ചെന്നൈ: വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ മരണത്തിന്റെ 800-ാം വാർഷികവും ലെയോ പതിനാലാമൻ പാപ്പാ പ്രഖ്യാപിച്ച ജൂബിലി വർഷവും പ്രമാണിച്ച്, ഏഷ്യയിൽ വിശുദ്ധ ഫ്രാൻസിസിന്റെ മാതൃകയിൽ സുവിശേഷം അറിയിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ത്യയിൽ ആദ്യ ഫ്രാൻസിസ്കൻ മിഷനറി സിമ്പോസിയം ഓഗസ്റ്റ് 1, 2 തീയതികളിൽ നടക്കും.വിശുദ്ധ തോമാശ്ലീഹായുടെ കബറിടത്തോട് ചേർന്നുള്ള സെന്റ് തോമസ് ബസിലിക്കയിലാണ് സമ്മേളനം നടക്കുന്നതെന്ന് ഫീദെസ് അറിയിച്ചു.
പൊന്തിഫിക്കൽ മിഷനറി യൂണിയൻ (PMU) അന്താരാഷ്ട്ര സെക്രട്ടേറിയറ്റ്, ദൈവശാസ്ത്ര-മിഷൻ പഠനങ്ങൾക്കായുള്ള ഫ്രാൻസിസ്കൻ ഇൻസ്റ്റിറ്റ്യൂട്ട് (FIATS), ഫ്രാൻസിസ്കൻ പഠനരംഗത്തെ ആധികാരിക പ്രസിദ്ധീകരണമായ താവു (TAU), ഏഷ്യൻ ഫ്രാൻസിസ്കൻ മിഷൻ (AFM) എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്.2026-ലെ ലോക മിഷൻ ഞായറിനായി ലെയോ പതിനാലാമൻ പാപ്പാ നൽകിയ സന്ദേശത്തിൽ സുവിശേഷദൗത്യത്തിന്റെ അടിസ്ഥാനം ദൈവസ്നേഹമാണെന്ന് ഓർമിപ്പിക്കുകയും, വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ മാതൃകയിൽ ക്രിസ്തുവിന്റെ സ്നേഹത്തിന് ലോകത്തിൽ സാക്ഷ്യം വഹിക്കാൻ വിശ്വാസികളെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഈ ആഹ്വാനത്തിന് തുടർച്ചയായാണ് പ്രഥമ ഫ്രാൻസിസ്കൻ മിഷനറി സിമ്പോസിയം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
