സാഗർ : മധ്യപ്രദേശിലെ സാഗർ ജില്ലയിൽ മതപരമായ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ക്രൈസ്തവ വിശ്വാസികളെ ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തകർ തടഞ്ഞത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. സാഗർ രൂപതയ്ക്ക് കീഴിലുള്ള ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിലെ നവസന്യാസിനികളുടെ പ്രഥമ വ്രതവാഗ്ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ കുടുംബാംഗങ്ങളെയാണ് വെള്ളിയാഴ്ച രാത്രി പ്രതിഷേധക്കാർ തടഞ്ഞത്.
ഖുറായ് ടൗണിലെ ബീന റോഡിലുള്ള ഹോളി ഫാമിലി കോൺവെന്റ് കാമ്പസിലായിരുന്നു സംഭവം. കോൺവെന്റിൽ മതപരിവർത്തനം നടക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് ഒരു സംഘം പ്രവർത്തകർ സ്ഥലത്തെത്തിയത്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് ആളുകളെ എത്തിച്ച് പ്രാർത്ഥനയുടെ മറവിൽ മതപരിവർത്തനത്തിന് ശ്രമിക്കുകയാണെന്ന ആരോപണവും പ്രതിഷേധക്കാർ ഉന്നയിച്ചു.
എന്നാൽ, ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ ക്രൈസ്തവ വിശ്വാസികളാണെന്നും നവസന്യാസിനികളുടെ വ്രതവാഗ്ദാന ചടങ്ങിനായാണ് ഒത്തുചേർന്നതെന്നും വ്യക്തമാക്കി. ആരോപണങ്ങളെ തുടർന്ന് പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെ ഖുറായ്, ബീന, ഖിംലാസ പോലീസ് സ്റ്റേഷനുകളിൽനിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.സംഭവവുമായി ബന്ധപ്പെട്ട് കോൺവെന്റ് അധികൃതരുമായും സ്ഥലത്തുണ്ടായിരുന്നവരുമായും പോലീസ് വിവരങ്ങൾ ശേഖരിച്ചു.

