എറണാകുളം: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പരിപാടി സംഘടിപ്പിച്ചു. എറണാകുളം ഫാമിലി വെൽഫെയർ സെന്ററിൽ നടന്ന പരിപാടിയിൽ ലഹരിവ്യാപനത്തിനെതിരെ സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ 2.0-ന് സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
വരാപ്പുഴ അതിരൂപത മദ്യ-ലഹരി വിരുദ്ധ സമിതി പ്രസിഡന്റ് ഡിക്സൻ റോഡ്രിഗ്സ് അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരായ സർക്കാർ നടപടികൾക്ക് സമൂഹത്തിന്റെ പൂർണ പിന്തുണ ആവശ്യമാണെന്നും കുടുംബങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക സംഘടനകൾ എന്നിവ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.ബ്രദർ അലക്സ് മൂല്ലാംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.
മയക്കുമരുന്നിന്റെ ഉപയോഗത്തോടൊപ്പം മദ്യത്തിന്റെ ദുരുപയോഗവും അതുമൂലം ഉണ്ടാകുന്ന കുടുംബ-സാമൂഹിക പ്രത്യാഘാതങ്ങളും ഗൗരവമായി കാണേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കുടുംബതലത്തിലും സമൂഹതലത്തിലും കൂടുതൽ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതിരൂപത വൈസ് പ്രസിഡന്റ് ജെസ്സി ഷാജി, അഡ്വ. മേരി ഗ്രേയ്സ് അതിരൂപത ഭാരവാഹികൾ,സമിതി പ്രവർത്തകർ , രൂപത ജനറൽ സെക്രട്ടറി ജസ്റ്റിൻ മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി

