കൊച്ചി: സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സർക്കാർ നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ (എഐസിയു) സംസ്ഥാന സമിതി.
യുവജനങ്ങളെ ലഹരിയുടെ പിടിയിൽനിന്ന് മോചിപ്പിക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന തൂഫാൻ പദ്ധതിക്ക് സംഘടന പൂർണ പിന്തുണ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.എഐസിയു എക്ലേസിയാസ്റ്റിക്കൽ അഡ്വൈസറി സമിതി ചെയർമാനും കോതമംഗലം ബിഷപ്പുമായ മാർ മഠത്തിക്കണ്ടത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. തൂഫാൻ പദ്ധതിക്ക് നേതൃത്വം നൽകുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അദ്ദേഹം അഭിനന്ദിച്ചു. ലഹരിയുടെ ഉറവിടങ്ങൾ കണ്ടെത്തി ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും മലയോര കർഷകരുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുൻ സംസ്ഥാന പ്രസിഡന്റ് ആന്റണി തൊമ്മാന അധ്യക്ഷത വഹിച്ചു. സി.ജെ. ജെയിംസ്, ബാബു അത്തിപ്പൊഴിയിൽ, ജോസ് ആന്റണി, ജോസ് മാർട്ടിൻ, കെ.പി. സൈറസ് എന്നിവർ പ്രസംഗിച്ചു.ക്രൈസ്തവസമൂഹം നേരിടുന്ന വിവിധ വെല്ലുവിളികളും എഫ്സിആർഎ ബില്ലും ചർച്ച ചെയ്യുന്നതിനായി സെപ്റ്റംബർ 22ന് പിഒസിയിൽ ദേശീയ സെമിനാർ നടത്താനും യോഗം തീരുമാനിച്ചു. അൽഫോൻസ് പെരേര ചെയർമാനും സൈബി അക്കര, ഫ്രാൻസി ആന്റണി, ബാബു അമ്പലത്തുംകാലാ, പ്രഫ. ജെ. ജെക്കബ്, ജോൺ ബ്രിട്ടോ, സെബാസ്റ്റ്യൻ വടശേരി എന്നിവർ കൺവീനർമാരുമായുള്ള സമിതിക്കാണ് സെമിനാറിന്റെ ചുമതല.

