തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്കും അംഗവൈകല്യം സംഭവിക്കുന്നവർക്കും പരിക്കേൽക്കുന്നവർക്കും നൽകുന്ന നഷ്ടപരിഹാരവും ചികിത്സാ ധനസഹായവും 25 ശതമാനം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി.
വന്യജീവി ആക്രമണങ്ങളിലൂടെയുണ്ടാകുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി വനംവകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു. പുതിയ ഉത്തരവുപ്രകാരം വന്യജീവി ആക്രമണത്തിൽ മരണം സംഭവിച്ചാൽ നൽകുന്ന നഷ്ടപരിഹാരം 14 ലക്ഷം രൂപയിൽനിന്ന് 17.5 ലക്ഷം രൂപയായി ഉയർത്തി. പാമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ മരണം സംഭവിച്ചാൽ നൽകുന്ന തുക നാലു ലക്ഷം രൂപയിൽനിന്ന് അഞ്ചു ലക്ഷം രൂപയാക്കി.40 മുതൽ 60 ശതമാനം വരെ അംഗവൈകല്യം സംഭവിക്കുന്നവർക്ക് രണ്ടു ലക്ഷം രൂപയ്ക്കു പകരം 2.5 ലക്ഷം രൂപയും 60 ശതമാനത്തിലധികം അംഗവൈകല്യം സംഭവിക്കുന്നവർക്ക് 2.5 ലക്ഷം രൂപയ്ക്കു പകരം 3,12,500 രൂപയും ലഭിക്കും.ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുന്ന പരിക്കുകൾക്ക് അവയുടെ ഗുരുതരാവസ്ഥ അനുസരിച്ച് 1.25 ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കും. ഒരാഴ്ചയിലധികം ആശുപത്രിവാസം ആവശ്യമായി വരുന്ന ഗുരുതര പരിക്കുകൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് (CMDRF) ഒരു ലക്ഷം രൂപ വരെ അനുവദിക്കാം.
അതീവ ഗുരുതരമായി പരിക്കേൽക്കുന്നവർക്കും ദീർഘകാല ചികിത്സ ആവശ്യമായി വരുന്നവർക്കും ചികിത്സയ്ക്കായി വലിയ തുക ചെലവാകുന്ന സാഹചര്യത്തിൽ, ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ചെലവായ യഥാർഥ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിക്കാനും ഉത്തരവിൽ വ്യവസ്ഥയുണ്ട്. വന്യജീവി ആക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് കൂടുതൽ സാമ്പത്തിക പിന്തുണയും ആശ്വാസവും ഉറപ്പാക്കുന്നതാണ് സർക്കാർ നടപടി.

