മനുവിന്റെയും പ്രിന്‍സ് നോബിളിന്റെയും പായ് വഞ്ചിക്കഥ
ബോബന് വരാപ്പുഴ
ഏഷ്യന്‍ ഗെയിംസിന്റെ പതിനാറു ദിനങ്ങള്‍ക്കൊടുവില്‍ ഇന്ത്യ 85 മെഡലുകളുമായി തിളങ്ങി. 21 സ്വര്‍ണം, 27 വെള്ളി, 37 വെങ്കലം. മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനം. ചില ഇനങ്ങളില്‍ പ്രതീക്ഷകള്ക്കപ്പുറത്തേക്കുയര്ന്ന പ്രകടനം; ചിലതില്‍ നിരാശ. പതിവായി ഇന്ത്യയുടെ ശക്തിയായി കണക്കാക്കപ്പെട്ട കളങ്ങള്ക്കപ്പുറത്തേക്കും ഇത്തവണ ഇന്ത്യന്‍ കായികത്തിന്റെ കൈകള്‍ നീണ്ടു. പുതിയ വേദികളില്‍ പുതിയ പേരുകള്‍ ഉയര്‍ന്നു. ആ കൂട്ടത്തില്‍ കടലിന്റെ ഉപ്പും കാറ്റിന്റെ കരുത്തും ജീവിതത്തിന്റെ വറുതിയും ചേര്‍ന്ന ഒരു വെള്ളിമെഡല്ക്കഥയുണ്ട്. അത് മനു ഫ്രാന്‍സിസിന്റെയും പ്രിന്‍സ് നോബിളിന്റെയും കഥയാണ്.ഏഷ്യന്‍ ഗെയിംസിലെ പുരുഷന്മാരുടെ സ്കിഫ് സെയിലിംഗ് ഇനത്തില്‍ ഇന്ത്യയ്ക്കായി വെള്ളി നേടിയ ഈ രണ്ടു ചെറുപ്പക്കാരുടെ കഥ, ഒരു മെഡല്‍ നേടിയതിന്റെ കഥ മാത്രമല്ല. വെള്ളത്തിലൂടെ ഒരു വഞ്ചി പായിച്ചെത്തി പോഡിയത്തില്‍ നില്‍ക്കുന്നതിന്റെ കഥയ്ക്കപ്പുറം, കരയില്‍ നിന്നുകൊണ്ട് ആ വഞ്ചിയെ താങ്ങിനിര്‍ത്തിയ അനേകം കൈകളുടെ കഥ കൂടിയാണത്. വിശപ്പിനോടും ദാരിദ്ര്യത്തോടും കടബാധ്യതകളോടും പോരാടി മക്കളുടെ സ്വപ്നങ്ങള്‍ക്ക് കാറ്റുപിടിപ്പിച്ച മാതാപിതാക്കളുടെ കഥ. ആരും അധികം അറിയാത്ത ഒരു കായിക ഇനത്തെ ജീവിതത്തിന്റെ ഭാഗമാക്കിയ രണ്ടു ബാല്യങ്ങളുടെ കഥ.
അഭിലാഷ് ടോമിയുടെ വാക്കുകളിലെ പ്രവചനം
2022-ലെ ഗോള്‍ഡന്‍ ഗ്ലോബ് റേസ് ചാമ്പ്യനായ അഭിലാഷ് ടോമിയോട് റേസിന്റെ ചെയര്മാന് ചോദിച്ച ചോദ്യത്തിന് അദ്ദേഹം നല്കിയ മറുപടി ഈ കഥ വായിക്കുമ്പോള്‍ വീണ്ടും ഓര്‍മ്മ വരുന്നു. ”ഇന്ത്യയില്‍ ശരാശരിക്കാരില്ല. ഫ്രാന്‍സിലെ ലെ സാബ്ള് ദെലോണില്‍ കാണുന്നതിന്റെ പകുതി പോലും പായ് വഞ്ചികള്‍ ഇന്ത്യയില്‍ ആകെയില്ല. എന്നിട്ടും അവിടെനിന്നൊരാള്ക്ക് ഇവിടെവന്ന് ഇത്രയും കടുപ്പമേറിയ റേസ് ഫിനിഷ് ചെയ്യാന്‍ സാധിക്കുമെങ്കില്‍, ഇവിടെ ഇത്രയും സൗകര്യങ്ങളുള്ള ഇന്ത്യയില്‍നിന്ന് എന്തെല്ലാം സാധിക്കുമെന്ന് ഒന്ന് സങ്കല്‍പ്പിച്ചുനോക്കൂ…”അന്ന് കേട്ട ആ വാക്കുകളില്‍ ഒരു പ്രവചനത്തിന്റെ ധ്വനിയുണ്ടെന്ന് തോന്നിയിരുന്നു. അഭിലാഷ് ടോമിയുടെ കടല്പ്പുസ്തകമായ ആഴിയും തിരയും കാറ്റും വായിച്ച കാലം മുതല്‍ മനസ്സില്‍ കിടന്നിരുന്ന ആ വാക്കുകള്‍ക്ക് ഇപ്പോള്‍ മറ്റൊരു അര്‍ഥം ലഭിക്കുന്നു.കടലിനെ ജീവിതത്തിന്റെ ഭാഗമാക്കിയ ഒരു ഗ്രാമത്തിലെ രണ്ടു സാധാരണ ചെറുപ്പക്കാര്‍, ഇന്ത്യയുടെ പേരില്‍ ഏഷ്യന്‍ ഗെയിംസിന്റെ പോഡിയത്തില്‍ നില്ക്കുന്നു.കടല്‍ എവിടെയും നിശ്ചലമല്ല. കാറ്റിനും അതിന്റേതായ ഭാഷയുണ്ട്. തിരകള്‍ക്കും അവയുടെ സ്വന്തം താളമുണ്ട്. ആ ഭാഷയും താളവും വായിച്ചാണ് മനുവും പ്രിന്‍സും വഞ്ചിയെ മുന്നോട്ടുകൊണ്ടുപോയത്. ഇന്ത്യയുടെ കായികചരിത്രത്തില്‍ ഒരു പുതിയ പേജ് തുറന്നുകൊണ്ട്. മലയാളികളുടെ അഭിമാനത്തിലും ആ വെള്ളിക്ക് ഒരു പ്രത്യേക തിളക്കമുണ്ട്.
ചെറായിയില്‍ നിന്ന് ഭോപ്പാലിലേക്ക്
കാറ്റിന്റെ ആനുകൂല്യത്തില്‍ കരകളെ കീഴടക്കാന്‍ പുറപ്പെട്ട മനുഷ്യരുടെ ഇതിഹാസങ്ങള്‍ കേട്ടുവളര്ന്നതുകൊണ്ടാകാം മനു ഫ്രാന്‍സിസ് പായ് വഞ്ചികളോട് പ്രണയത്തിലായത്. നാട്ടില്‍ അധികമാരും അറിയാത്ത ആ ലോകത്തേക്ക് അവന് കടന്നുചെന്നപ്പോള്‍ അവനൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു അമ്മയുടെ സഹോദരിയുടെ മകനായ പ്രിന്‍സ് നോബിള്‍. സമപ്രായക്കാരായ അവര്‍ പിന്നീട് ഒരേ സ്വപ്നനൗകയിലെ യാത്രക്കാരായി.ചെറായി മുസിരിസ് യാട്ടിംഗ് ക്ലബ്ബിലേക്കാണ് ആ ബാല്യങ്ങള്‍ ആദ്യം എത്തിയത്. അവിടെ മധു പുതുവക്കല്‍ എന്ന പരിശീലകന് അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു. കുട്ടികളില്‍ ഭാവിയുണ്ടെന്ന് വിശ്വാസം തോന്നിയ മധു അവരെ ഭോപ്പാല്‍ നാഷണല്‍ സെയിലിംഗ് സ്കൂളിലെത്തിച്ചു. അന്ന് ഇരുവരും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായിരുന്നു.ഇരുവരുടേയും കുടുംബപശ്ചാത്തലം സമൃദ്ധിയുടേതായിരുന്നില്ല. പുഴയോടും കടലിനോടും ചേര്‍ന്നുനിന്ന ജീവിതങ്ങളായിരുന്നു അവരുടേത്. വഞ്ചി അവരുടെ ജീവിതത്തില്‍ ഒരു യാത്രാസാധനം മാത്രമായിരുന്നില്ല; ബാല്യത്തിന്റെ സ്വപ്നവും ഭാവിയുടെ പ്രതീക്ഷയും കൂടിയായിരുന്നു.

കടമക്കുടി പഞ്ചായത്തിലെ ചേന്നൂരാണ് മനുവിന്റെ ജന്മദേശം. വര്‍ഷങ്ങള്‍ക്കുമുമ്പ് പിതാവ് കുരിശിങ്കല്‍ ഫ്രാന്‍സിസ് ടോണനും മൂന്ന് സഹോദരങ്ങളും തുണ്ടത്തുംകടവിലേക്ക് താമസം മാറ്റി. അമ്മയുടെ വീട് തുണ്ടത്തുംകടവിലായിരുന്നതും അവിടെ ധാരാളം ബന്ധുക്കളുണ്ടായിരുന്നതും താമസം മാറാനുള്ള കാരണങ്ങളിലൊന്നായിരിക്കാം.
വലപ്പണിയും നിസ്സഹായതയുടെ നാളുകളും
ഏഷ്യന്‍ ഗെയിംസ് വെള്ളിമെഡല്‍ ജേതാവ് മനു ഫ്രാന്‍സിസിന്റെ പിതാവ് കുരിശിങ്കല്‍ ഫ്രാന്‍സിസ് ടോണനും മാതാവ് അന്നാമിനിയും ആ ദിവസങ്ങളെക്കുറിച്ച് പറയുമ്പോള്‍, കടലിനെ പശ്ചാത്തലമാക്കിയ ഒരു നാടോടിക്കഥ കേള്‍ക്കുന്നതുപോലെ തോന്നും.ഞെരുക്കുന്ന ജീവിതയാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍ മക്കളുടെ സ്വപ്നങ്ങളെ തളരാന്‍ അനുവദിക്കാതെ, അവരുടെ പരിശീലനത്തിനും മത്സരങ്ങള്‍ക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ആ മാതാപിതാക്കള്‍ നടത്തിയ പോരാട്ടം ചെറുതായിരുന്നില്ല.”ആദ്യകാലങ്ങളില്‍ എനിക്ക് വലപ്പണിയായിരുന്നു. വര്‍ഷത്തില്‍ നാലുമാസമാണ് ചീനവലയുടെ സീസണ്. ആ മാസങ്ങളില്‍ അങ്ങേയറ്റം അധ്വാനിച്ചാല്‍ ആ വര്‍ഷം കഷ്ടിച്ച് കഴിഞ്ഞുകൂടാമെന്ന അവസ്ഥ. മക്കള്‍ മൂന്നുപേരും വളര്‍ന്നുവരുന്നു. അപ്പോഴേക്കും മനു പായ് വഞ്ചിയോട്ടത്തോട് മനസ്സുകൊരുത്തുകഴിഞ്ഞിരുന്നു. അവന്റെ പരിശീലനത്തിനും മത്സരങ്ങള്‍ക്കും ഭാരിച്ച ചെലവായിരുന്നു.”നമ്മെക്കൊണ്ട് കൂട്ടിയാല്‍ കൂടാത്ത കാലമായിരുന്നു അത്. ഒരു സ്പോണ്‍സറെ തേടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല. പ്രധാന പ്രശ്നം ഈ മത്സരത്തെക്കുറിച്ച് അധികമാര്‍ക്കും അറിവില്ല എന്നതായിരുന്നു. അല്പമെങ്കിലും മനസ്സിലാക്കിയിരുന്നവരാകട്ടെ ഈ മത്സരത്തിന് വലിയ ഗൗരവം നല്‍കിയിരുന്നില്ല. വിദേശരാജ്യങ്ങളിലെ വരേണ്യവര്‍ഗക്കാരുടെ ആഡംബര മത്സരമെന്നായിരുന്നു പലരുടെയും ധാരണ”.”പിന്നീട് അഭിലാഷ് ടോമിയെപ്പോലുള്ള ലോകോത്തര വിജയികള്‍ ഈ കായിക ഇനത്തിന് പുതിയൊരു ജനകീയ പരിവേഷം നല്കി.” മനുവിന്റെ പിതാവിന്റെ വാക്കുകളില്‍ കയ്പേറിയ ആ കാലത്തിന്റെ നിസ്സഹായതയുണ്ട്.
തിരിച്ചടികളെ മറികടന്ന പ്രയാണം
പന്ത്രണ്ടാം വയസ്സുമുതല്‍ മത്സരങ്ങളില്‍ പങ്കെടുത്തുതുടങ്ങിയവരാണ് മനുവും പ്രിന്‍സും. പറയത്തക്ക പരിശീലനമോ മുന്പരിചയമോ ഇല്ലാതിരുന്നിട്ടും നേരിട്ട ആദ്യ മത്സരത്തില്‍ തന്നെ വിജയിക്കാനായത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. പിന്നെ തിരിഞ്ഞുനോക്കിയില്ല.ഓരോ മത്സരവും തങ്ങള്‍ക്കുവേണ്ടിയുള്ള പുതിയ പരീക്ഷണമാണെന്ന വിശ്വാസത്തോടെ അവര്‍ സ്വദേശത്തും വിദേശത്തും മത്സരിച്ചു. പല വേദികളിലും വിജയിച്ചു. പരാജയങ്ങളില്‍നിന്ന് പഠിച്ചു. വീണ്ടും വഞ്ചിയില്‍ കയറി.ഫ്രാന്‍സിലും സ്പെയിനിലും ജര്‍മനിയിലുമെല്ലാം മത്സരിക്കാന്‍ പോയി. ഒടുവില്‍ ആ യാത്ര ഏഷ്യന്‍ ഗെയിംസിന്റെ പോഡിയത്തിലെ വെള്ളിമെഡലില്‍ എത്തിനില്‍ക്കുന്നു.പുരുഷന്മാരുടെ സ്കിഫ് സെയിലിംഗ് ഇനത്തിലാണ് മനുവും പ്രിന്‍സ് നോബിളും വെള്ളി നേടിയത്. അവസാന റേസില്‍ രണ്ടാം സ്ഥാനത്തെത്തിയതോടെ നാലാം സ്ഥാനത്തുനിന്ന് അവര്‍ പോഡിയത്തിലേക്ക് കുതിച്ചുകയറുകയായിരുന്നു. ആ വെള്ളി ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് സെയിലിംഗിലെ ശ്രദ്ധേയമായ നേട്ടമായി.വേദിയിലെ വെള്ളിക്ക് പിന്നിലെ വിയര്പ്പുമണംഎന്നാല് ആ വെള്ളിമെഡലിന്റെ തിളക്കം ഗെയിംസിലെ വേദിയില്‍ മാത്രം കാണാനാവില്ല. അതിനുപിന്നില്‍ വലപ്പണിയുടെ മണമുണ്ട്. ചീനവലയുടെ കയറുകളില്‍ പിടിച്ച് തഴമ്പിച്ച കൈകളുണ്ട്. കടം വാങ്ങിയ പണത്തിന്റെ ഭാരമുണ്ട്. പണയംവച്ച സ്വര്‍ണാഭരണങ്ങളുണ്ട്. മക്കളുടെ പരിശീലനച്ചെലവിനായി വാതിലുകള്‍തോറും കയറിയിറങ്ങിയ മാതാപിതാക്കളുടെ കാലടിപ്പാടുകളുണ്ട്.”വറുതിയില്‍ മുങ്ങി ജീവിച്ചിരുന്ന ആ നാളുകളില്‍ ഇവരുടെ മത്സരച്ചെലവിനാവശ്യമായ പണത്തിനായി ഞങ്ങള്‍ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്.”ഒന്നാമതായി വഞ്ചി. അത് ക്ലബ്ബിന്റെ ഭാഗത്തുനിന്ന് ലഭിക്കും. എന്നാല്‍ അതിന് ഒരു പോറല്‍പോലും ഏല്‍പ്പിക്കാതെ മത്സരസ്ഥലത്ത് എത്തിക്കേണ്ടതും മത്സരത്തിന്റെ രജിസ്ട്രേഷന് ഫീസ് അടയ്ക്കേണ്ടതും മത്സരാര്‍ഥികളാണ്. കണ്ടെയ്നറുകളില്‍ ബുക്ക് ചെയ്താണ് കേരളമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വഞ്ചി എത്തിക്കുന്നത്. അതിന് ഭാരിച്ച തുക വേണം. വലപ്പണി കൊണ്ട് ഒന്നിനും തികയില്ലെന്ന തിരിച്ചറിവുണ്ടായപ്പോള്‍ മറ്റു ജോലികളും ചെയ്യേണ്ടിവന്നു. ഇതിനിടയില്‍ ഉദരസംബന്ധമായ അസൂഖവും പിടിപെട്ടു. വന്‍കുടലിന്റെ ഒരു ഭാഗം മുറിച്ചു നീക്കേണ്ടി വന്നതിനെ തുടര്‍ന്ന് നാല് മാസത്തോളം വീടിനുള്ളില്‍ തന്നെ കിടപ്പിലായി. അവിടെ നിന്ന് എഴുന്നേറ്റപ്പോള്‍ എന്തു ചെയ്യുമെന്നോര്‍ത്ത് വിഷമിച്ചിരിക്കുമ്പോഴാണ് നേരത്തെ ചീനവലയ്ക്കാവശ്യമായ കുറ്റികളും ബ്രാസും വെട്ടിയെടുക്കുന്നത് ഓര്‍ത്തത്. അതോടെ മരം വെട്ടുന്ന ജോലിയോട് ഇഷ്ടം തോന്നി. എന്നും ജോലിയുണ്ടാകും എന്നതാണ് അതിന്റെ കാരണം. കഴിഞ്ഞ പതിനാറ് വര്‍ഷമായി ഈ തൊഴിലാണ് ചെയ്തുവരുന്നത്. മനു ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയതിനുശേഷവും ഇന്നുവരെ പണിക്ക് പോകുന്നതില്‍ മുടക്കൊന്നും വരുത്തിയിട്ടില്ല.”ഒരു പിതാവിന്റെ ശബ്ദത്തില്‍ അഭിമാനത്തേക്കാള്‍ വലിയൊരു സത്യമുണ്ട്. മകന് മെഡല്‍ കഴുത്തിലണിഞ്ഞാലും ജീവിതം അവസാനിക്കുന്നില്ല. അടുത്ത ദിവസം വീണ്ടും പണിക്കുപോകണം.
ഒരു രേഖയ്ക്കായി 40 നാളുകള്‍
മനുവിന്റെ പിതാവ് ഫ്രാന്‍സിസ് ടോണന്റെ ജീവിതത്തില്‍ മറ്റൊരു അധ്യായവുമുണ്ട്. ഭോപ്പാലില്‍നിന്ന് പത്താം ക്ലാസ് പാസായ മനുവിന്റെ എസ്.എസ്.എല്‍.സി. ബുക്കിലെ അപാകതകള്‍ പരിഹരിക്കാന്‍ ഓഫീസുകള്‍തോറും കയറിയിറങ്ങേണ്ടിവന്നു. മനുവിന് ആര്‍മിയില്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ രേഖകളിലെ പ്രശ്നം അതിന് തടസ്സമായി.”മാര്‍ക്ക് ലിസ്റ്റിലെ അപാകതകള്‍ നീക്കി കിട്ടണം. അവിടെ ഓഫീസായ ഓഫീസുകളെല്ലാം കയറിയിറങ്ങി മോന് ക്ഷീണിച്ചു. അങ്ങനെ ഞാന്‍ ഭോപ്പാലിലെത്തി. നീണ്ട നാല്‍പ്പത് ദിവസം അവിടെ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചാണ് മാര്‍ക്ക് ലിസ്റ്റ് ശരിയാക്കിയെടുത്തത്. അപ്പോഴേക്കും ജോലിയില്‍ പ്രവേശിക്കാനുള്ള ആദ്യ അവസരം നഷ്ടപ്പെട്ടിരുന്നു. 45 ദിവസമാണ് ആര്‍മി അധികൃതര്‍ അനുവദിച്ചിരുന്നത്. അതുകൊണ്ട് പിറ്റേവര്‍ഷമാണ് ജോലിയില്‍ പ്രവേശിക്കാനായത്.”ഒരു മകന്റെ രേഖകള്‍ ശരിയാക്കാന്‍ നാല്പത് ദിവസം അന്യനാട്ടില്‍ താമസിച്ച പിതാവ്. അതേ മകന്റെ സ്വപ്നത്തിന് പായ് വഞ്ചിയുടെ കാറ്റുപിടിപ്പിക്കാന്‍ പതിനാറു വര്‍ഷം അധ്വാനിച്ച പിതാവ്. അങ്ങനെയാണ് ചില മെഡല്‍ ചരിത്രങ്ങള്‍ പിറക്കുന്നത്.
പെരുവെള്ളത്തില് ജീവന് നല്കിയ പിതാവ്
പ്രിന്‍സിന്റെ കഥയ്ക്കും അതേ കടല്മണമുണ്ട്. മനുവിന്റെ അമ്മ അന്നാമിനിയുടെ സഹോദരി ബിന്ദുവിന്റെ മകനാണ് പ്രിന്‍സ്. മുനമ്പം കുരിശിങ്കല്‍ നോബിളായിരുന്നു പ്രിന്‍സിന്റെ പിതാവ്. വിദഗ്ധനായ മത്സ്യത്തൊഴിലാളിയായിരുന്ന നോബിളിന് കടല്‍ കൈവെള്ളയിലെ രേഖകള്‍പോലെ പരിചിതമായിരുന്നു. കടലിന്റെ ഭാവഭേദങ്ങള്‍ വായിച്ചറിയാനുള്ള ആ കഴിവിന്റെ ആത്മവിശ്വാസത്തിലാണ് 2018-ലെ പ്രളയകാലത്ത് അദ്ദേഹം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. പെരുവെള്ളത്തില് മുങ്ങിയ നിരവധി നാടുകളിലേക്ക് വഞ്ചിയുമായി അദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ കടന്നുചെന്നു. അനേകരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അഭിനന്ദനങ്ങള്‍ ലഭിച്ചു. പക്ഷേ കുറച്ച് ദിവസങ്ങള്‍ക്കുശേഷം പനി തുടങ്ങി. മരുന്ന് കഴിക്കുമ്പോള്‍ താല്‍ക്കാലികമായി പനി വിട്ടുമാറും. പിന്നെയും വരും. അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോഴാണ് മഞ്ഞപ്പിത്തമാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു. നോബിള്‍ മരിച്ചു; മകന് പ്രിന്‍സ് കടലിന്റെ മറുകരയില്‍, മറ്റൊരു രാജ്യത്ത് ഒരു മത്സരത്തിലായിരുന്നു അപ്പോള്‍.പിതാവിന്റെ അവസാന നിമിഷങ്ങളില്‍ കൂടെയുണ്ടാകാന്‍ കഴിഞ്ഞില്ലെന്ന വേദന പ്രിന്‍സിന്റെ ജീവിതത്തില്‍ ഇന്നും വേദനിപ്പിക്കുന്ന ഒരു നിഴലായി നിലനില്ക്കുന്നു. എന്നാല്‍ മകന്റെ കായികസ്വപ്നങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്ന പിതാവിന്റെ വാക്കുകളും വിശ്വാസവും ആ യാത്രയില്‍ അവന് കരുത്തായി.മനുവിനെയും പ്രിന്‍സിനെയും ചെറായി യാട്ടിംഗ് ക്ലബ്ബില്‍ ചേര്‍ക്കാന്‍ ആദ്യം കൊണ്ടുപോയ ദിവസവും ടോണന് ഓര്‍ക്കുന്നു.”അവിടത്തെ സാഹചര്യങ്ങളും കടലിന്റെ അലര്‍ച്ചയും കണ്ട് ഞാന്‍ പേടിച്ചു. പിള്ളേരെ ഇതിലേക്കൊന്നും വിടേണ്ടെന്ന് വിചാരിച്ച് തിരികെപ്പോരാന്‍ തീരുമാനിച്ചു. അപ്പോള്‍ നോബിള്‍ പറഞ്ഞു’ചേട്ടന് പേടിക്കേണ്ട. പിള്ളേരുടെ ആഗ്രഹമല്ലേ വലുത്. നമുക്ക് ഇതങ്ങോട്ട് സമ്മതിക്കാം.”’ആ വാക്കുകള്‍ തള്ളിക്കളയാന്‍ തോന്നിയില്ല. അയ്യായിരം രൂപ നല്കി അവരെ അവിടെ ചേര്‍ത്തു. ഇപ്പോഴാണ് ആ വാക്കുകളിലെ ആത്മവിശ്വാസത്തിന്റെ വലുപ്പം തിരിച്ചറിയുന്നത്.”കാലം ചില വാക്കുകള്‍ക്ക് പിന്നീട് മാത്രമാണ് അര്‍ഥം നല്‍കുന്നത്. അന്ന് അഞ്ചുരൂപ പോലും കണക്കുകൂട്ടേണ്ടിവന്ന ഒരു കുടുംബത്തിന് അയ്യായിരം രൂപ വലിയ തുകയായിരുന്നു. ഇന്ന് അതേ കുടുംബത്തിലെ മകന് ഏഷ്യന്‍ ഗെയിംസിന്റെ പോഡിയത്തില്‍ നില്ക്കുന്നു. കൂടെ നിന്നത് സ്വന്തം ബന്ധുവും ബാല്യകാലസുഹൃത്തുമായ പ്രിന്‍സ്.
ഒളിമ്പിക്സ് എന്ന അടുത്ത തീരം
എന്നാല്‍ വിജയത്തിന്റെ മറുവശത്ത് കടത്തിന്റെ കണക്കുമുണ്ട്. ഫ്രാന്‍സിലും സ്പെയിനിലും ജര്‍മനിയിലുമെല്ലാം മത്സരിക്കാന്‍ പോയപ്പോള്‍ മനു പലപ്പോഴും വീട്ടിലെ സ്വര്‍ണം പണയംവച്ചാണ് പണം കണ്ടെത്തിയത്. ആ സ്വര്‍ണത്തില്‍ ചിലത് ഇന്നും തിരിച്ചെടുക്കാനായിട്ടില്ല.അതുകൊണ്ടുതന്നെ ഈ വെള്ളിമെഡലിന് ഒരു പ്രത്യേക തൂക്കമുണ്ട്. അത് കഴുത്തില്‍ തൂങ്ങുന്ന ലോഹത്തിന്റെ തൂക്കമല്ല.ഒരു കുടുംബം വര്‍ഷങ്ങളോളം ചുമന്ന ജീവിതഭാരത്തിന്റെ തൂക്കമാണ്. കടലിന്റെ തിരകള്‍ ഒരിക്കലും ഒരേപോലെയല്ല. ഒരു തിര ഉയരും. അടുത്ത നിമിഷം താഴും. വീണ്ടും മറ്റൊരു തിര വരും. പായ് വഞ്ചിയോട്ടക്കാരന്റെ ജോലി ആ തിരകളോട് പിണങ്ങുകയല്ല; അവയുടെ സ്വഭാവം മനസ്സിലാക്കി കാറ്റിനെ കൂട്ടുപിടിച്ച് മുന്നോട്ടുപോകുകയാണ്. മനുവും പ്രിന്‍സും ജീവിതത്തിലും അതുതന്നെയാണ് ചെയ്തത്. വറുതിയുടെ തിരകള്‍ വന്നപ്പോള്‍ തകര്‍ന്നില്ല. പണമില്ലായ്മയുടെ കാറ്റുവീശിയപ്പോള്‍ പായ് മടക്കിയില്ല. പരാജയങ്ങള്‍ വന്നപ്പോള്‍ വഞ്ചി കരയ്ക്കടുപ്പിച്ചില്ല. ഓരോ തവണയും അവര്‍ വീണ്ടും കടലിലേക്ക് ഇറങ്ങി. അവസാനം ഏഷ്യന്‍ ഗെയിംസിന്റെ വെള്ളിമെഡലുമായി കരയിലെത്തി.ഇനി അവരുടെ സ്വപ്നം മറ്റൊരു കരയിലേക്കാണ്. ലോക മാനവികതയോളം പഴക്കമുള്ള ഒളിമ്പിക് വേദിയിലേക്കുള്ള യാത്രയുടെ വാതില്‍ തുറക്കണമെന്ന പ്രതീക്ഷയിലാണ് ഈ രണ്ടു യുവാക്കളുടെ നാട്ടുകാര്‍. ആ സ്വപ്നം എത്ര ദൂരെയാണെന്ന് സമയം പറയട്ടെ. പക്ഷേ ഇത്രയും ദൂരം താണ്ടിയ രണ്ടു പേരുടെ കഥയില്‍ പ്രതീക്ഷയ്ക്കുള്ള ഇടം ഏറെയാണ്.മനുവിന്റെ ഭാര്യ ഹെയ്നയും മൂന്നര വയസ്സുകാരി മകള്‍ റെയ്ച്ചലും ആ വിജയത്തിന്റെ സന്തോഷം പങ്കിടുന്നു. പ്രിന്‍സിന്റെ ഭാര്യ ഷിയോണയും അതേ അഭിമാനത്തിലാണ്.കടലില്‍നിന്ന് വന്ന രണ്ടു ചെറുപ്പക്കാര്‍. കാറ്റിനോട് സംസാരിക്കാന്‍ പഠിച്ചവര്‍. തിരകളെ ഭയപ്പെടാതെ അതിനുമുകളില്‍ വഞ്ചി ഓടിച്ചവര്‍. അവരുടെ കഴുത്തിലെ വെള്ളിമെഡല്‍ ഇന്ന് ഒരു രാജ്യത്തിന്റെ അഭിമാനമാണ്. പക്ഷേ ആ വെള്ളിയുടെ യഥാര്‍ഥ തിളക്കം കാണണമെങ്കില്‍ ഏഷ്യന്‍ ഗെയിംസിന്റെ പോഡിയത്തില്‍നിന്ന് കുറച്ചുദൂരം പിന്നിലേക്ക് നടക്കണം. ചെറായി കടപ്പുറത്തേക്കും, തുണ്ടത്തുംകടവിലെ പുഴയോരത്തേക്കും, ചീനവലയുടെ കയറുകളിലേക്കും, വലപ്പണിക്കാരന്റെ തഴമ്പിച്ച കൈകളിലേക്കും, മക്കളുടെ സ്വപ്നത്തിനായി വാതിലുകള്‍തോറും കയറിയിറങ്ങിയ പിതാക്കന്മാരുടെ ഓര്‍മകളിലേക്കും.അവിടെയാണ് ആ വെള്ളിമെഡലിന്റെ യഥാര്‍ഥ കഥ തുടങ്ങുന്നത്. അവിടെയാണ് മനുവിന്റെയും പ്രിന്‍സിന്റെയും വഞ്ചി ആദ്യമായി വെള്ളത്തിലിറങ്ങിയത്. അവിടെനിന്നാണ് അവര്‍ ഏഷ്യയുടെ പോഡിയത്തിലേക്ക് പായിച്ചെത്തിയത്.തിരകള്‍ അവസാനിച്ചിട്ടില്ല. കാറ്റും നിലച്ചിട്ടില്ല. അവരുടെ വഞ്ചിയുടെ യാത്രയും തീര്‍ന്നിട്ടില്ല.

