കൊച്ചി: പരിമിതികളെ ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് മറികടന്ന് ലോകത്തിന്റെ നെറുകയിൽ ഇടംപിടിച്ച് മലയാളിയായ സഞ്ജു ഹരോൾഡ്. തുർക്കിയിൽ നവംബറിൽ നടന്ന പവർലിഫ്റ്റിങ് ലോക ചാമ്പ്യൻഷിപ്പിൽ 59 കിലോ വിഭാഗത്തിൽ സ്വർണമെഡൽ നേടിയാണ് സഞ്ജു ലോകചാമ്പ്യനായത്.
കത്രിക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവകാംഗങ്ങളായ കുറ്റിക്കൽ ഹരോൾഡിന്റെയും നെക്സിയുടെയും മകനാണ് 26 വയസ്സുകാരനായ സഞ്ജു. ഭിന്നശേഷിക്കാരനായ സഞ്ജു വർഷങ്ങളായുള്ള കഠിനപരിശീലനത്തിലൂടെയും അചഞ്ചലമായ ആത്മവിശ്വാസത്തിലൂടെയുമാണ് ഈ അഭിമാനനേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം റൊമാനിയയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയ സഞ്ജു ഇത്തവണ സ്വർണം കരസ്ഥമാക്കി ലോകത്തിന്റെ നെറുകയിൽ എത്തുകയായിരുന്നു.
കായികരംഗത്ത് നിരവധി നേട്ടങ്ങൾ ഇതിനകം സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്. സെപ്റ്റംബറിൽ തായ്ലൻഡിൽ നടന്ന ഇന്റർനാഷണൽ യോഗാസന ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയിട്ടുണ്ട്. ഏഷ്യ-പസഫിക് റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണമെഡലുകളും പവർലിഫ്റ്റിങ്, റോളർ സ്കേറ്റിങ് ഇനങ്ങളിലായി പന്ത്രണ്ടോളം ദേശീയ മെഡലുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഡൽഹിയിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സ് ഭാരതിന്റെ ബൗളിങ് ചാമ്പ്യൻഷിപ്പിലും സഞ്ജു സ്വർണമെഡൽ നേടിയിട്ടുണ്ട്.കായികരംഗത്തിനപ്പുറവും വൈവിധ്യമാർന്ന കഴിവുകളുടെ ഉടമയാണ് സഞ്ജു. ടേബിൾ ടെന്നീസ്, നീന്തൽ, നൃത്തം, ചെണ്ടമേളം, ഫാഷൻ ഷോ തുടങ്ങിയ മേഖലകളിലും താൽപര്യമുള്ള സഞ്ജു സിനിമയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.
‘അഞ്ചു സെന്റും സെലിനയും’ എന്ന സിനിമയിൽ മാത്യൂസിനും അന്ന ബെന്നിനുമൊപ്പം അഭിനയിച്ചിട്ടുണ്ട്. പ്രതിസന്ധികളെ അതിജീവിച്ച് വിവിധ മേഖലകളിൽ മികവു തെളിയിക്കുന്ന സഞ്ജുവിന്റെ നേട്ടം രാജ്യത്തിനും നാടിനും വലിയ അഭിമാനമായി മാറുകയാണ്. ആത്മവിശ്വാസവും കഠിനാധ്വാനവും കൈമുതലാക്കിയാൽ പരിമിതികളെ വിജയത്തിന്റെ ചവിട്ടുപടികളാക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സഞ്ജുവിന്റെ ജീവിതം.

