ഇഗ്നേഷ്യസ് തോമസ്
വിശ്വാസ ജീവിതത്തെക്കുറിച്ചുള്ള എന്റെ ചിന്തയില്‍ ഉയര്‍ന്നു വന്ന ചോദ്യങ്ങള്‍ ഇവയായിരുന്നു. എന്താണ് വിശ്വാസം? ആരെയാണ് ഞാന്‍ വിശ്വസിക്കുന്നത്? എന്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്? എന്തുകൊണ്ടു ഞാന്‍ വിശ്വസിക്കണം? എന്റെ മാതാപിതാക്കള്‍ പകര്‍ന്നു തന്ന വിശ്വാസത്തെപ്പറ്റി എനിക്ക് വാചാലമായി വിവരിക്കാനാവും. വിശ്വാസ വളര്‍ച്ചയില്‍ അവര്‍ വഴികാട്ടികളായിരുന്നു. പ്രാര്‍ഥനകള്‍ ചൊല്ലാനും പള്ളിയില്‍ പോകാനും കൂദാശകള്‍ കൈക്കൊള്ളാനും അനുഷ്ഠാനങ്ങള്‍ പിന്തുടരാനും മാതാപിതാക്കളും അധ്യാപകരും പുരോഹിതരും പ്രചോദനം നല്കി. അവര്‍ മാതൃക കാട്ടി. ചെറുപ്പത്തില്‍ പ്രാര്‍ഥനകളും അനുഷ്ഠാനങ്ങളും ചിലപ്പോള്‍ താല്പര്യത്തോടെയും അല്ലാതെയും ചിലപ്പോള്‍ അവയുടെ ആന്തരാര്‍ത്ഥം ഗ്രഹിച്ചും ഗ്രഹിക്കാതെയും വിശ്വാസസത്യങ്ങള്‍ മനസ്സില്‍ വേരൂന്നി. ബാല്യത്തില്‍ നിന്ന് യുവത്വത്തിലേക്ക് കടന്നതിനിടയില്‍ പുതിയ ആശയങ്ങളുടെയും ചിന്തകളുടെയും കടന്നുവരവ് മനസ്സില്‍ ആശയ സംഘട്ടനങ്ങള്‍ക്ക് രൂപം നല്കി. വിശ്വാസം പ്രതിസന്ധി നേരിട്ട ഘട്ടങ്ങളുണ്ടായി. ആശയ വ്യക്തതക്കുവേണ്ടി കൂടുതല്‍ വായിച്ചും വിജ്ഞരായ പുരോഹിതരുടെ അടുക്കല്‍ സംശയ നിവൃത്തിവരുത്തിയും ധ്യാനാത്മകമായ അന്വേഷണവും തീര്ഥയാത്രകളും നടത്തിയും മുന്നോട്ട് പോയി. ഇന്നും തുടരുന്ന അന്വേഷണങ്ങളും കണ്ടെത്തലുകളും പ്രതിസന്ധികളും മനഃസംഘര്‍ഷങ്ങളും എല്ലാം ചേര്‍ന്നതാണ് എന്റെ വിശ്വാസ ജീവിതം.
വിശ്വാസത്തെപ്പറ്റി നിര്‍വചിക്കാന്‍ നമ്മോടാവശ്യപ്പെടുമ്പോള്‍ നാം പൊതുവായി ഉത്തരം നല്കാന് ഉപയോഗിക്കുന്ന വചന ഭാഗമാണല്ലോ ‘വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്’ (ഹെബ്രാ:11:1). ഞാന്‍ കാണുന്നതും അനുഭവിക്കുന്നതും അറിയുന്നതുമായ കാര്യങ്ങള്‍ മാത്രമല്ല എന്റെ വിശ്വാസം. മറിച്ച് ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ദൈവത്തില്‍ വിശ്വസിക്കുകയും ആ ദൈവത്തെ അറിയുകയും ആ ദൈവത്തെ സ്നേഹിക്കുകയും ആ സ്നേഹത്തിന് എന്റെ ജീവിതം കൊണ്ടു മറുപടി നല്‍കുകയും ചെയ്യുന്നതാണ് വിശ്വാസം. (യുവജന മതബോധന ഗ്രന്ഥം യുകാറ്റ്) സഭയുടെ ഔദ്യോഗിക മതബോധന ഗ്രന്ഥമായ കാറ്റിക്കിസം ഓഫ് ദി കാതലിക് ചര്‍ച്ചില്‍ സഭയുടെ വിശ്വാസ ജീവിതത്തിന്റെ നാല്നെടും തൂണുകളായി എടുത്തു പറയുന്നവ ഇവയാണ്:
(1) വിശ്വാസ പ്രമാണം (2) കൂദാശകള്‍ (3) ധാര്‍മ്മിക ജീവിതം (4) പ്രാര്‍ഥന. ഈനാലു ഘടകങ്ങളും ചേര്‍ന്ന് ദൈവത്തെ അറിയാനും സ്നേഹിക്കാനും ദൈവാരാധനയിലൂടെയും ശുശ്രൂഷാപ്രവര്ത്തനങ്ങളിലൂടെയും ദൈവസ്നേഹത്തിന് നമ്മുടെ ജീവിതംകൊണ്ട് മറുപടി നല്‍കാനും നമ്മെ സഹായിക്കുമെന്ന് സഭ പഠിപ്പിക്കുന്നു.
വിശുദ്ധ അഗസ്റ്റിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാകുന്നു ‘credo tu intelligam’ ‘ഞാന്‍ മനസ്സിലാക്കുന്നതിനായി വിശ്വസിക്കുന്നു.’ വിശ്വാസവും ബുദ്ധിയും വിരുദ്ധ ചേരികളിലല്ല നിലകൊള്ളുന്നത്. വിശ്വാസം മനുഷ്യനെ ചിന്തയില്‍ നിന്ന് അകറ്റുന്നില്ല. മറിച്ച് കൂടുതല്‍ ആഴത്തില്‍ ചിന്തിക്കാന്‍ വിശ്വാസം നമ്മെ സഹായിക്കുന്നു. കാന്റെര്‍ബറിയിലെ വിശുദ്ധ ആന്‍സെലത്തിന്റെ വാക്കുകളും ഈ ചിന്തയോട് ചേര്‍ന്നു നില്ക്കുന്നു. Fidse quaerens intellecutum (വിശ്വാസം അറിവിനെ അന്വേഷിക്കുന്നു).
ബുദ്ധി മനുഷ്യ ജീവിതത്തിന്റെ എല്ലാതലങ്ങളെയും നിയന്ത്രിക്കുന്ന ഈ കാലയളവില്‍ മനുഷ്യാസ്തിത്വം നിലനില്ക്കുന്നതിന്റെ പൊരുള്‍ തത്വശാസ്ത്രങ്ങള്‍ക്കോ ശാസ്ത്രസംഹിതകള്ക്കോ ഇന്നേവരെ കണ്ടെത്താനായിട്ടില്ല. മനുഷ്യന് യഥാര്‍ത്ഥത്തില്‍ അന്വേഷിക്കേണ്ടതും കണ്ടെത്തേണ്ടതും പ്രപഞ്ചസൃഷ്ടാവായ ദൈവത്തെയാണെന്നുള്ള വലിയ തിരിച്ചറിവിലേക്കാണ് ഇന്ന് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്. ജീവിതമെന്നത് ദൈവത്തെ തേടിയുള്ള നമ്മുടെ അന്വേഷണവും മനുഷ്യനെതേടിയെത്തുന്ന ദൈവത്തിന്റെ കടന്നുവരവുമാണ്. ‘ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവിനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ് (യോഹ:10:10). അതായത് സമൃദ്ധമായ ജീവിതമാണ് കത്തോലിക്കാ വിശ്വാസ ജീവിതത്തിന്റെ പൊരുള്‍. ദൈവവുമായുള്ള മനുഷ്യന്റെ ജീവസുറ്റ ബന്ധത്തിലൂടെ സഹജീവികള്‍ക്ക് ജീവന്റെ സമൃദ്ധി പങ്കുവയ്ക്കുന്ന മധുരമനോജ്ഞ ജീവിതം, നയിക്കാന്‍ വിളിക്കപ്പെട്ടവരാണ് നാം ഓരോരുത്തരും.
(2) ദൈവശാസ്ത്രപരമായ അടിത്തറ: വിശ്വാസ ജീവിതത്തിന്റെ ദൈവശാസ്ത്രപരമായ അടിത്തറ പരിശോധിക്കുമ്പോള്‍ ഉയരുന്ന അടിസ്ഥാന ചോദ്യമിതാണ്. ദൈവം ആരാണ്? മനുഷ്യനുമായി ദൈവത്തിനുള്ള ബന്ധം എന്താണ്? വചനം നമ്മെ പഠിപ്പിക്കുന്നത് ‘ദൈവം സ്നേഹമാണെന്നാണ്’ (1 യോഹ:4:8). സ്നേഹമായ ‘ദൈവത്തില്‍ വസിക്കുന്നവന് ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു’ (1 യോഹ:4:16). ഈ സ്നേഹമാണ് ദൈവ മനുഷ്യബന്ധത്തിന്റെ ആധാരം. ദൈവവുമായുള്ള സ്നേഹത്തിന്റെ വര്‍ദ്ധനവിലാണ് വിശ്വാസത്തിന്റെ പാലം പണിയപ്പെടുക. ‘ Gloria Devi vCns homo’ മനുഷ്യന് തന്റെ പൂര്‍ണ്ണതയില്‍ ജീവിക്കുന്നതാണ് ദൈവത്തിന്റെ മഹത്വം’ എന്നത്രെ സഭാപിതാവായ വിശുദ്ധ ഇരണേയൂസ് പഠിപ്പിക്കുന്നത്. പൂര്‍ണ്ണത മനുഷ്യന് നേടുന്നത് ദൈവ വിശ്വാസത്തില്‍ ആഴപ്പെടുമ്പോഴാണ്. കര്‍ത്താവ് പ്രബലനും ശക്തനുമാണ് (സങ്കീ: 24:8). അതേ സമയം തന്നെ സ്നേഹമയനും കാരുണ്യവാനുമാണ്. ദൈവസ്നേഹം കരകവിഞ്ഞൊഴുകിയപ്പോഴാണ് സൃഷ്ടികര്‍മ്മം നടന്നത്. ഈ സൃഷ്ടിയുടെ മകുടമാണ് മനുഷ്യന്. മനുഷ്യനെ നശിപ്പിക്കാനല്ല ‘ജീവന് നല്‍കാനും അത് സമൃദ്ധമായി നല്കാനുമത്രെ’ (യോഹ:10:10) ദൈവം ആഗ്രഹിക്കുന്നത്. സ്നേഹത്തിന്റെ സമൃദ്ധി ദൈവം കാലാകാലങ്ങളില്‍ തന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും വെളിപ്പെടുത്തുകയുണ്ടായി. (ഞല്ലഹമശേീി) പൂര്‍വ്വകാലങ്ങളില്‍ പ്രവാചകന്മാര് വഴി പലപ്പോഴും പലവിധത്തിലും ദൈവം നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചിട്ടുണ്ട്.
വേദപുസ്തകം ഈ ദൈവീക വെളിപാടുകളുടെ സംഗ്രഹമാണ്. ദൈവീക വെളിപാടുകളോടുള്ള മനുഷ്യന്റെ ഭാവാത്മകമായ മറുപടിയാണ് വിശ്വാസം. ഈ വിശ്വാസമാണ് നമ്മുടെ അസ്തിത്വത്തിന്റെ ആധാരം.
(3) ത്രിതൈ്വക ദൈവത്തിലുള്ള വിശ്വാസം: കത്തോലിക്കാ വിശ്വാസ ജീവിതത്തിന്റെ അടിസ്ഥാനം ഏകദൈവ വിശ്വാസമാണല്ലോ? ദൈവത്വത്തിലെ മൂന്ന് ആളുകള്‍ പിതാവും പുത്രനും പരിശുദ്ധാത്മാവും സത്തയില്‍ ഒന്നായിരിക്കുന്നു. ക്രൈസ്തവ വിശ്വാസ ജീവിതത്തിന് തുടക്കം കുറിക്കുന്ന ജ്ഞാനസ്നാന സ്വീകരണ വേളയില്‍ നാം ത്രിത്വത്തിന്റെ നാമത്തിലാണ് ഈ കൂദാശ സ്വീകരിക്കുന്നത്. സാര്‍വത്രിക സഭയുടെ മതബോധന ഗ്രന്ഥത്തില്‍ പരിശുദ്ധ ത്രീത്വത്തെ ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമായി വിശേഷിപ്പിക്കുന്നു. ‘പരിശുദ്ധ ത്രീത്വത്തിന്റെ രഹസ്യം ക്രൈസ്തവ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും കേന്ദ്ര രഹസ്യമാണ്. നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തില്‍ അവര്‍ക്ക് ജ്ഞാനസ്നാനം നല്കുവിന് (മത്താ:28:19) എന്ന് തന്റെ സ്വര്‍ഗ്ഗാരോഹണവേളയില്‍ ഗലീലിയിലെ മലയില്‍ വച്ച്, യേശു ശിഷ്യന്മാരെ പ്രേഷിത ദൗത്യം ഏല്പിക്കുന്ന വേളയില്‍ ത്രീത്വത്തെ പ്രഘോഷിച്ചുകൊണ്ട് ലോകത്തില്‍ വ്യാപരിക്കുവാനാണ് യേശു ശിഷ്യന്മാരോട് ആവശ്യപ്പെട്ടത്. ഒരു ക്രൈസ്തവന് അനുദിന ജീവിതത്തിന്റെ ആരംഭം മുതല്‍ ദിനാന്ത്യംവരെ ഈ ത്രീത്വ സ്തുതി ചൊല്ലി ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നു. പലപ്പോഴും ത്രീത്വത്തിന്റെ രഹസ്യം പൂര്‍ണമായി ഗ്രഹിച്ചുകൊണ്ടല്ല നാം മുന്നോട്ടുപോകുന്നത്. കടല്‍ത്തീരത്ത് ഒരു ചെറിയ കുട്ടി കടലില്‍ നിന്ന് ചെറുചിപ്പിയില് വെള്ളം കോരി ചെറുകുഴിയില് ഒഴിക്കുന്നതു കണ്ടപ്പോള്‍ കൗതുകം പൂണ്ട്, വിശുദ്ധ അഗസ്റ്റിന് ‘നീ എന്തു ചെയ്യുന്നുവെന്ന്’ കുട്ടിയോട് ചോദിച്ച ചോദ്യവും അതിന് കുട്ടി, ‘ഞാന്‍ ഈ ചിപ്പികൊണ്ട് വെള്ളം കോരി കടല്‍ വറ്റിച്ചുകൊണ്ടിരിക്കുന്നു’ എന്ന മറുപടിയും ഏറെ ചിന്തിക്കാനും പരിശുദ്ധ ത്രീത്വത്തെക്കുറിച്ചുള്ള തന്റെ ചിന്താശക്തിയുടെ പരിമിതി ഗ്രഹിക്കുവാനും വിശുദ്ധനെ സഹായിച്ചു. ഈ സംഭവത്തിന്റെ സാരാംശം ഇത്രയെ ഉള്ളൂ. ത്രീത്വത്തിന്റെ അനന്തമായ രഹസ്യം ഉള്‍ക്കൊള്ളാന്‍ മനുഷ്യ ബുദ്ധിക്കാവില്ല. ദൈവത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും നമുക്കാവില്ല. എന്നാല്‍ ദൈവത്തെ സ്നേഹിക്കാനും ആ ദൈവത്തോടൊത്ത് ജീവിക്കാനും നമുക്ക് കഴിയും.
(4) ക്രിസ്തു കേന്ദ്രീകൃത വിശ്വാസം : 2026 മാര്‍ച്ച് 28 ന് മൊണാക്കോയിലെ വിശ്വാസ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് ലെയോ പതിനാലാമന്‍ പാപ്പ ഇപ്രകാരം പറയുകയുണ്ടായി. ‘ക്രിസ്തുവാണ് നമ്മുടെ വിശ്വാസത്തിന്റെ ജീവിക്കുന്ന കേന്ദ്രവും ഹൃദയവും’ കത്തോലിക്കാ വിശ്വാസ ജീവിതത്തിന്റെ പ്രധാന സത്യമാണിത്. ക്രിസ്തുവില്ലാത്ത ക്രൈസ്തവ വിശ്വാസം വെറും നൈതിക നിയമ സംഹിതയായി തീരും. കത്തോലിക്കാ വിശ്വാസമെന്നത് കേവലമൊരാശയമല്ല. അത് യേശുവിലുള്ള ജീവിതം തന്നെയത്രെ. ‘ഞാനാണ് വഴിയും സത്യവും ജീവനും’ (യോഹ:14:6). യേശുവാകുന്ന സത്യത്തെ തിരിച്ചറിഞ്ഞ് അവിടുത്തെ വഴിയിലൂടെ സഞ്ചരിച്ച് നിത്യ ജീവന് അര്‍ഹരാകുക. ഇതാണ് യേശു നമ്മില്‍ നിന്നാഗ്രഹിക്കുന്നത്. യേശു അല്ലാതെ മറ്റൊരു രക്ഷ നമുക്കില്ലെന്ന തിരിച്ചറിവ് നമ്മിലുണ്ടാകണം. ‘കര്‍ത്താവേ ഞങ്ങള്‍ ആരുടെ അടുത്തേക്ക് പോകും? നിത്യ ജീവന്റെ വചസുകള്‍ നിന്റെ പക്കലുണ്ട്’ (യോഹ:6:68). നിത്യജീവന് പ്രദാനം ചെയ്യുന്ന; ക്രിസ്തു കേന്ദ്രീകൃത ജീവിതം നയിക്കേണ്ടവരാണ് നാമോരുത്തരും.
(തുടരും)

