ന്യൂഡൽഹി: രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ സാധുത വീണ്ടും പരിശോധിക്കണമെന്ന് സുപ്രീംകോടതി. രാജ്യത്തെ ജനനനിരക്കിൽ ഗണ്യമായ കുറവുണ്ടായ പശ്ചാത്തലത്തിൽ ഇത്തരം നിയമങ്ങളുടെ കാലിക പ്രസക്തി പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ഇതുസംബന്ധിച്ച് 2003ൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കുന്നതിനായി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. മൂന്നാമത്തെ കുട്ടി ജനിച്ചതിനെത്തുടർന്ന് മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്ത് നിയമപ്രകാരം അയോഗ്യയാക്കപ്പെട്ട മുൻ സർപഞ്ച് മംഗള ഭീംറാവു സമർപ്പിച്ച ഹർജിയിലാണ് നടപടി. ഹർജി പരിഗണിച്ച കോടതി ഇവരുടെ അയോഗ്യത റദ്ദാക്കുകയും ചെയ്തു.ചില സംസ്ഥാനങ്ങളിൽ മാത്രം നിലവിലുള്ള രണ്ടുകുട്ടി നിബന്ധനയുടെ ഭരണഘടനാപരമായ സാധുതയും ഇന്നത്തെ ജനസംഖ്യാപരമായ സാഹചര്യത്തിൽ അതിന്റെ പ്രസക്തിയുമാണ് ഇനി വിശാല ബെഞ്ച് പരിശോധിക്കുക.

