”ഞാൻ ഭാരതത്തില്‍ ജനിച്ചവളാണ്. അതിനാല്‍തന്നെ അന്ധകാരത്തില്‍ കഴിയുന്ന എന്റെ സഹോദരനോട് എനിക്ക് അതിയായ സ്നേഹമുണ്ട്.”ഒരു നൂറ്റാണ്ടിനപ്പുറം ദൈവദാസി മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ എഴുതിവച്ച സ്നേഹം നിറച്ച ഈ അക്ഷരങ്ങള്‍ ചരിത്രത്തിന്റെ താളുകള്‍ക്ക് വര്‍ണ്ണാഭ നല്‍കുന്നുണ്ട്. തമിഴ്നാട്ടിലെ ജോര്‍ജ്ജ് ടൗണില്‍ ജനിച്ച്, പിന്നീട് ദൈവത്തിന്റെ പ്രത്യേക പദ്ധതിയാല്‍ എറണാകുളത്ത് ഒരു സന്ന്യാസമഠം സ്ഥാപിക്കുകയും, തന്റെ ഹൃദയത്തില്‍ നിറഞ്ഞു കവിഞ്ഞ ദൈവസ്നേഹത്തെ അപരന് പകര്‍ന്നു നല്കുവാന് നൂതന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്ത ദൈവദാസി മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ ചരിത്രം മറന്ന ചരിത്ര വനിതയാണ്.ജാതിവ്യവസ്ഥ നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍, സ്ത്രീകള്‍ അടിമകളായി കണക്കാക്കപ്പെട്ടിരുന്ന ഒരു സമൂഹത്തില്‍ അവരുടെ ഉന്നമനത്തിനായ് യത്നിച്ച ദൈവദാസി മദര്‍ തെരേസ ആ കാലഘട്ടത്തിന്റെ ഉരുക്കുവനിതയായിരുന്നു. സേവനപാതയില്‍ താന്‍ നേരിടേണ്ടിവന്ന എല്ലാ പ്രശ്നങ്ങളെയും ദൈവാശ്രയ ബോധത്തോടെ നേരിട്ടുകൊണ്ട് സ്നോഹത്തിന്റെ, സാഹോദര്യത്തിന്റെ ഒരു പുതിയ കവിതയെഴുതി മദര്‍ തെരേസ.
വിദ്യാഭ്യാസത്തിലൂടെ ഒരു ജനതയെ നവോത്ഥാനത്തിന്റെ പാതയിലേക്ക് കൈപിടിച്ചു കയറ്റിയ മദര്‍ തെരേസയെ ചരിത്രം ഒരു നൂറ്റാണ്ടിലേറെയായ് മറന്നിരുന്നു. അടുക്കളയിലെ പാത്രം കഴുകുന്ന കൈകള്‍ക്ക് ഭരണചക്രം തിരിക്കുവാനുള്ള കഴിവും കരുത്തുമുണ്ടെന്ന് മദര്‍ തിരിച്ചറിഞ്ഞു. കൈത്തൊഴില്‍ പരിശീലനവും, അനാഥമന്ദിരവും, വൃദ്ധമന്ദിരവും, കല്ല്യാണം കഴിക്കാത്ത അമ്മമാര്‍ക്കായുള്ള ഭവനവുമൊക്കെ കാലഘട്ടത്തിന്റെ ആവശ്യമെന്ന് മനസ്സിലാക്കിയ ആ അമ്മ, ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിച്ചുകൊണ്ട് ചരിത്രം തിരുത്തിയെഴുതുകയായിരുന്നു. അനാചാരത്തിന്റെയും, അന്ധവിശ്വാസത്തിന്റെയും, ജാതിവ്യവസ്ഥയുടെയും മതിലുകള്‍ തകര്ത്തെറിയുന്നതിനായ് നൂതനരീതികള്‍ ആവിഷ്ക്കരിക്കുന്നതില്‍ മദര്‍ വിജയിച്ചു. മത്സ്യബന്ധന ഗ്രാമമായിരുന്ന കൊച്ചിയുടെ ഹൃദയഭാഗത്ത് ഒരു മഠം സ്ഥാപിച്ചുകൊണ്ട് തന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ചുക്കാന്‍ പിടിച്ച മദര്‍ ഒരു നൂറ്റാണ്ടിനിപ്പുറം ഇന്നും അവഗണനയുടെ പുറംതാളില്‍ ഒറ്റപ്പെട്ടിരിക്കുന്നു.ഇനി ഒരു പുതിയ തുടക്കമാണ്. മറവിയുടെ ചാരത്തില്‍ നിന്നും, അഗ്നികുണ്ഡമായ അമ്മയുടെ പ്രവര്‍ത്തനത്തെ ചരിത്രത്തിന്റെ താളുകളില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ട സമയം ആഗതമായിരിക്കുന്നു. സിഎസ്എസ്ടി സഭ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സേവനത്തിലൂടെ ആ അമ്മ പകര്‍ന്നുതന്ന ജ്വാല ആളിക്കത്തിക്കുമ്പോള്‍, ഇന്നും മദര്‍ തെരേസ തിരുത്തിയെഴുതിയ ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്. ചരിത്രം മറന്ന ആ ചരിത്രവനിതയെ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടുന്ന ദീപശിഖകളായി മാറുവാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.2026 സെപ്റ്റംബര്‍ 12-ന് മദറിന്റെ 124-ാം ചരമദിനം ആചരിക്കുമ്പോള്‍ അമ്മ പകര്‍ന്നു നല്കിയ നന്മയുടെ തിരിവെട്ടം ഇനിയും ഞങ്ങള്‍ അണയാതെ കാക്കും എന്ന ഉറപ്പോടെ സിഎസ്എസ്ടി സഭ ഇനിയും അനേകം കാതങ്ങള്‍ നടന്നു നീണ്ടുനിന്നു

