തിരുവനന്തപുരം: വിഴിഞ്ഞം വാണിജ്യ തുറമുഖവുമായി ബന്ധപ്പെട്ട സാമൂഹ്യ-പാരിസ്ഥിതിക ആഘാതപഠന റിപ്പോർട്ടിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് കേരള ഹൈക്കോടതി റിപ്പോർട്ട് തള്ളിയതിനെ സ്വാഗതം ചെയ്ത് മത്സ്യത്തൊഴിലാളി സംഘടനകൾ. അദാനി പോർട്ടിന് അനുകൂലമായ രീതിയിൽ വേണ്ടത്ര പഠനങ്ങൾ നടത്താതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും തീരദേശ ജനതയുടെ ആശങ്കകളും നിവേദനങ്ങളും പരിഗണിച്ചില്ലെന്നും വിമർശനം ഉയർന്നു.
എം.ഡി. കടാവലെ, ഡോ. പി.വി. ചന്ദ്രമോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതി 2023 മേയ് 23-ന് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അദാനി കമ്പനിയുടെ പദ്ധതികളുമായി മുൻകൂട്ടി ബന്ധമുള്ളവർ സമിതിയിൽ ഉൾപ്പെട്ടിരുന്നതായും മതിയായ പഠനങ്ങളില്ലാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. വിവിധ സംഘടനകളും മത്സ്യത്തൊഴിലാളികളും സമർപ്പിച്ച നിവേദനങ്ങൾ പരിഗണിച്ചില്ലെന്നും തീരശോഷണം, തൊഴിൽനഷ്ടം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകിയില്ലെന്നും പരാതിയുണ്ട്. തീരശോഷണത്തിന് ചുഴലിക്കാറ്റ് പോലുള്ള കാരണങ്ങൾ മാത്രമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയതെന്നും വിമർശനമുയർന്നു. എം.ഡി. കടാവലെ നേരത്തേ നടത്തിയ ശാസ്ത്രീയ പഠനങ്ങളിലെ കണ്ടെത്തലുകൾക്ക് വിരുദ്ധമായാണ് അദാനി പോർട്ടിനുവേണ്ടി റിപ്പോർട്ട് തയ്യാറാക്കിയതെന്നും മത്സ്യത്തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേരള സർക്കാർ സ്വതന്ത്ര സമിതിയെ നിയോഗിച്ച് സമഗ്രമായ പഠനം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികൾക്കുവേണ്ടി സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, അഡ്വ. അജിത ജോയി, അഡ്വ. സായൂജ്യ രാധാകൃഷ്ണൻ, അഡ്വ. അനീഷ് ജയിംസ് എന്നിവർ കോടതിയിൽ ഹാജരായി. തീരദേശത്തെ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പാരിസ്ഥിതികവും സാമൂഹികവുമായ പ്രശ്നങ്ങളും തൊഴിൽനഷ്ടവും സത്യസന്ധമായി വിലയിരുത്തുന്നതിന് മത്സ്യത്തൊഴിലാളി മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി സ്വതന്ത്ര പഠനം നടത്തണം. പഠനത്തിന്റെ അടിസ്ഥാനത്തിൽ തീരദേശ സമൂഹത്തിനുണ്ടാകുന്ന ഗുരുതരമായ ആഘാതങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കെഎൽസിഎ പ്രസിഡന്റ് പാട്രിക് മൈക്കിളും വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേരയും ആവശ്യപ്പെട്ടു.

