കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലെയും ഫാസ്റ്റിവിലെയും കാരുണ്യപ്രവർത്തന കേന്ദ്രങ്ങൾ സന്ദർശിച്ചതോടെ പാപ്പായുടെ കാരുണ്യദൂതനായ ആർച്ച് ബിഷപ്പ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിന്റെ യുക്രെയ്ൻ സന്ദർശനം പൂർത്തിയായി. പരിശുദ്ധ പിതാവിന്റെ പ്രതിനിധിയായി എത്തിയ അദ്ദേഹം, യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ജനതയോടുള്ള സഭയുടെ ഐക്യദാർഢ്യവും സാമീപ്യവും അറിയിച്ചു. യുദ്ധത്തിൽ മക്കളെ നഷ്ടപ്പെട്ട അമ്മമാരുമായുള്ള കൂടിക്കാഴ്ച ഏറെ ഹൃദയസ്പർശിയായി. സമാധാനം കാംക്ഷിക്കുന്ന മുറിവേറ്റ ജനതയെ ദൈവകരങ്ങളിൽ സമർപ്പിച്ചുകൊണ്ടുള്ള നിരന്തര പ്രാർത്ഥനയും സന്ദർശനത്തിന്റെ ഭാഗമായി.
യുദ്ധത്തിൽ കാണാതായതോ കൊല്ലപ്പെട്ടതോ ആയ മക്കളുടെ ഓർമയ്ക്കായി കൈകളിൽ പൂക്കളേന്തിയാണ് നിരവധി യുക്രെയ്ൻ അമ്മമാർ ആർച്ച് ബിഷപ്പ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിനെ സ്വീകരിച്ചത്. ഒക്ടോബർ 30-ന് യുക്രെയ്നിലെ സന്ദർശനത്തിന്റെ അവസാനദിനത്തിലായിരുന്നു ഈ കൂടിക്കാഴ്ച. ദുഃഖവും വേദനയും ഉള്ളിലൊതുക്കി ഏറെ വികാരനിർഭരമായാണ് അമ്മമാർ അദ്ദേഹത്തെ സ്വീകരിച്ചത്. തങ്ങളുടെ തീരാവേദന പരസ്പരം പങ്കുവച്ചും ആശ്വസിപ്പിച്ചും മുന്നോട്ടുപോകാൻ ശ്രമിക്കുന്ന അമ്മമാരുടെ മുഖങ്ങളിൽ വലിയ ആത്മധൈര്യവും അന്തസ്സും പ്രകടമായിരുന്നു.
കീവിൽനിന്ന് ഏകദേശം ഒരു മണിക്കൂർ യാത്രാദൂരത്തിലുള്ള ഫാസ്റ്റിവിലായിരുന്നു കൂടിക്കാഴ്ച. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടന്നതിനെത്തുടർന്ന് സൈറണുകളുടെ തുടർച്ചയായ മുഴക്കവും സ്ഫോടനങ്ങളുടെ പ്രകമ്പനവും രാത്രിയെ ഭീതിയിലാഴ്ത്തിയ ശേഷമായിരുന്നു ആ ദിവസത്തെ സന്ദർശന പരിപാടികൾ ആരംഭിച്ചത്.അപ്പസ്തോലിക് നുൺഷ്യേച്ചറിൽ വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടായിരുന്നു ദിവസത്തെ പരിപാടികൾക്ക് തുടക്കം. തുടർന്ന് മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ കീവിന്റെ പ്രാന്തപ്രദേശത്തുള്ള ഭവനം സന്ദർശിച്ചു. സ്ഫോടനങ്ങളിൽ തകർന്ന കെട്ടിടങ്ങളും അവശിഷ്ടങ്ങൾ കുന്നുകൂടിക്കിടക്കുന്ന തെരുവുകളും പിന്നിട്ടായിരുന്നു ഇവിടേക്കുള്ള യാത്ര. യുദ്ധം ജനജീവിതത്തിലും ഭവനങ്ങളിലും ഏൽപ്പിച്ച ആഴത്തിലുള്ള മുറിവുകളുടെ നേർക്കാഴ്ചയായിരുന്നു ഈ യാത്ര.

