ഡോ. ഗാസ്പര്‍ സന്യാസി
പാറ്റയാണ് ഇപ്പോള്‍ അസ്വസ്ഥത ഉണ്ടാക്കുന്നത് – ഭരണകൂടത്തിനും അധികാര കേന്ദ്രങ്ങള്‍ക്കും. ഭരണീയര്‍ ദാസ്യഭാവം വെടിഞ്ഞ് ചോദ്യകര്‍ത്താക്കള്‍ ആകുമ്പോള്‍, ‘വീട്ടില്‍ പോയി ചോദിക്ക്’ എന്ന ശൈലിയില്‍, വോട്ട് നേടിയവര്‍ പറയുമ്പോള്‍ ജനാധിപത്യം അസ്തമിക്കുകയാണല്ലോ. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും ജനാധിപത്യത്തില്‍ പൗരസമൂഹം ചോദ്യങ്ങള്‍ ചോദിക്കുക തന്നെ വേണം. ചോദ്യങ്ങള്‍ ഉയരും മുന്‍പേ, മുളയിലേ നുള്ളാനാണ് അധികാര കേന്ദ്രങ്ങളുടെ ശ്രമം. അത് ഇപ്പോള്‍ മാത്രമുണ്ടായ പ്രതിഭാസമല്ല. ചോദ്യങ്ങളെയും സ്വാതന്ത്ര്യത്തെയും ഭയപ്പെടുന്ന അധികാര കേന്ദ്രങ്ങള്‍ വസിക്കുന്ന ദേശങ്ങളെ അടയാളപ്പെടുത്തുന്ന ഭൂപടത്തിനുള്ളില്‍ തന്നെയാണ് സമകാലത്ത് നമ്മള് പാര്‍ത്തു കൊണ്ടിരിക്കുന്നത്.
പുതുകാല സമൂഹമാധ്യമങ്ങളില്‍, കാര്യമായ പണിയൊന്നുമില്ലാത്ത ചെറുപ്പക്കാര്‍, പാറ്റകളെപ്പോലെ സിസ്റ്റത്തെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശമാണ് പ്രകോപനമുണ്ടാക്കിയത്. ‘പാറ്റപ്പാര്‍ട്ടി’ പെട്ടെന്ന് ചിറകുമുളച്ച് പാറിപ്പറന്ന് ശല്യമാകാന്‍ തുടങ്ങി. ഫ്രാന്‍സ് കാഫ്കയുടെ 1915-ലെ നോവലായ ‘മെറ്റമോര്‍ഫോസിസ്’ ലെ ഗ്രിഗോര്‍ സാംസയെപ്പോലെ ഒരാള്‍ പൊടുന്നനെ ഷഡ്പദം പോലൊരു ജീവിയാകുന്നത് സ്വാസ്ഥ്യം നഷ്ടപ്പെടുത്തും. അതൊന്ന് ചത്തുപോയെങ്കില്‍ എന്ന് വീട്ടുകാര്‍ പോലും ചിന്തിക്കാന്‍ തുടങ്ങുന്ന ദുരന്തത്തെപ്പറ്റി കാഫ്ക എഴുതുമ്പോള്‍ ഒരാള്‍ തന്നെത്തന്നെ ഓര്‍ത്ത് ഖിന്നനാകാനും നിരാശപ്പെടാനും തുടങ്ങും.
കൂറപ്പാര്ട്ടിയെന്ന പേരില്‍ പെട്ടെന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിറഞ്ഞു കവിഞ്ഞപ്പോള്‍, എന്തിനാണ്
രാജ്യം ഭരിക്കുന്ന പാര്‍ട്ടിയും സര്‍ക്കാരും അസ്വസ്ഥരായതെന്നറിയില്ല. സജീവമായി തുറന്നു പ്രവര്‍ത്തിക്കുന്ന അക്കൗണ്ടുകളേക്കാള്‍ ഭരണകൂടങ്ങള്‍ പൂട്ടുന്നതും നിരോധിക്കുന്നതുമായിരിക്കും കൂടുതല്‍ പ്രഹരശേഷി ആര്‍ജ്ജിക്കുന്നത്. സത്യാനന്തര കാലത്ത്, കൂറപ്പാര്ട്ടി രൂപപ്പെട്ടതിന്റെ പിന്നിലുള്ള ബലതന്ത്രങ്ങളെപ്പറ്റി നിരവധി വ്യാഖ്യാനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. ഡീപ് സ്റ്റേറ്റ് സിദ്ധാന്തമാണ് അതില്‍ പ്രബലമായത്.
ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തില്‍, ‘തൊഴിലില്ലാത്ത ചെറുപ്പക്കാര്‍’ എന്ന പ്രയോഗം നമ്മുടെ കാലത്തെ, ദേശത്തെ, അതിന്റെ വര്‍ത്തമാനത്തെ അടയാളപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെയാകണം,

പാറ്റപ്പാര്ട്ടിക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പരാതി ചീഫ് ജസ്റ്റിസ് തന്നെ മുന്‍കൈയെടുത്ത് തള്ളിയത്. പാറ്റ പ്രയോഗത്തെപ്പറ്റിയും പാറ്റപ്പാര്‍ട്ടിയുടെ രൂപീകരണത്തെപ്പറ്റിയും വൈകാരികമായ സമീപനം ആവശ്യമില്ലായെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പാറ്റയെപ്പോലെ സിസ്റ്റത്തെ കാര്‍ന്നു കൊണ്ടിരിക്കുന്നവര്‍ രണ്ടു കാര്യങ്ങള്‍ ദേശവാസികളോട് പറയുന്നുണ്ട്. ഞങ്ങളുടെ തൊഴില്‍ ശേഷി നിങ്ങളെന്താണ് പ്രയോജനപ്പെടുത്താത്തത്? അതിനുള്ള തൊഴില്‍ എവിടെ? ഞങ്ങള്‍ അസ്വസ്ഥരാണ്; അതുകൊണ്ടുതന്നെ ചോദ്യങ്ങള്‍ ചോദിക്കപ്പെടേണ്ടതല്ലേ?
ആഗോളതലത്തില്‍ മനുഷ്യര്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അധികാര കേന്ദ്രങ്ങള്‍ അസ്വസ്ഥമാവുകയാണ്. നോര്‍വേയിലെ പ്രസ് മീറ്റ് ഉദാഹരണം. താങ്കളെന്തുകൊണ്ടാണ് ചോദ്യങ്ങളെ അഭിമുഖീകരിക്കാത്തത് എന്ന ചോദ്യത്തിന് ആഗോള നേതാക്കളില്‍ നിന്ന് പ്രതികരണങ്ങള്‍ ഉണ്ടാകുന്നില്ല. പ്രസ് മീറ്റില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക്, ബിരുദാനന്തര ബിരുദക്കാരും സിവില്‍ സര്‍വീസ് ആസ്പിരന്സും എഴുതിയ ഉത്തരക്കടലാസുകള്‍ വായിച്ചു പഠിച്ചതുപോലുള്ള ഉത്തരങ്ങളാല്‍ ബ്യൂറോക്രസിയും ഉത്തരവാദിത്തം നിറവേറ്റുന്നില്ല. ലക്ഷക്കണക്കിന് വിദ്യാര്‍ഥിനി-വിദ്യാര്‍ഥികള്‍ എഴുതിയ പ്രവേശന പരീക്ഷകള്‍, എത്ര നിസ്സാരമായി റദ്ദാക്കപ്പെടുമ്പോള്‍, ഗ്രിഗോര്‍ സാംസയുടെ പാറ്റച്ചിറകുകള് മുളയ്ക്കുന്ന ചെറുപ്പക്കാര്‍ അസ്വസ്ഥരാകുക തന്നെ ചെയ്യും. എല്ലാവരും ഉത്തരവാദികളാകുമ്പോള്‍ ആരും ഉത്തരവാദിത്തം ഏറ്റെടുക്കാനില്ലാതെയാകും. അധികാരം കൈയാളുന്നവര്‍ നിശ്ശബ്ദരാകുകയും, ചോദ്യങ്ങളെ അവഗണിക്കുകയും ചെയ്യുമ്പോള്‍ കൂറകള്‍ പറന്നു കൊണ്ടേയിരിക്കും അസ്വസ്ഥപ്പെട്ടിട്ട് എന്ത് കാര്യം!

