മാര്ട്ടിന് ജോസ്
രോഗം വരുമ്പോള്‍ ആദ്യം തളരുന്നത് ശരീരമല്ല; പലപ്പോഴും ഒരു കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വമാണ് .ആശുപത്രിയുടെ വെള്ളച്ചുവരുകള്ക്കുള്ളില് കിടക്കുന്ന രോഗിയെക്കാള്‍ വലിയൊരു ഭയം പുറത്തു കാത്തുനില്ക്കുന്ന ബന്ധുക്കളുടെ കണ്ണുകളിലുണ്ടാകും’ചികിത്സാ ചെലവ് എത്രയാകും?” ഒരു വശത്ത് സര്‍ക്കാര്‍ ആശുപത്രിയുടെ നീണ്ട ഇടനാഴികള്‍. കുറഞ്ഞ ചെലവില്‍ ചികിത്സ കിട്ടുമെന്ന പ്രതീക്ഷയോടെ എത്തുന്ന സാധാരണക്കാരുടെ തിരക്ക്. മറുവശത്ത് അത്യാധുനിക സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രികളുടെ തിളങ്ങുന്ന വാതിലുകള്‍. അവിടെ ചികിത്സയുടെ വേഗത്തിനും സൗകര്യത്തിനുമൊപ്പം ബില്ലിന്റെ വലുപ്പവും വളരുന്നു. ഈ രണ്ടു വാതിലുകള്ക്കിടയിലാണ് കേരളത്തിലെ വലിയൊരു വിഭാഗംഇടത്തരക്കാരന് നില്‍ക്കുന്നത്. അവന് സര്‍ക്കാര്‍ ആശുപത്രിയെ പൂര്‍ണമായി ആശ്രയിക്കാന്‍ കഴിയാത്ത ചില ആശങ്കകളുണ്ട്. സ്വകാര്യ ആശുപത്രിയെ ആശ്രയിക്കാന്‍ കഴിയാത്തത്ര സാമ്പത്തിക പരിമിതികളുമുണ്ട്. രോഗം ഗുരുതരമാകുമ്പോള്‍ ”കുറച്ചു സമയം കൂടി നോക്കാം” എന്നു പറയാനാകില്ല; ആശുപത്രിയുടെ വാതില്‍ കടക്കേണ്ടിവരും. എന്നാല്‍ ആ വാതില്‍ കടക്കുമ്പോള്‍ ചികിത്സയ്ക്കൊപ്പം മറ്റൊരു കണക്ക് കൂടി തുടങ്ങുന്നു…കേരളം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് അഭിമാനത്തോടെ പറയുമ്പോഴും, ആ നേട്ടങ്ങളുടെ നിഴലില്‍ മറ്റൊരു ചോദ്യം വളരുന്നുണ്ട്: ആരോഗ്യസംരക്ഷണം ഒരു അവകാശമാണോ, അതോ വരുമാനത്തിനനുസരിച്ച് വാങ്ങേണ്ട ഒരു സേവനമോ?
സര്‍ക്കാര്‍ ആശുപത്രികള്‍ മെച്ചപ്പെടുന്നു. സ്വകാര്യ ആശുപത്രികള്‍ കൂടുതല്‍ സാങ്കേതികമായി മുന്നേറുന്നു.
ഇന്‍ഷുറന്‍സ് പദ്ധതികള്‍ വ്യാപിക്കുന്നു. എന്നിട്ടും ഒരു കുടുംബത്തിന് അപ്രതീക്ഷിതമായി ഗുരുതരമായ രോഗം വാതില്‍തട്ടുമ്പോള്‍, ചികിത്സയുടെ ചെലവ് ഇന്നും അതിന്റെ ജീവിതത്തിന്റെ താളം തെറ്റിക്കാവുന്നത്ര വലുതാണ്. രോഗം എല്ലാവരെയും ഒരുപോലെ ബാധിച്ചേക്കാം. പക്ഷേ ചികിത്സയുടെ വില എല്ലാവര്ക്കും ഒരുപോലെയല്ല. അവിടെയാണ് കേരളത്തിന്റെ ആരോഗ്യസംവിധാനത്തിലെ ഏറ്റവും നിശ്ശബ്ദമായ ചോദ്യങ്ങളിലൊന്ന് ഉയരുന്നത് – പാവപ്പെട്ടവനും പണമുള്ളവനും ഇടയില്‍ നില്ക്കുന്ന ഇടത്തരക്കാരന് ആശുപത്രിയില്‍ തന്റെ ഇടം എവിടെയാണ്?
പാവപ്പെട്ടവന് സര്‍ക്കാര്‍ ആശുപത്രി, പണമുള്ളവന് സ്വകാര്യ ആശുപത്രി; ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ പോലും ഇടത്തരക്കാരന്റെ മുന്നില്‍ ബാക്കിവരുന്നത് ഒരു വലിയ ചോദ്യമാണ് രോഗം വന്നാല്‍ എവിടെ പോകും?
ഒരു കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത പരിശോധിക്കാന്‍ വീടും ജോലിയും ബാങ്ക് അക്കൗണ്ടും നോക്കിയാല്‍ മതിയായിരുന്നു. ഇന്ന് അതിനൊപ്പം മറ്റൊന്നുകൂടി നോക്കേണ്ടിവരുന്നു ഒരു വലിയ രോഗത്തെ നേരിടാനുള്ള ശേഷി ആ കുടുംബത്തിനുണ്ടോ? ഹൃദയാഘാതം, പക്ഷാഘാതം, കാന്‍സര്‍, വൃക്കരോഗം, അപകടം, ശസ്ത്രക്രിയ, ദീര്‍ഘകാല ഐ.സി.യു. ചികിത്സ ഇവയില്‍ ഏതെങ്കിലും ഒന്ന് ഒരു സാധാരണ കുടുംബത്തിന്റെ വാതിലില്‍ മുട്ടിയാല്‍ രോഗത്തോടൊപ്പം മറ്റൊരു ഭയവും അകത്തേക്കു കടന്നുവരുന്നു. ചികിത്സയ്ക്ക് എത്ര ചെലവാകും?
ഇവിടെയാണ് കേരളത്തിന്റെ ആരോഗ്യരംഗത്തെ ഒരു വലിയ വൈരുധ്യം തെളിയുന്നത്. പണമില്ലാത്തവന് സര്‍ക്കാര്‍ ആശുപത്രിയുണ്ട്. ധനികന് മികച്ച സ്വകാര്യ ആശുപത്രിയുണ്ട്. എന്നാല്‍ മാസശമ്പളം കൊണ്ട് കുടുംബം മുന്നോട്ടുകൊണ്ടുപോകുന്ന, ചെറിയ സമ്പാദ്യമുള്ള, വീടിന്റെ വായ്പയും മക്കളുടെ വിദ്യാഭ്യാസച്ചെലവും വഹിക്കുന്ന, പക്ഷേ വലിയൊരു ചികിത്സാചെലവ് താങ്ങാന്‍ കഴിയാത്ത ഇടത്തരക്കാരന് എവിടെയാണ് ഉറപ്പുള്ള ഇടം? അവിടെയാണ് കേരളത്തിന്റെ ആരോഗ്യരംഗം കൂടുതല്‍ ഗൗരവത്തോടെ പരിശോധിക്കപ്പെടേണ്ടത്.
പണമാണ് തീരുമാനമെടുക്കുന്നത്
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വലിയ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറി. ജില്ലാ ആശുപത്രികളും താലൂക്ക് ആശുപത്രികളും വികസിച്ചു. മെഡിക്കല്‍ കോളജുകളില്‍ പുതിയ ചികിത്സാസൗകര്യങ്ങള്‍ വന്നു. നിരവധി സര്‍ക്കാര്‍ ആശുപത്രികള്‍ ഗുണനിലവാര സര്‍ട്ടിഫിക്കേഷനുകള്‍ നേടിയിട്ടുണ്ട്. കേരളത്തിന്റെ പൊതുആരോഗ്യ ശൃംഖല ചെറുതല്ല. കുടുംബാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ എന്നിവ ചേര്‍ന്ന വലിയൊരു സംവിധാനമാണത്. പക്ഷേ കെട്ടിടം പണിയുന്നതും ആരോഗ്യസംവിധാനം പണിയുന്നതും രണ്ടാണ്.
പുതിയ കെട്ടിടമുണ്ടായതുകൊണ്ട് മാത്രം ചികിത്സ മെച്ചപ്പെടുന്നില്ല. അതിനകത്ത് ആവശ്യത്തിന് ഡോക്ടര്‍മാരുണ്ടോ? നഴ്സുമാരുണ്ടോ? ടെക്നീഷ്യന്മാരുണ്ടോ? ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ? മരുന്ന് ലഭ്യമാണോ? പരിശോധനകള്‍ സമയത്ത് നടത്താനാകുമോ? അടിയന്തര ചികിത്സയ്ക്കുള്ള സൗകര്യമുണ്ടോ? വിദഗ്ധ ഡോക്ടറെ കാണാന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നുണ്ടോ? ഈ ചോദ്യങ്ങളാണ് ഒരു ആശുപത്രിയുടെ യഥാര്‍ഥ നിലവാരം തീരുമാനിക്കുന്നത്.
കേരള ആരോഗ്യവകുപ്പിന്റെ വിവിധ തലങ്ങളിലുള്ള സ്ഥാപനങ്ങളുടെ എണ്ണം തന്നെ പൊതുആരോഗ്യ സംവിധാനത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ക്കിടയിലെ ചികിത്സാ ശേഷിയും മനുഷ്യവിഭവശേഷിയും സൗകര്യങ്ങളും ഒരേ നിലവാരത്തിലാക്കുക എന്നത് ഇപ്പോഴും പ്രധാന വെല്ലുവിളിയാണ്.
അനാവശ്യമായി മെഡിക്കല്‍ കോളജുകളിലേക്ക് രോഗികളെ റഫര്‍ ചെയ്യുന്നത് കുറയ്ക്കുന്നതിനായി കേരള ആരോഗ്യവകുപ്പ് അടുത്തകാലത്ത് റഫറല്‍ പ്രോട്ടോക്കോള്‍ ശക്തമാക്കിയതും ഈ പ്രശ്നത്തിന്റെ മറ്റൊരു വശം കാണിക്കുന്നു. സമീപത്തെ ആശുപത്രിയില്‍ ആവശ്യമായ ചികിത്സാസൗകര്യമുണ്ടെങ്കില് രോഗിയെ അനാവശ്യമായി മെഡിക്കല്‍ കോളജിലേക്ക് അയക്കേണ്ടതില്ലെന്നതാണ് ഇതിന്റെ ലക്ഷ്യം. അതായത് പ്രശ്നം ആശുപത്രികളുടെ എണ്ണത്തില്‍ മാത്രം ഒതുങ്ങുന്നില്ല.
ഏത് ആശുപത്രിയില്‍ ഏത് ചികിത്സ ലഭിക്കും എന്നതിലാണ് പ്രശ്നം.
സര്‍ക്കാര്‍ ആശുപത്രി
പാവപ്പെട്ടവന്റെ മാത്രം ഇടമാകരുത്
സര്‍ക്കാര്‍ ആശുപത്രിയില്‍ പോകുന്നത് മോശം ചികിത്സ സ്വീകരിക്കുന്നതാണെന്ന ധാരണ ശരിയല്ല. കേരളത്തിലെ നിരവധി സര്‍ക്കാര്‍ ആശുപത്രികള്‍ മികച്ച സേവനമാണ് നല്‍കുന്നത്. ചില വിഭാഗങ്ങളില്‍ മികച്ച വിദഗ്ധ ചികിത്സയും കുറഞ്ഞ ചെലവിലുള്ള പരിശോധനകളും മരുന്നുകളും ലഭിക്കുന്നു.എന്നാല്‍ സമൂഹത്തില്‍ പതിഞ്ഞിരിക്കുന്ന മറ്റൊരു ധാരണ മാറ്റേണ്ടതുണ്ട്. സര്‍ക്കാര്‍ ആശുപത്രി എന്നാല്‍ പാവപ്പെട്ടവന്റെ ആശുപത്രി മാത്രമല്ല. അത് എല്ലാവരുടെയും ആശുപത്രിയാണ്.
ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭിക്കുമ്പോള്‍ ഒരു മധ്യവര്‍ഗ കുടുംബത്തിന് ”നമുക്ക് ഇത്രയും പണം ലാഭിക്കാം” എന്ന ചിന്ത മാത്രമല്ല ഉണ്ടാകേണ്ടത്. ”നമുക്ക് വിശ്വസിക്കാവുന്ന പൊതുസംവിധാനം ഇവിടെ തന്നെയുണ്ട്” എന്ന ആത്മവിശ്വാസമാണ് ഉണ്ടാകേണ്ടത്. ആ വിശ്വാസമാണ് പലപ്പോഴും നഷ്ടപ്പെടുന്നത്.
തിരക്ക്, കാത്തിരിപ്പ്, ജീവനക്കാരുടെ കുറവ്, പരിശോധനാ സൗകര്യങ്ങളുടെ പരിമിതി, ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമതക്കുറവ്, മരുന്നിന്റെ ലഭ്യതയിലെ വ്യത്യാസം, വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് പോകേണ്ട സാഹചര്യം ഇതെല്ലാം ചേര്‍ന്നാണ് ആ വിശ്വാസത്തില്‍ വിള്ളല്‍ വീഴുന്നത്. എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ഇതേ പ്രശ്നമാണെന്നല്ല. പക്ഷേ പൊതുആരോഗ്യ സംവിധാനത്തിന്റെ വിശ്വാസ്യത അളക്കേണ്ടത് മികച്ച ഏതാനും സ്ഥാപനങ്ങളെ മാത്രം നോക്കിയല്ല; സാധാരണ രോഗിക്ക് സാധാരണ ദിവസം ലഭിക്കുന്ന സേവനം നോക്കിയാണ്.
സ്വകാര്യ ആശുപത്രിയുടെ വാതില്ക്കല് മറ്റൊരു ഭയം
സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ മടിക്കുന്ന ഇടത്തരക്കാരന് ഒടുവില്‍ സ്വകാര്യ ആശുപത്രിയിലേക്കാണ് പോകുന്നത്.
കാരണം അവിടെ പലപ്പോഴും വേഗത്തിലുള്ള പരിശോധനയുണ്ട്. വിവിധ വിദഗ്ധര്‍ ഒരേ സ്ഥാപനത്തിലുണ്ട്. അത്യാധുനിക ഉപകരണങ്ങളുണ്ട്. ഐ.സി.യു. സൗകര്യമുണ്ട്. അടിയന്തര സേവനങ്ങളുണ്ട്. ഒരേ മേല്‍ക്കൂരയ്ക്കു കീഴില്‍ പല വിഭാഗങ്ങളുടെയും ചികിത്സ ലഭിക്കും. പക്ഷേ ആശുപത്രിയില്‍ കയറുമ്പോള്‍ രോഗിയുടെ കുടുംബത്തിന്റെ മനസ്സില്‍ മറ്റൊരു മീറ്റര്‍ പ്രവര്ത്തിച്ചുതുടങ്ങുന്നു. ബില്ലിന്റെ മീറ്റര്‍.
ആരോഗ്യസംരക്ഷണത്തിന് ചെലവുണ്ട്. ആ ചെലവ് ആശുപത്രികള്‍ക്കും വഹിക്കേണ്ടതുണ്ട്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍, മരുന്നുകള്‍, ഉപകരണങ്ങള്‍, വൈദ്യുതി, ഐ.സി.യു., പരിശോധനാ സംവിധാനങ്ങള്‍, സാങ്കേതിക പരിപാലനം എല്ലാം പണം ആവശ്യപ്പെടുന്നു. അതുകൊണ്ട് സ്വകാര്യ ആശുപത്രിയിലെ എല്ലാ ചെലവുകളും അന്യായമാണെന്ന് പറയാനാവില്ല. പക്ഷേ രോഗിക്ക് ഒരു കാര്യം അറിയാനുള്ള അവകാശമുണ്ട്: ഈ ചികിത്സയ്ക്ക് ഇത്രയും പണം ചെലവാകുന്നത് എന്തുകൊണ്ട്? അവിടെയാണ് നിരക്കിലെ സുതാര്യതയും രോഗിയുടെ അവകാശങ്ങളും പ്രധാനമാകുന്നത്.
കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമവും ചട്ടങ്ങളും ആശുപത്രികള്‍ വിവിധ സേവനങ്ങളുടെ ഫീസ്, പാക്കേജ് നിരക്കുകള്‍, ലഭ്യമായ സൗകര്യങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ചികിത്സ കഴിഞ്ഞാല്‍ ചികിത്സ, പരിശോധന, കണ്സള്ട്ടേഷന് തുടങ്ങിയവയുടെ വിശദമായ ബില്ലും നല്‍കണം. 2025 നവംബറിലെ കേരള ഹൈക്കോടതി വിധിയും ഈ നിരക്ക് പ്രദര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ള നിയമത്തിലെ പ്രധാന വ്യവസ്ഥകളെ പരിഗണിച്ചിട്ടുണ്ട്.
നിയമം ഉണ്ടെന്നത് ഒരു കാര്യം. അത് രോഗിയുടെ അനുഭവമായി മാറുന്നുണ്ടോ എന്നതാണ് അടുത്ത ചോദ്യം.
ചികിത്സാസാമഗ്രികളുടെ വില
ഒരു ഐ.വി. സെറ്റിന് 11 രൂപയോ 325 രൂപയോ? സര്‍ക്കാര്‍ വിലയും രോഗികളില്‍നിന്ന് സ്വകാര്യആശുപത്രികള്‍ ഈടാക്കിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന വിലയും തമ്മില്‍ വലിയ വ്യത്യാസമാണ് കാണുന്നത്. ഒരു ഐ.വി. സെറ്റിന് സര്ക്കാര്നിശ്ചയിച്ചിരിക്കുന്ന വില 11.05 രൂപയാണെങ്കില്‍ പല സ്വകാര്യആശുപത്രികളും ഈടാക്കുന്നത് 325 രൂപവരെയാണ്. ഡിസ്പോസിബിള്‍ സിറിഞ്ചിന് 6.75 പൈസയാണെങ്കില്‍ ചിലയിടങ്ങളില്‍ 57.20 വരെ ഈടാക്കുന്നുണ്ടെന്നാണ് ആരോപണം.
29.41 പൈസ നിശ്ചയിച്ചിട്ടുള്ള കത്തീറ്ററിന് 310 രൂപ വരെ ഈടാക്കുന്നു. ഈ കണക്കുകള്‍ ശരിയാണോ എന്നതിനെക്കാള്‍ ഇവിടെ പ്രധാനപ്പെട്ട മറ്റൊരു ചോദ്യം ഉണ്ട്:ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഓരോ ചെറിയ സാധനത്തിന്റെയും വില രോഗിക്ക് എത്രത്തോളം സുതാര്യമാണ്? ഒരു രോഗി ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഐ.വി. സെറ്റിന്റെയോ കത്തീറ്ററിന്റെയോ സിറിഞ്ചിന്റെയോ വില പരിശോധിക്കാന്‍ സാധാരണയായി രോഗികളോ ബന്ധുക്കളോ തയ്യാറാകാറില്ല. അടിയന്തര ചികിത്സ വേണമെന്നതുമാത്രമാണ് അപ്പോഴത്തെ അവരുടെ ആവശ്യം. ചികിത്സ കഴിഞ്ഞ് ബില്ലുകള്‍ വരുമ്പോഴാണ് പലരും ഞെട്ടുന്നത്. എത്രയോ ആശുപത്രികളില്‍ സംഘര്‍ഷങ്ങള്‍ക്ക് ഈ കാര്യം ഇടയാക്കുന്നുണ്ട്.
അതിനാല്‍ ചികിത്സാസാമഗ്രികളുടെ വിലനിര്‍ണയത്തിലും ബില്ലിംഗിലും സുതാര്യത അനിവാര്യമാണ്. ഒരു മരുന്നിന്റെ വിലയെക്കുറിച്ച് ചോദിക്കാന്‍ കഴിയുന്ന രോഗിക്കോ ബന്ധുവിനോ ഒരു കത്തീറ്ററിന്റെ വിലയെക്കുറിച്ചും ചോദിക്കാന്‍ കഴിയണം.
ഒരു പരിശോധനയുടെ നിരക്ക് അറിയാന്‍ കഴിയുന്ന രോഗിക്ക് ഐ.സി.യുവിലെ ഓരോ ചാര്‍ജും മനസ്സിലാക്കാന്‍ കഴിയണം.
അറിവില്ലായ്മ ചികിത്സയുടെ വില കൂട്ടാനുള്ള അവസരമാകരുത്.
ഇന്ത്യയുടെ ആരോഗ്യച്ചെലവിന്റെ വലിയ ചിത്രം
ഇത് കേരളത്തിന്റെ മാത്രം പ്രശ്നമല്ല. 2021 – 22ലെ ദേശീയ ആരോഗ്യ അക്കൗണ്ടുകള്‍ പ്രകാരം ഇന്ത്യയിലെ കുടുംബങ്ങളുടെ ആരോഗ്യത്തിനായുള്ള സ്വന്തം പോക്കറ്റില്‍നിന്നുള്ള ചെലവ് (ഛൗേീളജീരസല േഋഃുലിറശൗേൃല) ആ വര്‍ഷം മൊത്തം ആരോഗ്യച്ചെലവിന്റെ 39.4 ശതമാനമായിരുന്നു. അതായത് സര്‍ക്കാര്‍ ചെലവുകളും ഇന്‍ഷുറന്‍സും വര്‍ധിച്ചിട്ടും കുടുംബങ്ങള്‍ നേരിട്ട് വഹിക്കുന്ന ആരോഗ്യച്ചെലവ് ഇപ്പോഴും വലിയതാണ്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്റെ ആരോഗ്യസംബന്ധമായ എന്‍എസ്എസ് സര്‍വേയും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ തമ്മിലുള്ള ചികിത്സാചെലവിലെ വലിയ വ്യത്യാസം വ്യക്തമാക്കുന്നു.
ഇത് കേരളത്തിന്റെ മാത്രം കണക്കല്ല. എന്നാല്‍ ഒരു സ്വകാര്യ ആശുപത്രി എന്തുകൊണ്ടാണ് ഒരു കുടുംബത്തിന് സാമ്പത്തികമായി വലിയ ആഘാതമാകുന്നതെന്ന് മനസ്സിലാക്കാന്‍ ഈ വ്യത്യാസം സഹായിക്കുന്നു. അതേസമയം, ഇന്ത്യയിലെ അതേ എന്‍എസ്എസ് കണക്കില്‍ സര്‍ക്കാര്‍/പൊതുസ്ഥാപനങ്ങളില്‍ ചികിത്സ തേടുന്നവരുടെ വിഹിതം മുന്‍ സര്‍വേകളെ അപേക്ഷിച്ച് ഉയര്‍ന്നതായും കാണുന്നു. അതിനാല്‍ ചിത്രം കറുപ്പും വെളുപ്പുമല്ല. പൊതുആരോഗ്യ സംവിധാനത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നു; അതേസമയം സ്വകാര്യ ചികിത്സയുടെ സാമ്പത്തിക ഭാരം വലിയതുതന്നെയാണ്.
ഇന്‍ഷുറന്‍സ് കാര്‍ഡ് പോക്കറ്റിലുണ്ടെങ്കില്‍?
ഇടത്തരക്കാരന് ഈ പ്രശ്നത്തിന് കണ്ടെത്തിയ പരിഹാരം ഇന്‍ഷുറന്‍സാണ്. എന്നാല്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് ഒരു മാന്ത്രിക രേഖയല്ല. ഏത് ആശുപത്രിയില്‍ ക്യാഷ്ലെസ് ചികിത്സ ലഭിക്കും? ഏതൊക്കെ രോഗങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടും? പരിധി എത്ര?
പാക്കേജ് തുക ചികിത്സയുടെ യഥാര്‍ഥ ചെലവിന് മതിയാകുമോ? അധിക തുക രോഗി നല്കേണ്ടിവരുമോ? ഇതെല്ലാം കുടുംബങ്ങള്‍ നേരിടുന്ന ചോദ്യങ്ങളാണ്. ഇന്‍ഷുറന്‍സ് ചേരുന്നവര്‍ പലരും ഈ കാര്യങ്ങള്‍ കണക്കിലെടുക്കാറില്ല. ആശുപത്രികളില്‍ ഇന്‍ഷുറന്‍സ് അനുവദിക്കാതിരിക്കുമ്പോഴാണ് ഇത്തരം കാര്യങ്ങള്‍ പിന്നീട് വിശദമായി അന്വേഷിക്കുന്നത്. അപ്പോഴേക്കും കീശ കാലിയായിട്ടുണ്ടാകും. ചില ഇന്‍ഷുറന്‍സ് കമ്പനികളെ ചില ആശുപത്രികള്‍ അംഗീകരിക്കില്ല. ഒരുപക്ഷേ ചികിത്സ തുടങ്ങിയതിനു ശേഷമാകും ആ രോഗിയുടെ ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് ആശുപത്രി നിരോധനമേര്‍പ്പെടുത്തുന്നത്. കേരള സര്‍ക്കാര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ മെഡിസെപ് പദ്ധതി ഇത്തരത്തില്‍ അവതാളത്തിലാണ്. സര്‍ക്കാര്‍, ആശുപത്രികള്‍ക്ക് കൊടുക്കാനുള്ള സംഖ്യകുന്നുകൂടുമ്പോള് ആശുപത്രികള്‍ മെഡിസെപ് മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കുന്നു. കുഴപ്പത്തിലാകുന്നത് രോഗിയും. പിന്നീട് തന്റെ ഇന്‍ഷുറന്‍സ് കമ്പനിയെ അംഗീകരിക്കുന്ന ആശുപത്രി തേടി നടക്കലാകും അടുത്ത പടി.
കേരളത്തിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കെഎഎസ്പി) അര്‍ഹരായ കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപവരെ ദ്വിതീയ, തൃതീയ ചികിത്സയ്ക്ക് പരിരക്ഷ നല്കുന്ന പദ്ധതിയാണ്. സര്‍ക്കാര്‍-എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ ക്യാഷ്ലെസ് ചികിത്സയും പദ്ധതിയുടെ ഭാഗമാണ്. മരുന്നുകള്‍, പരിശോധനകള്‍, ഡോക്ടര്‍ ഫീസ്, മുറി, ശസ്ത്രക്രിയ, ഐ.സി.യു. തുടങ്ങിയ വിവിധ ചെലവുകള്‍ ഉള്‍പ്പെടുന്ന പാക്കേജുകളാണ് പദ്ധതിയിലുള്ളത്.
2026 ജൂലൈ വരെയുള്ള ഔദ്യോഗിക കണക്കനുസരിച്ച് കെഎഎസ്പി – പിഎംജെഎവൈയില്‍ കേരളത്തില്‍ 77.82 ലക്ഷം ഗുണഭോക്താക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് വലിയൊരു സാമൂഹിക സുരക്ഷാ സംവിധാനമാണ്. പക്ഷേ അതിന്റെ ലക്ഷ്യജനസംഖ്യ പ്രധാനമായും സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങളാണ്. അതിനാല്‍ ഇന്‍ഷുറന്‍സ് ലഭ്യതയുള്ളതും യഥാര്‍ഥത്തില്‍ വലിയ ചികിത്സാച്ചെലവിനെതിരെ മതിയായ സാമ്പത്തിക സംരക്ഷണമുള്ളതും ഒരേ കാര്യമല്ല. ഇവിടെയാണ് ഇടത്തരക്കാരന്റെ വിടവ് വീണ്ടും പ്രത്യക്ഷപ്പെടുന്നത്.
ക്രൈസ്തവ ആശുപത്രികളുടെ ഇടം
കേരളത്തിന്റെ ആരോഗ്യചരിത്രത്തില്‍ ക്രൈസ്തവ മിഷണറി ആശുപത്രികള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. ആശുപത്രി എന്നത് കെട്ടിടമല്ലെന്നും അത് ഒരു സാമൂഹിക ദൗത്യമാണെന്നും കേരളത്തില്‍ സ്ഥാപിക്കാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഗ്രാമങ്ങളിലേക്കും അകലെയുള്ള പ്രദേശങ്ങളിലേക്കും ചികിത്സ എത്തിക്കുന്നതിലും നഴ്സിങ് വിദ്യാഭ്യാസം വളര്‍ത്തുന്നതിലും സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണത്തിലും നിരവധി ക്രൈസ്തവ സ്ഥാപനങ്ങള്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്നു. എറണാകുളം ലൂര്‍ദ്ദ് ആശുപത്രി തുരുത്തുകളിലെ ജനങ്ങള്‍ക്കായി ബോട്ട് ആശുപത്രികള്‍ നടപ്പാക്കിയത് ആ കാലഘട്ടത്തില്‍ എത്രയോ മഹത്തരമായിരുന്നു. ഇന്നും നിരവധി ക്രൈസ്തവ ആശുപത്രികള്‍ സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നു.
എന്നാല്‍ അവര്‍ക്കും സാമ്പത്തിക യാഥാര്‍ഥ്യങ്ങളില്‍നിന്ന് രക്ഷയില്ല. അടുത്തിടെ നടന്ന നഴ്സുമാരുടെ സമരം എത്രയോ ക്രൈസ്തവ ആശുപത്രികളെ ബാധിച്ചു. കേരളത്തില്‍ നിയമമനുസരിച്ച് നല്കാവുന്ന മികച്ച ശമ്പളം നല്‍കിയിട്ടും എന്നും സേവനത്തിന് മുന്‍തൂക്കം നല്‍കിയിരുന്ന ക്രൈസ്തവആശുപത്രികളെ മാത്രമാണ് സമരം ബാധിച്ചത്.
ആധുനിക ആശുപത്രി നടത്താനുള്ള ചെലവ് വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കെട്ടിടം, വിദഗ്ധ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ടെക്നീഷ്യന്മാര്, വിലയേറിയ മെഡിക്കല്‍ ഉപകരണങ്ങള്‍, ഐ.സി.യു., ശസ്ത്രക്രിയാ സംവിധാനങ്ങള്‍ എല്ലാത്തിനും വലിയ ചെലവുണ്ട്. അതിനാല്‍ ”മിഷണറി ആശുപത്രിയാണെങ്കില്‍ ചികിത്സ കുറഞ്ഞ ചെലവില്‍ ലഭിക്കണം” എന്ന ആവശ്യം മാത്രം പൊതുസമൂഹത്തില്‍ നിന്ന് മതിയാകില്ല. പകരം ചോദിക്കേണ്ടത് മറ്റൊരു ചോദ്യമാണ്: സേവനദൗത്യവും സാമ്പത്തിക നിലനില്‍പ്പും തമ്മില്‍ എങ്ങനെ സന്തുലിതമാക്കാം?
ഇതിന് സര്‍ക്കാരിനും സാമൂഹിക സംഘടനകള്‍ക്കും സഭകള്‍ക്കും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും ഒരുമിച്ച് ചിന്തിക്കേണ്ടിവരും.
ഇടത്തരക്കാരനായി ഒരു പുതിയ ആരോഗ്യനയം വേണം
കേരളത്തില്‍ ആരോഗ്യരംഗത്തെ ചര്‍ച്ച പലപ്പോഴും രണ്ടു ധ്രുവങ്ങളിലാണ്. സര്‍ക്കാര്‍ ആശുപത്രികളെ ശക്തിപ്പെടുത്തണമോ?
സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കണമോ? ഇവ രണ്ടും ആവശ്യമായ ചര്‍ച്ചകളാണ്. പക്ഷേ അതിനിടയില്‍ മറന്നുപോകുന്ന ഒരാളുണ്ട്. ഇടത്തരക്കാരന്. അയാള്‍ സര്‍ക്കാര്‍ ആശുപത്രിയിലെ സൗജന്യചികിത്സയ്ക്ക് പലപ്പോഴും അര്‍ഹനല്ല. അതേസമയം സ്വകാര്യ ആശുപത്രിയിലെ ലക്ഷങ്ങളുടെ ബില്‍ അടയ്ക്കാന്‍ അയാള്‍ക്ക് കഴിയുകയുമില്ല. ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും അതിന്റെ പരിധി കഴിഞ്ഞാല്‍ അയാള്‍ സ്വന്തം സമ്പാദ്യത്തിലേക്ക് കൈയിടണം. സമ്പാദ്യം തീര്‍ന്നാല്‍ സ്വര്‍ണം പണയംവയ്ക്കണം. അതും പോരാഞ്ഞാല്‍ വായ്പയെടുക്കണം. അങ്ങനെ ഒരു രോഗം ശരീരത്തില്‍നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പടരുന്നു.
പിന്നെ മക്കളുടെ വിദ്യാഭ്യാസത്തിലേക്ക്. വീടിന്റെ സ്വപ്നത്തിലേക്ക്. ഒടുവില്‍ ഒരു കുടുംബത്തിന്റെ ഭാവിയിലേക്കും.
സ്വകാര്യ ആശുപത്രികളെ ശത്രുവാക്കുന്നതല്ല പരിഹാരം
സ്വകാര്യ ആശുപത്രികള്‍ ഇല്ലാതാക്കുക എന്നതല്ല ഇതിനുള്ള പരിഹാരം. അതുപോലെ സര്‍ക്കാര്‍ ആശുപത്രികളെ അവഗണിച്ച് എല്ലാവരെയും സ്വകാര്യ ചികിത്സയിലേക്ക് അയക്കുന്നതും പരിഹാരമല്ല. കേരളത്തിന് ആവശ്യമായത് ശക്തമായ ഒരു പൊതുആരോഗ്യ സംവിധാനവും ഉത്തരവാദിത്തമുള്ള സ്വകാര്യ ആരോഗ്യ മേഖലയും യഥാര്‍ഥത്തില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് സംരക്ഷണവും എന്ന ത്രികോണമാണ്.
സര്‍ക്കാര്‍ ആശുപത്രികളില്‍ വിദഗ്ധ ചികിത്സയുടെ ലഭ്യത വര്‍ധിപ്പിക്കണം.ആവശ്യത്തിന് ഡോക്ടര്‍മാരെയും നഴ്സുമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കണം. മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് മാത്രമല്ല, അവയുടെ പരിപാലനത്തിനും ബജറ്റ് വേണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. താലൂക്ക്, ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളജുകളിലേക്കുള്ള വെറും ‘റഫറല്‍ പോയിന്റുകള്‍’ എന്ന നിലയില്‍നിന്ന് മാറ്റണം. അതേസമയം തന്നെ സ്വകാര്യ ആശുപത്രികളില്‍ നിരക്കുകളുടെ സുതാര്യത ഉറപ്പാക്കണം.
ചികിത്സാസാമഗ്രികളുടെ വില, പാക്കേജ് നിരക്ക്, പരിശോധനാ നിരക്ക്, ഡോക്ടര്‍ ഫീസ് തുടങ്ങിയവ രോഗിക്ക് മനസ്സിലാകുന്ന രീതിയില്‍ ലഭ്യമാക്കണം. കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് ചട്ടങ്ങള്‍ ഇതിനകം തന്നെ ഇത്തരം നിരക്ക് പ്രദര്‍ശനത്തിനും വിശദമായ ബില്ലിനും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇന്‍ഷുറന്‍സ് കമ്പനികളും ആശുപത്രികളും തമ്മിലുള്ള നിരക്ക് തര്‍ക്കത്തിന്റെ ഭാരം രോഗിയുടെ ചുമലിലേക്ക് മാറ്റാതിരിക്കാനുള്ള സംവിധാനവും വേണം.
ആശുപത്രി ഒരു സാമ്പത്തിക സ്ഥാപനവുമാണ്. അതിന് ചെലവുണ്ട്. ജീവനക്കാരുടെ ശമ്പളമുണ്ട്. ഉപകരണങ്ങളുടെ പരിപാലനച്ചെലവുണ്ട്. ആധുനിക ചികിത്സയുടെ വിലയുണ്ട്. അതൊക്കെ അംഗീകരിക്കാം. പക്ഷേ ആശുപത്രി ഒരു കച്ചവടസ്ഥാപനം മാത്രമല്ല, രോഗി ഒരു ഉപഭോക്താവ് മാത്രവുമല്ല. അവന് ഭയന്നാണ് ആശുപത്രിയില്‍ എത്തുന്നത്. രോഗത്തോടുള്ള ഭയവും ചികിത്സാചെലവിന്റെ ഭയവും. അവന്റെ ശരീരത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് അയാള്‍ക്ക് പലപ്പോഴും അറിയില്ല. തന്റെ കുടുംബത്തിന്റെ സമ്പാദ്യം എത്ര ദിവസം ചികിത്സയ്ക്ക് മതിയാകുമെന്ന് അറിയില്ല. ഡോക്ടര്‍ പറയുന്ന ഓരോ വാക്കും അയാള്‍ പ്രതീക്ഷയോടെയാണ് കേള്‍ക്കുന്നത്. അതിനാല്‍ ചികിത്സാരംഗത്ത് സുതാര്യത ഒരു ഭരണപരമായ ആവശ്യം മാത്രമല്ല. അത് ഒരു മാനുഷിക ആവശ്യംകൂടിയാണ്.
കേരളം ആരോഗ്യരംഗത്ത് നേടിയ നേട്ടങ്ങളെ നിഷേധിക്കേണ്ടതില്ല. അതുപോലെ പോരായ്മകള്‍ മറച്ചുവയ്ക്കുകയും വേണ്ട.
സര്‍ക്കാര്‍ ആശുപത്രികള്‍ ശക്തിപ്പെടണം. സ്വകാര്യ ആശുപത്രികള്‍ കൂടുതല്‍ സുതാര്യവും ഉത്തരവാദിത്തമുള്ളതുമാകണം.
ക്രൈസ്തവ ആശുപത്രികളും അവരുടെ സേവനപാരമ്പര്യവും പുതിയ സാമ്പത്തിക സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലനിര്‍ത്താനുള്ള വഴികള്‍ കണ്ടെത്തണം. ഇന്‍ഷുറന്‍സ് പരിരക്ഷ കൂടുതല്‍ വിശാലവും പ്രായോഗികവുമാകണം.
എല്ലാറ്റിനുമുപരി, ഒരു സാധാരണ കുടുംബത്തിന് രോഗം വന്നാല്‍ ചികിത്സ തിരഞ്ഞെടുക്കുന്നത് അതിന്റെ സാമ്പത്തിക ശേഷി മാത്രമാകരുത്. പാവപ്പെട്ടവന് ചികിത്സ ലഭിക്കണം. പണമുള്ളവന് മികച്ച ചികിത്സ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടാകണം.
എന്നാല്‍ അതിനിടയില്‍ നില്ക്കുന്ന കോടിക്കണക്കിന് മനുഷ്യര്‍ക്ക് എന്തുണ്ട്? അവരാണ് ആശുപത്രിയുടെ ഇടനാഴികളില്‍ ഏറ്റവും അധികം ആശങ്കപ്പെടുന്നവര്‍. അവരുടെ കൈയില്‍ ചെറിയൊരു സമ്പാദ്യമുണ്ട്. അല്പം ഇന്‍ഷുറന്‍സുണ്ട്.
ഒരു വീടുണ്ട്. മക്കളുടെ പഠനമുണ്ട്. വായ്പകളുണ്ട്. മാസശമ്പളമോ ചെറിയ ബിസിനസില്‍ നിന്നുള്ള വരുമാനമോ ഉണ്ടാകാമെങ്കിലും ഒരു വലിയ രോഗത്തെ നേരിടാനുള്ള സാമ്പത്തിക കരുത്തുണ്ടാകില്ല.
അതുകൊണ്ടുതന്നെ കേരളത്തിന്റെ ആരോഗ്യനയം ഇനി ഒരു പുതിയ ചോദ്യം ചോദിക്കണം: ”ചികിത്സ സൗജന്യമാണോ, ചെലവേറിയതാണോ?” എന്നല്ല ‘ഒരു സാധാരണ മനുഷ്യന് ചികിത്സ താങ്ങാനാകുന്നതാണോ?” ഈ ചോദ്യത്തിനുള്ള ഉത്തരമാണ് കേരളത്തിന്റെ ആരോഗ്യസംവിധാനത്തിന്റെ യഥാര്‍ഥ മാനദണ്ഡം. ആശുപത്രികള്‍ കൂടുതല്‍ വലുതാകുന്നതിനെക്കാള് പ്രധാനമാണ് അവിടേക്കെത്തുന്ന മനുഷ്യന്റെ ഭയം ചെറുതാകുന്നത്. പുതിയ യന്ത്രങ്ങള്‍ വാങ്ങുന്നതിനെക്കാള്‍ പ്രധാനമാണ് അവ ഉപയോഗിച്ച് ചികിത്സ നേടാന്‍ കഴിയുന്നത്. പുതിയ കെട്ടിടങ്ങള്‍ പണിയുന്നതിനെക്കാള്‍ പ്രധാനമാണ് അതിനകത്ത് മതിയായ മനുഷ്യവിഭവം ഉണ്ടാകുന്നത്.ഇതിനെക്കാളൊക്കെ പ്രധാനമായി
രോഗം വന്നാല്‍ ഒരു കുടുംബം ദരിദ്രമാകേണ്ടിവരാത്ത കേരളം ഉണ്ടാകണം.
അതാണ് യഥാര്‍ഥ ആരോഗ്യകേരളം.

