ ഇന്ത്യയെ കടത്തിലാക്കി വിദേശത്തേക്കു കുതിച്ച വാല് നക്ഷത്രങ്ങളുടെ കൂട്ടത്തിലേക്കു അതിവേഗം കുതിക്കുന്ന അടുത്ത നക്ഷത്രം ആരായിരിക്കും?