ചെഷയർ: ഇംഗ്ലണ്ടിലെ വാറിങ്ടണിലുള്ള ബ്യൂസി സെന്റ് ആൽബൻസ് കത്തോലിക്കാ ദേവാലയത്തിനു മുന്നിൽ സ്ഥാപിച്ച യുദ്ധസ്മാരകത്തിലെ ക്രൂശിതരൂപം അജ്ഞാതർ തകർത്തു. യേശുക്രിസ്തുവിന്റെ ശിരസ്സ് ഛേദിച്ച അക്രമികൾ സ്മാരകത്തിൽ കത്തോലിക്കാ സഭയെ അധിക്ഷേപിക്കുന്ന വാക്കുകളും എഴുതിവച്ചു.
സംഭവത്തിൽ 42 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ആക്രമണം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ പള്ളിയിലെത്തിയ വിശ്വാസിയാണ് സ്മാരകം നശിപ്പിക്കപ്പെട്ട വിവരം ശ്രദ്ധയിൽപ്പെടുത്തിയത്. സംഭവത്തിൽ വിദ്വേഷ കുറ്റകൃത്യമെന്ന സംശയത്തിൽ ചെഷയർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിനുവേണ്ടി ജീവൻ ബലിനൽകിയവരെ ആദരിക്കുന്നതിനായി സ്ഥാപിച്ച സ്മാരകത്തിനു നേരെയുണ്ടായ ആക്രമണം ഏറെ വേദനാജനകമാണെന്ന് ചീഫ് ഇൻസ്പെക്ടർ ജോസഫ് മക്നാലി പറഞ്ഞു. ഇത്തരം സ്മാരകങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ വീരമൃത്യു വരിച്ച ഇടവകാംഗങ്ങളുടെ സ്മരണയ്ക്കായാണ് ദേവാലയമുറ്റത്ത് ഈ സ്മാരകം സ്ഥാപിച്ചത്. പ്രദേശത്ത് അടുത്തിടെ നടന്ന മറ്റ് അതിക്രമങ്ങളുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

