ബിജോ സില്‍വേരി
ജീവിതത്തില്‍ ചില വാക്കുകള്‍ ആഴത്തില്‍ പതിയും. ചില മുഖങ്ങള്‍ പ്രാര്‍ഥനകളേക്കാള്‍ കൂടുതല്‍ കാലം മനസ്സില്‍ നില്ക്കും. ചില സംഭവങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഉള്ളില്‍ ഒരു മുറിവായി അവശേഷിക്കും. ഉത്തരേന്ത്യയില്‍ മിഷണറി പ്രവര്‍ത്തനം നടത്തുന്ന ഒബ്ലേറ്റ്സ് ഓഫ് സെന്റ് ജോസഫ് സഭയിലെ (ഒഎസ്ജെ) ഒരു വൈദികന് അത്തരമൊരു വാക്ക് കേള്‍ക്കേണ്ടിവന്നത് സ്വന്തം ബന്ധുവിന്റെ വീട്ടില്‍ നിന്നായിരുന്നു.
അവധിയ്ക്ക് നാട്ടിലെത്തിയതായിരുന്നു അദ്ദേഹം. ബന്ധുവിന്റെ വീട്ടിലെ കൗമാരക്കാരായ ഇരട്ടക്കുട്ടികളെ ഏറെ ഇഷ്ടമായിരുന്നു. അവരെ കൂടി കാണണമെന്ന ആഗ്രഹത്തില്‍ ഒരു ദിവസം അവരുടെ വീട്ടിലെത്തി.
ബന്ധു അച്ചനെ കണ്ടപ്പോള്‍ പറഞ്ഞു: ”ഓ…. ബംഗാളി എപ്പോ വന്നു?” ഒരു തമാശയായി പറഞ്ഞ വാക്ക്. പക്ഷേ ചില തമാശകള്‍ കേള്‍ക്കുന്നവരുടെ ഉള്ളില്‍ തമാശയായി എത്താറില്ല. അച്ചന് ചിരിക്കാന്‍ ശ്രമിച്ചു. ഉത്തരേന്ത്യയിലെ മിഷന് ജീവിതത്തില്‍ നിന്ന് വന്നതുകൊണ്ടാണ് ആ വിളിയെന്ന് സ്വയം ആശ്വസിച്ചു. ഒരു കാലത്ത് കലയിലും സാഹിത്യത്തിലും ഔന്നത്യത്തോടു കൂടി നിന്നിരുന്ന ബംഗാളി എന്ന പേര് ഒരു പരിഹാസപ്പേരായി മാറിയതില്‍ ഒരു നിമിഷം വേദനിച്ചെങ്കിലും അതു മറക്കാന്‍ ശ്രമിച്ചു. പക്ഷേ പരിഹാസം അവിടെ അവസാനിച്ചില്ല. ”അവിടെയൊക്കെ നിങ്ങളെ എങ്ങനെ ജീവിക്കാന്‍ അനുവദിക്കുന്നു?”, ”ഇവിടേക്ക് വന്നത് പിള്ളാരെ പിടിക്കാനാണോ?” അച്ചന് അസ്വസ്ഥനായെങ്കിലും അതെല്ലാം തമാശയായി കണക്കാക്കി ചിരിച്ചുകൊണ്ടു തന്നെ ഇരുന്നു. ബന്ധുവിന്റെ ഭാര്യയുടെ മുഖത്തും ഒരു ഭാവവ്യത്യാസവുമുണ്ടായില്ല. അവര്‍ ഭര്‍ത്താവിനെ നോക്കുകൊണ്ടോ വാക്കുകൊണ്ടോ തടയാനും ശ്രമിച്ചില്ല. എന്നാല്‍ അച്ചനെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് മറ്റൊന്നായിരുന്നു. ഓരോ പരിഹാസവാക്കിനും പൊട്ടിച്ചിരിച്ചിരുന്ന ആ ഇരട്ടക്കുട്ടികള്‍. അവര്‍ മാതാപിതാക്കളെ നോക്കി ചിരിച്ചു, അപ്പന്റെ വാക്കുകളില്‍ രസം കണ്ടെത്തി. ഒരാളെ എങ്ങനെ കളിയാക്കാം, മറ്റൊരാളുടെ വിശ്വാസത്തെ എങ്ങനെ പരിഹസിക്കാം, ഒരാളുടെ ജീവിതത്തെ എങ്ങനെ തമാശയാക്കാം എന്നൊക്കെ അവര്‍ ആ വീട്ടില്‍നിന്നുതന്നെ പഠിക്കുകയായിരുന്നു.
വീട്ടുകാരി നല്കിയ പാനീയം കയ്പുനീര് പോലെ കുടിച്ചിറക്കി അച്ചന് എങ്ങനെയോ ആ വീട്ടില്‍ നിന്നു മടങ്ങി. പിന്നീട് ആ ബന്ധുവിനെ കാണേണ്ടിവരുന്ന ചടങ്ങുകള്‍ പോലും ഒഴിവാക്കി. കാലം കടന്നു. ഒരു ദിവസം അപ്രതീക്ഷിതമായി ആ ബന്ധുവും ഭാര്യയും അച്ചന് താമസിച്ചിരുന്ന സഭാഭവനത്തിലെത്തി. അവരെ കണ്ടപ്പോള്‍ അച്ചന് സന്തോഷമല്ല, ഭയമാണ് തോന്നിയത്. വീണ്ടും പരിഹാസമുണ്ടാകുമോ? സഹവൈദികരുടെ മുന്നില്‍ വീണ്ടും ആ പഴയ തമാശപ്പെട്ടി തുറക്കുമോ?
പക്ഷേ അന്ന് അവരുടെ മുഖത്ത് പരിഹാസമുണ്ടായിരുന്നില്ല. വിങ്ങിപ്പൊട്ടിയ രണ്ടു മുഖങ്ങളായിരുന്നു മുന്നില്‍.
”എന്താ കാര്യം ചേട്ടാ?” അച്ചന്റെ ചോദ്യത്തിന് മറുപടി പറയാന്‍ ആ മനുഷ്യന് കുറച്ചുനേരം വേണ്ടിവന്നു. അവരുടെ മക്കളുടെ കാര്യമായിരുന്നു. ഇരട്ടകളില്‍ ഒരാള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടിരിക്കുന്നു. അക്രമകാരിയാണ്. ചികിത്സകള്‍ പലതും ചെയ്തു. ഫലമുണ്ടായില്ല. വീട്ടില്‍ സമാധാനമില്ല. ഓരോ ദിവസവും ഭയത്തോടെയാണ് കടന്നുപോകുന്നത്. മറ്റേയാള്‍ ബംഗളൂരുവില്‍ പഠിക്കാന്‍ പോയി. അവിടെ തന്നേക്കാള്‍ പ്രായമുള്ള ഒരു സ്ത്രീയുമായി ലിവിങ് ടുഗെതര്‍ ബന്ധത്തിലാണ്.
ബന്ധുവിന്റെ കണ്ണുകളില്‍ കുറ്റബോധം.
”അച്ചന് എന്നോട് ക്ഷമിക്കണം. അച്ചനെ ഞാന്‍ പലപ്പോഴും പരിഹസിച്ചിട്ടുണ്ട്. അച്ചന്റെ സങ്കടമാണ് എനിക്ക് ഇങ്ങനെ വരാന്‍ കാരണം.”
അച്ചന് അയാളുടെ കൈ പിടിച്ചു. ”അതൊന്നും സാരമില്ല. ഞാനത് എപ്പോഴേ മറന്നു. ചേട്ടന് എന്നെ പരിഹസിച്ചതുകൊണ്ടല്ല കുട്ടികള്‍ വഴിതെറ്റിയത്. അവരെ വളര്‍ത്തിയ രീതിയില്‍ എവിടെയോ പ്രശ്നമുണ്ടായിരിക്കാം. അതെന്താണെന്ന് മനസ്സിലാക്കി തിരുത്തുകയാണ് വേണ്ടത്.” ആ വാക്കുകളില്‍ കുറ്റപ്പെടുത്തലില്ലായിരുന്നു. പക്ഷേ ഒരു വലിയ സത്യമുണ്ടായിരുന്നു.
കുട്ടികള്‍ വഴിതെറ്റുന്നത് ഒരു ദിവസംകൊണ്ടല്ല.
അവര്‍ ഒരു ദിവസം ലഹരിയിലേക്ക് വീഴുന്നില്ല. ഒരു ദിവസം മോശം കൂട്ടുകെട്ടിലേക്ക് പോകുന്നില്ല. ഒരു ദിവസം കുടുംബത്തില്‍നിന്ന് അകന്നുപോകുന്നില്ല. അതിനു മുമ്പ് അനേകം ചെറിയ വാതിലുകള്‍ അവര്‍ കടന്നുപോകുന്നുണ്ട്.
ആ വാതിലുകളില്‍ പലതും തുറന്നുകൊടുക്കുന്നത് മറ്റാരുമല്ല, നമ്മള് തന്നെയാണ്. കുട്ടികള്‍ കാണുന്നത്, നമ്മള് പറയുന്നതിനെക്കാള്‍ ശക്തമാണ്. കുട്ടികളെ വളര്‍ത്തുന്നതില്‍ മാതാപിതാക്കളുടെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് നമ്മള് കരുതുന്നു.
”നന്നായി പഠിക്കണം.””മുതിര്‍ന്നവരെ ബഹുമാനിക്കണം.” ”കള്ളം പറയരുത്.””മോശം കൂട്ടുകെട്ടില്‍ പോകരുത്.” ”മൊബൈല്‍ അധികം ഉപയോഗിക്കരുത്.” നമ്മള് കുട്ടികള്‍ക്ക് ദിവസവും ഉപദേശങ്ങള്‍ നല്കുന്നു. പക്ഷേ കുട്ടികള്‍ കേള്‍ക്കുക മാത്രമല്ല; അവര്‍ കാണുകയും ചെയ്യുന്നു. അച്ഛന് വീട്ടിലെത്തിയാല്‍ ഫോണ്‍ താഴെവയ്ക്കാതെ മണിക്കൂറുകളോളം സ്ക്രീനില്‍ മുങ്ങിക്കിടക്കുന്നത് അവര്‍ കാണുന്നു. അമ്മ ഭക്ഷണമേശയിലും മൊബൈലില്‍ നോക്കുന്നത് അവര്‍ കാണുന്നു. കോപം വന്നാല്‍ മാതാപിതാക്കള്‍ പരസ്പരം അപമാനിക്കുന്നത് അവര്‍ കാണുന്നു. ബന്ധുക്കളെക്കുറിച്ച്, അയല്‍ക്കാരെ കുറിച്ച്, പുരോഹിതരെ കുറിച്ച് മോശമായി സംസാരിക്കുന്നത് അവര്‍ കേള്‍ക്കുന്നു. പണം, പദവി, അധികാരം എന്നിവയെ മനുഷ്യബന്ധങ്ങളേക്കാള് പ്രധാനമാക്കുന്നതും അവര്‍ ശ്രദ്ധിക്കുന്നു.
പിന്നീട് അതേ കുട്ടികളോട് മാതാപിതാക്കള്‍ പറയുന്നു: ”നല്ല മനുഷ്യനായി വളരണം.”
കുട്ടികളുടെ മനസ്സില്‍ അപ്പോള്‍ ഉയരുന്ന ചോദ്യം നമ്മള് കേള്‍ക്കുന്നില്ല: ”നല്ല മനുഷ്യന് എങ്ങനെയാണ് പെരുമാറുന്നത്?”
അതിനുള്ള ഉത്തരമാണ് അവന് വീട്ടില്‍നിന്ന് പഠിക്കുന്നത്. കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ആദ്യത്തെ പുസ്തകമാണ്. ആദ്യത്തെ അധ്യാപകരാണ്. ആദ്യത്തെ മാതൃകയാണ് എന്നൊക്കെ പറയാറുണ്ട്. കുട്ടികളെ വളര്‍ത്തുന്നതിന് മുമ്പ് മാതാപിതാക്കള്‍ സ്വന്തം ജീവിതത്തെ നോക്കേണ്ടിവരുമെന്നു മാത്രം പലപ്പോഴും ഓര്‍മിപ്പിക്കാറില്ല. സ്നേഹം എന്ന പേരില്‍ നല്കുന്ന എല്ലാ കാര്യങ്ങളും സ്നേഹമല്ല. അവരുടെ വലിയ ആശങ്ക കുട്ടികള്‍ക്ക് ഒന്നും കുറയരുത് എന്നതാണ്. തങ്ങള്‍ക്കു ലഭിക്കാതെ പോയതെല്ലാം മക്കള്‍ക്ക് നല്‍കണം. തങ്ങള്‍ നടക്കാതെ പോയ വഴികളിലൂടെ മക്കള്‍ സഞ്ചരിക്കണം. തങ്ങള്‍ക്ക് സ്വപ്നമായിരുന്ന ജീവിതം മക്കള്‍ക്ക് ഒരുക്കിക്കൊടുക്കണം.
ഇതില്‍ ഒട്ടും തെറ്റില്ല. പക്ഷേ സ്നേഹം അതിരുകളില്ലാത്ത അനുമതിയായി മാറുമ്പോഴാണ് പ്രശ്നം തുടങ്ങുന്നത്. കുട്ടി ചോദിക്കുന്നതെല്ലാം വാങ്ങിക്കൊടുക്കുന്നു. അവന് ആവശ്യപ്പെടുന്നതെല്ലാം സാധിച്ചുകൊടുക്കുന്നു. തെറ്റ് ചെയ്താലും ശാസിക്കുന്നില്ല. ”കുട്ടിയല്ലേ” എന്ന് പറഞ്ഞ് ഓരോ തെറ്റും മറച്ചുവയ്ക്കുന്നു. സ്കൂളില്‍ പരാതി വന്നാല്‍ ആദ്യം അധ്യാപകനെ കുറ്റപ്പെടുത്തുന്നു. കൂട്ടുകാരുമായി പ്രശ്നമുണ്ടായാല്‍ മകന്റെ ഭാഗം മാത്രം കേള്‍ക്കുന്നു. വീട്ടില്‍ നിയമങ്ങളില്ല. ഉത്തരവാദിത്വങ്ങളില്ല. ”ഇല്ല” എന്ന വാക്ക് കേള്‍ക്കേണ്ട സാഹചര്യമില്ല.
അങ്ങനെ വളരുന്ന കുട്ടിക്ക് ജീവിതത്തിലെ ആദ്യത്തെ വലിയ നിരസനം എവിടെയെങ്കിലും നിന്ന് കിട്ടുമ്പോള്‍ അതിനെ സ്വീകരിക്കാന്‍ കഴിയാതെ വരാം. ജീവിതം തന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് മാത്രം നടക്കില്ലെന്ന് അവന് പഠിച്ചിട്ടില്ലല്ലോ.
കുട്ടിക്ക് എല്ലാം കൊടുക്കുന്നത് വളര്‍ത്തല്‍ അല്ല. എന്ത് കൊടുക്കണം, എന്ത് കൊടുക്കരുത് എന്ന് പഠിപ്പിക്കുകയാണ് വളര്‍ത്തല്‍.
ചിലപ്പോള്‍ ഒരു ”ഇല്ല” എന്ന വാക്ക് കുട്ടിയോടുള്ള സ്നേഹത്തിന്റെ ഏറ്റവും കഠിനവും ഏറ്റവും ആവശ്യവുമായ രൂപമാണ്.
ഒരു കൗമാരക്കാരന് വേണ്ടത് സ്വാതന്ത്ര്യവും ഉത്തരവാദിത്വവും ഒരുമിച്ചുള്ള വളര്‍ച്ചയാണ്. ”നിനക്ക് തീരുമാനിക്കാം” എന്നതിനൊപ്പം ”നിന്റെ തീരുമാനത്തിന്റെ ഫലം നീ ഏറ്റെടുക്കണം” എന്നും പഠിപ്പിക്കണം. അതാണ് പക്വതയിലേക്കുള്ള വഴി.
കുടുംബം കുട്ടിയുടെ ആദ്യത്തെ സുരക്ഷിത ഇടമായിരിക്കണം. പക്ഷേ വീട്ടില്‍ മാതാപിതാക്കള്‍ തമ്മില്‍ സംസാരിക്കാന്‍ സമയമില്ലെങ്കില്‍? കുട്ടിയുടെ മനസ്സിലുള്ളത് കേള്‍ക്കാന്‍ ആരുമില്ലെങ്കില്‍? അവന്റെ പരാജയങ്ങള്‍ക്ക് പരിഹാസവും വിജയങ്ങള്‍ക്ക് മാത്രം കൈയടിയും ലഭിക്കുകയാണെങ്കില്‍? അവന് പതിയെ മറ്റൊരു ലോകം തേടും. ആ ലോകം ചിലപ്പോള്‍ കൂട്ടുകാരുടേതായിരിക്കും. ചിലപ്പോള്‍ സോഷ്യല്‍ മീഡിയയുടേത്. മറ്റു ചിലപ്പോള്‍ മയക്കുമരുന്നിന്റെ ഇരുണ്ട ലോകം.
കുട്ടിയുടെ മനസ്സില്‍ രൂപപ്പെടുന്ന ശൂന്യതയ്ക്ക് എന്തെങ്കിലും നിറം കൊടുക്കേണ്ടതുണ്ട്. ആ നിറം നല്ലതായിരിക്കണമെന്നില്ല.
അതുകൊണ്ടാണ് കുട്ടികളോട് ”ആരൊക്കെയാണ് നിന്റെ കൂട്ടുകാര്‍?” എന്നു ചോദിക്കുന്നതിനേക്കാള്‍ പ്രധാനമായി ”നിനക്ക് കൂട്ടുകാരെ കുറിച്ച് എന്താണ് തോന്നുന്നത്?” എന്നു ചോദിക്കേണ്ടത്. കൂട്ടുകാരുടെ പേര് മാത്രം അറിഞ്ഞാല്‍ പോരാ. അവരുടെ ലോകം അറിയണം. അവര്‍ സംസാരിക്കുന്ന കാര്യങ്ങള്‍ അറിയണം. അവരുടെ സ്വപ്നങ്ങളും ഭയങ്ങളും അറിയണം. മോശം കൂട്ടുകെട്ട് സൗഹൃദത്തിന്റെ വേഷത്തിലാണ് എത്തുന്നത്.
ഒരു കാലത്ത് കുട്ടികളുടെ ലോകം വീട്ടുമുറ്റത്തായിരുന്നു. ഇന്ന് കുട്ടിയുടെ മുറിക്കുള്ളില്‍ ലോകം മുഴുവന്‍ എത്തുന്നു.
ഒരു മൊബൈല്‍ ഫോണിന്റെ ചെറിയ സ്ക്രീനിലൂടെ. അറിവും അപകടവും അതിലുണ്ട്. സ്ക്രീനിന് പുറത്തൊരു ജീവിതം കുട്ടിക്ക് നല്‍കണം. സംസാരിക്കാന്‍ മാതാപിതാക്കളുണ്ടാകണം. കളിക്കാന്‍ കൂട്ടുകാരുണ്ടാകണം. വായിക്കാന്‍ പുസ്തകങ്ങളുണ്ടാകണം. പ്രകൃതിയുണ്ടാകണം. കലയും കായികവും ഉണ്ടാകണം. കുടുംബത്തിന്റെ വിശ്വാസപാരമ്പര്യത്തിനും ജീവിതത്തില്‍ ഇടമുണ്ടാകണം. അപ്പോള്‍ മൊബൈല്‍ ജീവിതത്തിന്റെ മുഴുവന്‍ ലോകമാകില്ല. മാതാപിതാക്കളുടെ ബന്ധത്തിലെ പ്രശ്നങ്ങള്‍ കുട്ടിയുടെ കുറ്റമല്ല. പക്ഷേ അതിന്റെ ആഘാതം അവന് അനുഭവിക്കണം.
വീണ്ടും ആ ഇരട്ടക്കുട്ടികളിലേക്ക്
വൈദികന്റെ മുന്നില്‍ കരഞ്ഞുനിന്ന ആ മാതാപിതാക്കളെ വീണ്ടും ഓര്‍ക്കാം. ഒരിക്കല്‍ മക്കളുടെ മുന്നില്‍ അദ്ദേഹം ഒരു വൈദികനെ പരിഹസിച്ചു. ഭാര്യ കണ്ടുനിന്നു. മക്കള്‍ പൊട്ടിച്ചിരിച്ചു. ആ ചിരിയുടെ അര്‍ത്ഥം അന്ന് ആ മാതാപിതാക്കള്‍ ചിന്തിച്ചില്ല. പക്ഷേ കുട്ടികള്‍ ആ ദിവസം എന്താണ് പഠിച്ചത്? മറ്റൊരാളുടെ വിശ്വാസത്തെ പരിഹസിക്കാം, അപമാനിക്കാം എന്നല്ലേ. ഒരു കുട്ടിയെ വളര്‍ത്തുന്നത് ഭാവിയെ വളര്‍ത്തുകയാണ് എന്നവര്‍ ചിന്തിച്ചില്ല. അവന് നാളെ സമൂഹത്തോട് എങ്ങനെ പെരുമാറും എന്നതിന്റെ വിത്തുകള്‍ ഇന്ന് അവന്റെ വീട്ടിലാണ് വിതയ്ക്കുന്നതെന്നവര് അറിഞ്ഞില്ല. അതുകൊണ്ട് കുട്ടികളുടെ വഴിതെറ്റലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ കുട്ടിയെ മാത്രം നോക്കരുത്. അവന്റെ വീട്ടിലേക്കു നോക്കണം, മാതാപിതാക്കളിലേക്കു നോക്കണം, സമൂഹത്തിലേക്കും നോക്കണം. ഇരുട്ടിലേക്ക് നടന്നുപോയാലും, ഒരു ചെറിയ വെളിച്ചം കാത്തിരിക്കുന്നുണ്ടെന്ന് അവര്‍ അറിയണം. ആ വെളിച്ചമാണ് കുടുംബം. ആ വെളിച്ചമാണ് മാതാപിതാക്കളുടെ സ്നേഹം.
ഒരിക്കല്‍ ”ബംഗാളി” എന്ന് വിളിച്ച് പരിഹസിച്ച ആ വൈദികന്റെ മുന്നില്‍ കണ്ണീരോടെ നിന്ന അച്ഛന് ഒടുവില്‍ തിരിച്ചറിയേണ്ടിവന്നതും അതുതന്നെയായിരുന്നു.
ജീവിതത്തിന്റെ ഏതെങ്കിലും വഴിയില്‍ തങ്ങളുടെ മക്കള്‍ വീണുപോയാല്‍ അവനെ ഉയര്‍ത്താന്‍ ആദ്യം ഓടിയെത്തേണ്ടത് മാതാപിതാക്കളാണ്. അതിനുപകരം അവര്‍ അവന്റെ മുമ്പില്‍ വാരിക്കുഴി കുത്തുന്നവരാകരുത്. അവന് വീട്ടിലേക്കുള്ള വഴി മറന്നുപോയാലും, വീടിന്റെ വാതില്‍ അവനുവേണ്ടി തുറന്നുതന്നെയുണ്ടാകണം. ധൂര്‍ത്തു പുത്രനെ കാത്തിരുന്ന അച്ഛനാകണം.

