കീവ്: റഷ്യൻ അധിനിവേശത്തെത്തുടർന്ന് യുക്രൈനിൽ തുടരുന്ന യുദ്ധത്തിൽ ഇതുവരെ 120 വൈദികർ കൊല്ലപ്പെടുകയും എണ്ണൂറോളം ആരാധനാലയങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി വെളിപ്പെടുത്തി. യുദ്ധം നാലാം വർഷത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ രാജ്യത്തിന്റെ മതപരവും ചരിത്രപരവും സാംസ്കാരികവുമായ പൈതൃകത്തിനുണ്ടായ വൻനാശമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
റഷ്യൻ അധിനിവേശത്തിലുള്ള പ്രദേശങ്ങളിൽ ക്രൈസ്തവരുടെ ആരാധനകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വിശ്വാസികളെ തടങ്കലിലാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ.തകർന്ന ആരാധനാലയങ്ങളിൽ ചിലതിന് ആയിരത്തോളം വർഷം പഴക്കമുണ്ടെന്നും ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവ ഉപയോഗിച്ചാണ് ആക്രമണങ്ങൾ നടത്തിയതെന്നും സെലെൻസ്കി പറഞ്ഞു.
സാധാരണ അറ്റകുറ്റപ്പണികളിലൂടെ പരിഹരിക്കാനാവാത്ത വിധത്തിലുള്ള നാശനഷ്ടങ്ങളാണ് പല ആരാധനാലയങ്ങൾക്കും സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ പടിഞ്ഞാറൻ യുക്രൈനിലെ ലിവിവ് നഗരത്തിലെ ചരിത്രപ്രസിദ്ധമായ ബെർണാർഡിൻ ആശ്രമ സമുച്ചയത്തിനും സെന്റ് മേരി മഗ്ദലൻ പള്ളിക്കും നേരെ റഷ്യൻ വ്യോമാക്രമണം നടന്നിരുന്നു. വിശുദ്ധവാരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയായിരുന്നു ആക്രമണം.കഴിഞ്ഞ ഓഗസ്റ്റിൽ ഖാർകിവിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ യുക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ കത്തീഡ്രൽ ദേവാലയത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു. യുദ്ധം രാജ്യത്തെ ജനജീവിതത്തോടൊപ്പം ക്രൈസ്തവ വിശ്വാസകേന്ദ്രങ്ങളുടെയും ചരിത്രസ്മാരകങ്ങളുടെയും നിലനിൽപ്പിനും വലിയ ഭീഷണിയായി തുടരുകയാണ്.

