വത്തിക്കാൻ സിറ്റി : പരിസ്ഥിതി നാശത്തിൽനിന്ന് ഭൂമിയെയും മനുഷ്യരാശിയെയും സംരക്ഷിക്കാൻ കൂടുതൽ ഉത്തരവാദിത്വത്തോടെയുള്ള പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് കർദ്ദിനാൾ മൈക്കിൾ ചേർണി. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ശ്രമങ്ങളിൽനിന്ന് പിന്നോട്ടുപോകരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അമേരിക്കയിലെ വില്ലനോവ സർവകലാശാല ഏർപ്പെടുത്തിയ ആദ്യ ‘ലിയോ പതിനാലാമൻ പാപ്പാ സുസ്ഥിരതാ പുരസ്കാരം’ ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.സമഗ്രമാനവികവികസനത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ മുൻ അധ്യക്ഷനായ കർദ്ദിനാൾ ചേർണി, മനുഷ്യാന്തസ്സിന്റെ സംരക്ഷണം, സാമൂഹികനീതി, കുടിയേറ്റക്കാരുടെ ക്ഷേമം, സൃഷ്ടിയുടെ സംരക്ഷണം എന്നീ മേഖലകളിൽ അഞ്ചു പതിറ്റാണ്ടിലേറെയായി നടത്തിയ സേവനങ്ങൾ പരിഗണിച്ചാണ് പുരസ്കാരത്തിന് അർഹനായത്.
വില്ലനോവ സർവകലാശാലയിലെ പൂർവ്വവിദ്യാർത്ഥിയായ ലിയോ പതിനാലാമൻ പാപ്പായുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം ഒക്ടോബർ 13 ചൊവ്വാഴ്ച കസ്തേൽ ഗന്തോൾഫോയിൽവച്ചാണ് കർദ്ദിനാൾ ഏറ്റുവാങ്ങിയത്.വിശുദ്ധ ഗ്രന്ഥവും മറ്റു കൃതികളും തന്റെ ചിന്തകളെയും പ്രവർത്തനങ്ങളെയും രൂപപ്പെടുത്തുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ പ്രതിസന്ധികളെ പ്രകൃതിയുടെ നാശത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളായി മാത്രം കാണാതെ, വലിയ പാരിസ്ഥിതിക ദുരന്തങ്ങൾക്കു മുമ്പ് ഭൂമിയെ സംരക്ഷിക്കാനുള്ള അവസരമായി കണക്കാക്കണമെന്നും കർദ്ദിനാൾ ഓർമ്മിപ്പിച്ചു.വത്തിക്കാൻ ന്യൂസ്

