ഇന്നത്തെ സാഹചര്യത്തില്‍ ക്രൈസ്തവര്‍ക്കു നേരെ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും, കത്തോലിക്കാസഭയ്ക്ക് നിരന്തരം ഉപദ്രവം ചെയ്യാന്‍ പോലും മടിക്കാത്ത രാഷ്ട്രീയ അധികാരികളുടെയും ഗവണ്മെന്റുകളുടെയും മുന്പില് നമ്മുടെ നിലപാട് എന്തായിരിക്കും….?
ലൂയിസ് തണ്ണിക്കോട്ട്
അന്ധകാര ശക്തികളോട് അപ്രിയ സത്യങ്ങള്‍ പറയുന്നത്, ആപല്‍ക്കരമാണ്. ചിലപ്പോള്‍ ജീവന് തന്നെ വിലയായ് കൊടുക്കേണ്ടി വന്നേക്കാം. ചരിത്രം അത്തരം കഥകള്‍ നമ്മോട് പറയുന്നുണ്ട്. അതില്‍ ഒരാളാണ് സോക്രട്ടീസ്. ആതന്‍സിലെ ആസ്ഥാന ദൈവങ്ങളെ നിരാകരിച്ചതിനും, അധികാരികളെ ചോദ്യം ചെയ്യാന്‍ ചെറുപ്പക്കാരെ പ്രേരിപ്പിച്ചതിനുമാണ് സോക്രട്ടീസിനു വധശിക്ഷ ലഭിച്ചത്. അങ്ങിനെ ഭരണകൂടങ്ങളോട് കലഹിച്ച് വധശിക്ഷ ഏറ്റുവാങ്ങിയവരുടെ നീണ്ട നിരയുണ്ട് ചരിത്രത്തില്‍, അത് ഇപ്പോഴും തുടരുന്നുമുണ്ട്.
യേശു തമ്പുരാന് ഇതിന് മറ്റൊരു ഉദാഹരണം ആണ്. മതവും ഭരണകൂടവും കൈകോര്‍ത്തു നിന്ന, അവിശുദ്ധ കൂട്ടുകെട്ടായിരുന്നു അക്കാലത്തെ ഭരണാധികാരികള്‍.
ഭരണത്തിന്റെ പല്ചക്രങ്ങളില് ഞെരിഞ്ഞമര്‍ന്ന പാവങ്ങളോട്, കരളും കരുണയും ഇല്ലാതെ പെരുമാറിയതിനെയും, മൂല്യം നഷ്ടമായ മതസംവിധാനങ്ങളെ ചോദ്യം ചെയ്തതിനുമാണ്, യേശുതമ്പുരാനെ മത- ഭരണകൂടം കാല്‍വരി മലയില്‍ കുരിശില്‍ തറച്ച് കൊന്നതും. പറഞ്ഞു വന്നത്, ലോകത്തിലെ ക്രൈസ്തവരുടെ ആത്മീയ നേതാവായ ലെയോ പതിനാലാമന്‍ പാപ്പായും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള യുദ്ധ സംവാദത്തെ സൂചിപ്പിക്കാനാണ്. കാമറൂണിലെ ബമെന്‍ഡയില്‍ വെച്ച് പാപ്പ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
ലോകം ചുരുക്കം ചില സ്വേച്ഛാധിപതികള്‍ മൂലം നശിപ്പിക്കപ്പെടുകയാണ്. നശിപ്പിക്കാന്‍ ഒരു നിമിഷം മതിയെന്ന് അറിയാത്തവരായി യുദ്ധത്തിന്റെ നേതാക്കള്‍ മാറുമ്പോള്‍, പുനര്‍ നിര്‍മ്മിക്കാന്‍ ഒരു ജീവിതകാലം മതിയാകില്ല എന്ന കാതലായ കാര്യവും ഇവര്‍ വിസ്മരിക്കുന്നു. ഈ നശിപ്പിക്കലിന് ദൈവത്തെ കൂട്ടുപിടിക്കുന്ന ഇക്കൂട്ടര്‍, സ്വന്തം ലാഭത്തിനായി ദൈവനാമത്തെ പോലും ദുരുപയോഗം ചെയ്യുന്നു. കൊലപാതകങ്ങള്‍ക്കും വിനാശത്തിനുമായി കോടികള്‍ ചെലവഴിക്കുമ്പോള്‍, ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും പുനരുദ്ധാരണത്തിനും വേണ്ട വിഭവങ്ങള്‍ എവിടെയും ഇല്ലാതാകുന്നു എന്ന യാഥാര്‍ത്ഥ്യത്തിനു നേരെ ഇക്കൂട്ടര്‍ കണ്ണടയ്ക്കുന്നു.
ഇറാനിലെ അമേരിക്കന്‍ – ഇസ്രായേല്‍ സൈനിക നടപടികളെ ലെയോ പതിനാലാമന്‍ പാപ്പ വിമര്‍ശിച്ചതിനെതിരെ പാപ്പ ദുര്‍ബലനാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്, ഒപ്പം, രാഷ്ട്രീയക്കാരന് ആകാന്‍ നോക്കാതെ നല്ല പാപ്പയാകാന്‍ ഉപദേശിച്ചു കൊണ്ടായിരുന്നു ട്രംപ് പ്രതികരിച്ചത്. ട്രംപിന് മറുപടിയായി പാപ്പ പറഞ്ഞത് ‘ആയുധമേന്തിയവരുടെയും ബോംബ് ഇടുന്നവരുടെയും കൈകളില്‍ ദൈവം ഉണ്ടാകില്ല. (ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്, എബ്രഹാം ലിങ്കണ് ഉപയോഗിച്ച ബൈബിളില്‍ തൊട്ടു കൊണ്ടായിരുന്നല്ലോ. ) വിഭവങ്ങള്‍ കൊള്ളയടിച്ച് ആയുധങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ മരണത്തിന്റെ ചക്രം നില നിര്‍ത്തുന്നവരാണ്. സമാധാനം എന്നത് നാം കണ്ടു പിടിക്കേണ്ട ഒന്നല്ല, മറിച്ച് അയല്‍ക്കാരനെ സഹോദരനായി കണ്ടുകൊണ്ട് ഹൃദയം തുറക്കേണ്ട ഒന്നാണ്. യുദ്ധത്തിനെതിരെയുള്ള സമാധാന ആഹ്വാനങ്ങള്‍ സുവിശേഷത്തില്‍ ഉള്ളതാണ്. അത് തുടരും…. എന്നാല്‍ ട്രംപ് ഭരണകൂടത്തെ തനിക്കു ഭയമില്ലെന്നായിരുന്നു ‘ പാപ്പായുടെ പ്രതികരണം.
സത്യത്തില്‍ ലോകജനതയെ ചിന്തിപ്പിക്കുകയും, യുദ്ധ കൊതിയന്മാരെ വിളറി പിടിപ്പിക്കുകയും, സമാധാന പ്രേമികള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ് ലെയോ പതിനാലാമന്റെ വാക്കുകള്‍. യുദ്ധത്തോട് സന്ധി ചെയ്യാത്ത പരിശുദ്ധ പിതാവിന്റെ ദര്‍ശനത്തില്‍, യേശുതമ്പുരാന്റെ ആത്മബലവും ആര്‍ജ്ജവും ആ വാക്കുകളില്‍ തുടിച്ചു നില്ക്കുന്നു. കാലികമായ ഈ നാളുകളില്‍, അധികാര ശക്തികളോട് എങ്ങനെ പ്രതികരിക്കണമെന്നതും പാപ്പായുടെ വാക്കുകളില്‍ വെണ്ണ പോലെ തെളിയുന്നു. പ്രത്യേകിച്ച് മാമോദിസ വെള്ളത്തിന്റെ നനവേറ്റുവാങ്ങിയ യഥാര്‍ത്ഥ ക്രൈസ്തവന്, സത്യം വിളിച്ചു പറയുന്നവനും അധര്‍മ്മത്തിനും അനീതിക്കും എതിരെ, അവന്റെ ചൂണ്ടുവിരല്‍ നീണ്ടുനില്‍ക്കണമെന്നും, കിട്ടിയേക്കാവുന്ന ചില ഔദാര്യങ്ങള്‍ക്കും ലാഭത്തിനും വേണ്ടി ‘ക്രിസ്തുശൈലി’ പണയം വെക്കുന്നവരാകരുത് ക്രൈസ്തവ നേതാക്കള്‍ എന്നതും പാപ്പായുടെ പ്രതികരണങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും കിടപ്പുണ്ട്.
മുഖം നോക്കാതെയുള്ള പാപ്പയുടെ പ്രതികരണങ്ങളില്‍, യേശുനാഥന്‍, തന്റെ കാലത്ത് അധികാരികളോട് പ്രതികരിച്ചതിന്റെ കാതലും കാറ്റും കാണുന്നുമുണ്ട്.
പാലസ്തീന നാട്ടിലെ, അന്നത്തെ രാഷ്ട്രീയ അധികാരികളുടെ അധികാരത്തെ യേശു ആദരിച്ചെങ്കിലും (മത്താ:8:9/13) അവരുടെ അനീതികള്‍ ഒരിക്കലും യേശു അംഗീകരിച്ചില്ല. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കാന്‍ അവിടുന്ന് കല്‍പ്പിച്ചത് അതുകൊണ്ടാണ്. (മത്താ:22/15) റോമന്‍ അധികാരത്തിന്റെ തണലില്‍ രാജകീയാധികാരം ദുരുപയോഗിച്ച് ഹെറോദേസ് അന്തിപ്പാസ് കാണിച്ച അനീതികളെയും കുതന്ത്രങ്ങളെയും വിമര്‍ശിക്കാനും എതിര്‍ക്കാനും യേശു മടിച്ചില്ല.
ലൂക്കാ സുവിശേഷകന്റെ രേഖപ്പെടുത്തല്‍ ഇങ്ങനെ……..
‘ ആ സമയത്ത് പ്രീശരില് ചിലര്‍ വന്ന് ഇവിടെ നിന്ന് പോയ്കൊള്ളുക , ഹേറോദേസ് താങ്കളെ കൊല്ലാന്‍ ആഗ്രഹിക്കുന്നു ‘ എന്ന് യേശുവിനോട് പറഞ്ഞു. അവിടുന്ന് അവരോട് പറഞ്ഞു….’ നിങ്ങള്‍ പോയി ആ കുറുക്കനോട് പറയുവിന്‍, ഇന്നും നാളെയും ഞാന്‍ പിശാചുക്കളെ പുറത്താക്കും , രോഗശാന്തി നല്‍കും, മൂന്നാം ദിവസം എന്റെ ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കിയിരിക്കും. എങ്കിലും ഇന്നും നാളെയും മൂന്നാം ദിവസവും ഞാന്‍ എന്റെ യാത്ര തുടരേണ്ടിയിരിക്കുന്നു………. (ലൂക്കാ:13:31/33). ഇവിടെ അധികാരികളോടുള്ള യേശുവിന്റെ പ്രതികരണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധേയമാണ്.
യേശു നിര്‍ഭയനാണ്, കാരണം ഹേറോദേസ് തന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നു എന്ന് പ്രീശര്‍ പറഞ്ഞപ്പോഴും അവിടുന്ന് കുലുങ്ങിയില്ല. യോഹന്നാന്റെ തല കൊയ്തെടുത്ത അതേ രാജാവ് തന്നെയാണ് തന്നെയും കൊല്ലാന്‍ ആഗ്രഹിക്കുന്നത് എന്ന് അവിടുത്തേക്ക് നന്നായി അറിയാം. പൊലീസും പട്ടാളവും സര്‍വ്വശക്തിയും ഉള്ള രാജാവാണ് പാവപ്പെട്ട യേശുവിന്റെ ജീവന് വിലപേശുന്നത്. എങ്കിലും അവിടത്തേക്ക് കൂസലില്ല.
ചിന്തനീയമായ ഒന്ന്, ഇന്നത്തെ സാഹചര്യത്തില്‍ ക്രൈസ്തവര്‍ക്കു നേരെ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും, കത്തോലിക്കാസഭയ്ക്ക് നിരന്തരം ഉപദ്രവം ചെയ്യാന്‍ പോലും മടിക്കാത്ത രാഷ്ട്രീയ അധികാരികളുടെയും ഗവര്‍മെന്റുകളുടെയും മുന്പില് നമ്മുടെ നിലപാട് എന്തായിരിക്കും….?
‘നമ്മുടെ പ്രതികരണത്തില്‍ യേശുവിന്റെ മനസ്സാന്നിധ്യം നമുക്കുണ്ടോ …?’
‘നിങ്ങള്‍ പോയി ആ കുറുക്കനോട് പറയുവിന്‍’ യേശു രാജാവിനെ കുറുക്കന് എന്ന് വിളിക്കുന്നു. പുച്ഛവും വിമര്‍ശനവും ഇവിടെ ധ്വനിക്കുന്നുണ്ട്. കുറുക്കന്റെ സ്വഭാവം നമുക്ക് അറിയാമല്ലോ.
സ്വന്തം നെഞ്ചില്‍ കൈവെച്ച് നാം നമ്മോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു ……ഇന്നത്തെ രാഷ്ട്രീയ അധികാരികളെ യേശുവിന്റെ ധീരതയോടെ വിമര്‍ശിക്കാന്‍ നമുക്ക് കഴിയുമോ…?അതല്ലെങ്കില്‍ യേശു ഒരിക്കലും ഇഷ്ടപ്പെടാത്ത ‘കോംപ്രമൈസിന്റെ-
ഒത്തുതീര്‍പ്പ് ശൈലി’ നമ്മള് സ്വീകരിക്കുമോ….?
ഹെറോദേസ് എന്ത് ചെയ്താലും, യേശു തന്റെ ദൗത്യത്തില്‍ നിന്നും , പ്രവര്‍ത്തനശൈലിയില്‍ നിന്നും പിന്മാറുകയില്ല. ആ ധീരത മാറ്റുരയ്ക്കുന്നതാണ് യേശുവിന്റെ വാക്കുകള്‍. ‘ഇതാ ഇന്നും നാളെയും ഞാന്‍ പിശാചുക്കളെ പുറത്താക്കുകയും രോഗശാന്തി നല്‍കുകയും ചെയ്യും. എങ്കിലും എന്റെ യാത്ര തുടരേണ്ടിയിരിക്കുന്നു ‘ യേശുവിന്റെ അന്നത്തെ രാഷ്ട്രീയ അധികാരികളോടുള്ള നിലപാട് ഇവിടെ വ്യക്തമാണ്.
ചിന്തിക്കേണ്ടത്, ഏതായാലും യേശു സുരക്ഷിതമായ നിഷ്ക്രിയതാ മനോഭാവം രാഷ്ട്രീയ അധികാരികളുടെ മുന്പില് സ്വീകരിച്ചില്ല. ഇന്നത്തെ നമ്മുടെ നിലപാടുകള്‍, സുരക്ഷിതമായ അകലത്തില്‍ നിന്നുകൊണ്ട് അധികാരികളെ വിമര്‍ശിക്കുന്നത് ആണോ ….. ?
പരിശുദ്ധ ലെയോ പാപ്പ- ട്രംപ് സംവാദത്തിലേക്ക് തിരിച്ചുവരുമ്പോള്‍,
സത്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടുള്ള ലെയോ പതിനാലാമന്‍ പാപ്പായുടെ പ്രതികരണ ശൈലിയില്‍ യേശുവിന്റെ വഴിത്താര തെളിഞ്ഞു പ്രകാശിക്കുന്നു.
ട്രംപ് ഭരണകൂടത്തെ തനിക്ക് ഭയമില്ല എന്ന ലെയോ പതിനാലാമന്‍ പാപ്പായുടെ വാക്കുകള്‍ അതിന് കൂടുതല്‍ മിഴിവേകുന്നു….മൂര്‍ച്ചയും.
പറഞ്ഞവസാനിപ്പിക്കുന്നത് ഇങ്ങനെ. നമ്മുടെ നാട്ടില്‍ മത മര്‍ദ്ദന കയ്യേറ്റങ്ങള്‍ ….. മതപരിവര്‍ത്തനം…. എഫ്സിആര്‍എ …… ദേശീയ ക്രിസ്ത്യന്‍ ക്ഷേമ ബോര്‍ഡ് …… തുടങ്ങി….. തുടങ്ങി …… ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡന സംവിധാനങ്ങള്‍ അരങ്ങിലും അണിയറയിലും മുനരാകി കൂര്‍പ്പിച്ചു വച്ചിരിക്കുന്നു, കൂര്‍പ്പിച്ചു കൊണ്ടേയിരിക്കുന്നു.അത് ഇനി തുടരും, കൂടി കൊണ്ടേയിരിക്കും…..! ഇവിടെ ഒരു യഥാര്‍ത്ഥ ക്രിസ്തു ശൈലിയില്‍ പ്രതികരിക്കാന്‍ നമുക്കാവുമോ…?
ചിന്തനീയമായത്, സത്യത്തില്‍ നാം ഇന്ന് കേവലം വിശ്വാസി സമൂഹമാണോ,
അതോ ക്രിസ്തു ശിഷ്യരാണോ എന്നതാണ് ? ഈ സംശയ ചോദ്യത്തിന്റെ കാതല്‍ ഇതാണ്.
ഇന്ന് കേരള സഭയ്ക്ക് ആദിമ സഭയിലേതു പോലെ സമാനമായ ഒരു പരീക്ഷണ ഘട്ടം വന്നാല്‍ നമ്മളില്‍ എത്രപേര്‍ക്ക് സഭയുടെ മുന്നണി പോരാളികള്‍ ആകാന്‍ കഴിയും….. ക്രിസ്തു സാക്ഷികള്‍ ആകാന്‍ കഴിയും…?
സംശയം ഇത്രമാത്രം. അങ്ങനെ മുന്നണി പോരാളികള്‍ ആകാന്‍ ഇന്നത്തെ വിശ്വാസി സമൂഹത്തെ നാം പരിശീലിപ്പിച്ചിട്ടുണ്ടോ ? സത്യത്തില്‍, ഏതാനും പതിറ്റാണ്ടുകളായി, നാം പരിശീലിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്, ആവശ്യങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നമ്മോടൊപ്പം നില്‍ക്കുകയും, നമ്മുടെ എല്ലാം ആവശ്യങ്ങളും നിറവേറ്റി തരികയും ചെയ്യുന്ന ‘ഒരു ദൈവ ചിന്തയുടെ കളരിയില്‍ ‘ അല്ലേ… നാം ഇപ്പോഴും- ഇന്നും പരിശീലിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്…?
അപ്പോള്‍ ചോദ്യത്തിനുത്തരം കാണാന്‍ ഉദാഹരണത്തിന്, ജനറേഷന് സെഡിന്റേയും, (ജനനം-1997-2012) ജനറേഷന് ആല്‍ഫയുടെയും (ജനനം-2010-2024) കൊവിഡിന് ശേഷം, ദേവാലയുമായുള്ള ബന്ധം നിരീക്ഷിച്ചാല്‍ ഏതാണ്ട് മനസ്സിലാകും. മനസ്സിലാവുകയാണെങ്കില്‍ സംശയിക്കേണ്ട, നമ്മുടെ പഠന കളരികളില്‍, ‘പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും സമ്മാനവും പ്രതീകവുമാണ് കുരിശ് ‘ എന്ന് പഠിപ്പിക്കേണ്ടിയിരിക്കുന്നു. യഥാര്‍ത്ഥ ‘ക്രിസ്തു ലഹരി ‘വിശ്വാസികള്‍ക്ക് – യുവജനത്തിന് ആവേശമാക്കി ഞരമ്പുകളില്‍ കുത്തിവെയ്ക്കണം. അനീതിക്കും അധാര്‍മികതയ്ക്കും എതിരെ വിരല്‍ ചൂണ്ടിയ വിമോചകനായ ക്രിസ്തുവിനെ പകര്‍ന്നു കൊടുക്കേണ്ട പരിശീലന കളരികള്‍ ആകണം നമ്മുടെ ദേവാലയങ്ങളും അനുബന്ധ സംവിധാനങ്ങളും.
കാരണം, യേശുവിന്റെ ജീവിതത്തിലും ദൈവരാജ്യപ്രഘോഷണത്തിലും കാണാന്‍ കഴിയുന്നത്, ദൈവം മനുഷ്യന് നല്കുന്ന സമ്പൂര്‍ണ്ണ വിമോചനമാണ്.ആ വിമോചകനായ ക്രിസ്തുവിനെയായിരിക്കണം, ഓരോ ക്രിസ്തു വിശ്വാസിക്കും നാം പകര്‍ന്ന് നല്‍കേണ്ടതും. (ലുക്ക:4:18/21) അങ്ങിനെ മാത്രമേ, ഓരോ മനുഷ്യനും വിലപ്പെട്ടതാണെന്ന യേശു ദര്‍ശനം, മനുഷ്യമനസ്സുകളില്‍ വേരും കൂമ്പുമായി വളര്ത്താനാവു. ജാതി മത ചിന്തകളും, സാമ്പത്തിക രാഷ്ട്രീയ ഘടനകളും കൈകോര്‍ത്ത്, മനുഷ്യ മഹത്വം തകര്‍ക്കുന്ന സംവിധാനങ്ങള്‍ക്കെതിരെ, യേശു എടുത്ത ശക്തമായ നിലപാട് പോലെ, നമുക്കും നിലപാടുകള്‍ എടുക്കാനും അന്ധകാര ശക്തികളോട്, അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയാനും സാധിക്കുകയുള്ളൂ.
മറുമൊഴി :-
ഹെംലോക്ക് എന്ന വിഷപാനീയം വാങ്ങി കുടിച്ച് അനശ്വരനായ സോക്രട്ടീസല്ലേ, അഴിമതി നിറഞ്ഞ അഥിനിയന്‍ ഭരണാധികാരികളെക്കാള്‍, ശോഭയോടെ ചരിത്രത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നത്. ഭരണാധികാരികള്‍ക്കുള്ള വാഴ്ത്തുപാട്ട് പാടുന്നവരേക്കാള്‍ ചരിത്രം ആദരിക്കുക, രാജാവ് നഗ്നനാണെന്ന് പറയുന്നവരെയാണ് …!
