റോം: ലെബനോനിലെ ഡെബെൽ ഗ്രാമത്തിൽ ഇസ്രായേൽ സൈനികർ തകർത്ത കുരിശ് പുനഃസ്ഥാപിച്ച ഇറ്റാലിയൻ സേനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി ജോർജിയ മെലോണി. ഇസ്രായേൽ പ്രതിരോധ സേനയിലെ (IDF) സൈനികൻ അശുദ്ധമാക്കി നശിപ്പിച്ച ക്രൂശിത രൂപം, ലെബനോനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയിലെ (UNIFIL) ഇറ്റാലിയൻ സൈനികരാണ് പുനഃസ്ഥാപിച്ചത്.
ലെബനനിലെ ഡെബെൽ ഗ്രാമത്തിന് പുതിയ കുരിശുരൂപം സംഭാവന ചെയ്തുള്ള തീരുമാനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി കമാൻഡർ ഡിയോഡാറ്റോ അബാഗ്നാരയ്ക്കും മുഴുവൻ ഇറ്റാലിയൻ സംഘത്തിനും നന്ദി അറിയിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഐഡിഎഫ് പട്ടാളക്കാരൻ ക്രൂശിത രൂപം നശിപ്പിച്ച അതേ സ്ഥലത്ത് മറ്റൊരു രൂപം കൈമാറി സ്ഥാപിക്കുന്നതിന്റെ ചിത്രങ്ങൾ തന്നെ വികാരഭരിതയാക്കുകയും പ്രത്യാശയുടെയും സംഭാഷണത്തിന്റെയും സമാധാനത്തിന്റെയും ശക്തമായ സന്ദേശം നൽകുകയും ചെയ്യുകയാണെന്നും മെലോണി പറഞ്ഞു.
സംഭവത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെ നിരവധി പ്രമുഖർ അപലപിച്ചിരിന്നു. തൽഫലമായി, അക്രമം നടത്തിയ സൈനികനെയും സംഭവം ചിത്രീകരിച്ച മറ്റൊരാളെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ട് 30 ദിവസത്തെ സൈനിക ജയിൽ ശിക്ഷയ്ക്ക് വിധിച്ചുവെന്ന് ഇസ്രായേൽ സൈന്യം (ഐഡിഎഫ്) വ്യക്തമാക്കി. സൈനികരുടെ പെരുമാറ്റം ഐഡിഎഫ് ഉത്തരവുകൾക്കും മൂല്യങ്ങൾക്കും വിരുദ്ധമായിരിന്നുവെന്നും മറ്റൊരു രൂപം പുനഃസ്ഥാപിച്ചതായും ഐഡിഎഫ് റിപ്പോർട്ട് ചെയ്തിരിന്നു. ഇതിന് പിന്നാലെയാണ് ഇറ്റാലിയൻ സൈന്യമാണ് രൂപം പുനഃസ്ഥാപിക്കുവാൻ മുൻകൈയെടുത്തതെന്ന വിവരം പുറത്തു വരുന്നത്.

