ബിജോ സില്‍വേരി
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ പരീക്ഷണശാലയായി വിശേഷിപ്പിക്കപ്പെടുന്ന പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ്, ഇടത്, തൃണമൂല്‍ ഭരണകാലങ്ങളെയും അവയുടെ ഉദയാസ്തമയങ്ങളെയും വിശകലനം ചെയ്യുന്നു.
2026ലെ പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഒരു വീഡിയോ അടുത്തിടെ കാണാനിടയായി. ഒരു നാല്ക്കവലയില് നില്ക്കുന്ന ഒരു മുസ്ലീം വൃദ്ധനെ കൂട്ടംകൂടി പരിഹസിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന യുവാക്കളുടെ വീഡിയോ. ഭാവഭേദങ്ങളൊന്നുമില്ലാതെ നോക്കിനില്ക്കുന്ന കാഴ്ചക്കാരും. ഇന്ത്യയുടെ നവോത്ഥാനത്തിന്റെയും വിപ്ലവത്തിന്റെയും മണ്ണായ ബംഗാള്‍, ഇന്ത്യയ്ക്ക് എന്നും വഴികാട്ടിയായിരുന്നു. ശ്രീരാമകൃഷ്ണ പരമഹംസന്റെയും സ്വാമി വിവേകാനന്ദന്റെയും രാജാറാംമോഹന്‍ റോയിയുടെയും ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെയും ബംഗാള്‍! രബീന്ദ്രനാഥ ടാഗോറിന്റെയും കാസി നസ്റുള്‍ ഇസ്ലാമിന്റെയും ബംഗാള്‍! സുഭാഷ്ചന്ദ്ര ബോസിന്റെയും ദേശബന്ധു ചിത്തരഞ്ജന് ദാസിന്റെയും ബംഗാള്‍! സത്യജിത് റേയുടെയും ഋത്വിക് ഘട്ടകിന്റെയും മൃണാള്‍സെന്നിന്റെയും ബംഗാള്‍! ജഗദീഷ് ചന്ദ്ര ബോസിന്റെയും പ്രഫുല്ലചന്ദ്രറേയുടെയും അമര്‍ത്യാസെന്നിന്റെയും ബംഗാള്‍! കാരുണ്യത്തിന്റെ മാലാഖയായിരുന്ന മദര്‍തെരേസയുടെ ബംഗാള്‍.

ബംഗാള്‍ ഇന്ത്യയുടെ വഴിവിളക്കായിരുന്നു, ബംഗാള്‍ ചിന്തിച്ച വഴിയേ ഇന്ത്യ പോയിരുന്ന ഒരു കാലമുണ്ടായിരുന്നു. സാംസ്കാരിക വസന്തങ്ങള്‍ മഴവില്ലുവിരിച്ചു നിന്നിരുന്ന ആ ബംഗാള്‍ ഇപ്പോള്‍ പോകുന്നത് യു.പിയുടെയും ബിഹാറിന്റെയും വഴിയേയാണ്!
ഇന്ന് ആ നഗരവീഥികളില്‍ നിന്നുയരുന്നത് രാഷ്ട്രീയ ധ്രുവീകരണത്തിന്റെയും വെറുപ്പിന്റെയും വിലാപങ്ങളാണെന്നത് ദുഃഖകരവും അതിനേക്കാളേറെ ഭീതിജനകവുമാണ്. ബംഗാളിന്റെ തെരുവുകളില്‍ കണ്ടുതുടങ്ങുന്ന വെറുപ്പിന്റെ കാഴ്ചകള്‍’ മതേതര ധാര്‍മ്മികതയെ തകര്‍ക്കുന്നതാണ്. ടാഗോറിന്റെയും വിവേകാനന്ദന്റെയും മണ്ണില്‍ കുട്ടികള്‍ പോലും വെറുപ്പിന്റെ രാഷ്ട്രീയവുമായി തെരുവിലിറങ്ങുന്നത് വലിയൊരു സാംസ്കാരിക തകര്‍ച്ചയുടെ സൂചനയാണ്.
മാറ്റം അനിവാര്യമാണെന്ന് പറയുമ്പോഴും ബംഗാളിന്റെ മാറ്റം വേദനിപ്പിക്കുന്നതു കൂടിയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴേക്കും ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതും കടകള്‍ നശിപ്പിക്കപ്പെടുന്നതും, ചരിത്ര സ്മാരകങ്ങള്‍ കത്തിക്കുന്നതും, ദുര്‍ബലരെ മര്‍ദിക്കുന്നതും കണ്ടു തുടങ്ങിയിരിക്കുന്നു.

ബംഗാളില്‍ മുമ്പും അക്രമങ്ങള്‍ ഉണ്ടായിട്ടില്ലേ എന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്. ശരിയാണ്, ഉണ്ടായിട്ടുണ്ട്; പക്ഷേ അത് വ്യത്യസ്തമായിരുന്നു, താത്കാലികമായി വന്ന് ഒടുങ്ങുന്ന സംഘര്‍ഷങ്ങളായിരുന്നു അവ, രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലുള്ള പോരുകളായിരുന്നു അത്. പക്ഷേ, ഇപ്പോഴത്തേത് കൂടുതല്‍ ആഴത്തിലുള്ളതാണ്. വര്‍ഗീയതയും വംശീയതയുമാണ് അതിന്റെ അടിത്തട്ടില്‍ നിന്നുയരുന്നത്.
മുന്‍ ലോക്സഭാ സ്പീക്കറും പിന്നീട് സിപിഎമ്മില്‍ നിന്നു പുറത്താക്കപ്പെട്ട ഉന്നത നേതാവുമായ സോമനാഥ് ചാറ്റര്‍ജിയുടെ രണ്ട് പുസ്തകങ്ങളുണ്ട്. ‘റെഡ്സ്റ്റാര്‍ ഓവര്‍ ബംഗാള്‍’, ‘കീപ്പിങ് ദി ഫെയ്ത്ത് മെമ്മറീസ് ഓഫ് എ പാര്ലമെന്റേറിയന്’. ബംഗാളിലെ ഇടതുപക്ഷത്തിന്റെ വളര്‍ച്ചയെയും പതനത്തെയും വളരെ ഗൗരവമായി വിശകലനം ചെയ്യുന്ന രണ്ടു പുസ്തകങ്ങളാണിവ. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും ഒരു കമ്യൂണിസ്റ്റ് എന്ന നിലയിലുള്ള തന്റെ ബോധ്യങ്ങളില്‍ നിന്നുകൊണ്ടാണ് അദ്ദേഹം പതിറ്റാണ്ടുകളോളം ബംഗാള്‍ ഭരിച്ചിരുന്ന കമ്യൂണിസ്റ്റ് പതനത്തെ വിലയിരുത്തുന്നത്. 2026ലെ തൃണമൂലിന്റെ തകര്‍ച്ചയും കുറച്ചുകൂടി പിന്നോട്ടു പോയാല്‍ കോണ്‍ഗ്രസിന്റെ കനത്ത പരാജയവും ഇപ്പോഴത്തെ ജനവിധിയില്‍ നിഴലായി പ്രതിഫലിക്കുന്നുണ്ട്.

സ്വാതന്ത്ര്യാനന്തര ബംഗാള്‍ എന്നാല്‍ കോണ്‍ഗ്രസ് യുഗമാണ്. 1947 മുതല്‍ 1977വരെ ബി.സി. റോയിയെപ്പോലെയുള്ള അതികായന്മാരായ നേതാക്കള്‍ അടക്കിയും അടിച്ചും ഭരിച്ചിരുന്ന ബംഗാള്‍. വിമതശബ്ദങ്ങളെ അദ്ദേഹം ചോരയില്‍ മുക്കി.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ബംഗാള്‍ വ്യവസായത്തിലും വിദ്യാഭ്യാസത്തിലും മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഏകാധിപത്യത്തിന്റെ നുകത്തില്‍ നിന്ന് പുറത്തുകടക്കാന്‍ വെമ്പിയിരുന്ന ജനത ഇടതുപക്ഷത്തിന്റെ കീഴില്‍ അണിനിരന്നു. 60-കളായപ്പോഴേക്കും കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പിസവും ഭരണവിരുദ്ധ വികാരവും കോണ്‍ഗ്രസ് പാര്‍ട്ടിയെ തളര്‍ത്തി. ഭക്ഷ്യക്ഷാമം, ഇടതുപക്ഷ- നക്സലൈറ്റ് പ്രസ്ഥാനങ്ങളുടെ ഉദയം, തൊഴിലില്ലായ്മ എന്നിവ കോണ്‍ഗ്രസിനെ ജനങ്ങളില്‍ നിന്ന് അകറ്റി. 1977-ലെ അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പില്‍ ബംഗാള്‍ കോണ്‍ഗ്രസിനെ കൈവിട്ടു.
ജ്യോതി ബസുവിന്റെ നേതൃത്വത്തില്‍ 1977-ല്‍ അധികാരമേറ്റ ഇടതുമുന്നണി ഇന്ത്യയിലെ തന്നെ ഏറ്റവും ദീര്‍ഘമേറിയ ജനാധിപത്യ ഭരണകൂടമായി മാറി. ‘ഓപ്പറേഷന് ബര്‍ഗ’യിലൂടെ നടപ്പിലാക്കിയ ഭൂനവീകരണം ഗ്രാമീണ ബംഗാളിലെ ദരിദ്രരെ പാര്‍ട്ടിയുടെ അടിയുറച്ച വോട്ടര്‍മാരാക്കി. പഞ്ചായത്ത് രാജ് സംവിധാനത്തിലൂടെ ഭരണം താഴെത്തട്ടിലെത്തിച്ചു. വര്‍ഗ്ഗീയതയ്ക്ക് ഇടമില്ലാത്ത ഒരു മതേതര അന്തരീക്ഷം നിലനിര്‍ത്താന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. എന്നാല്‍, 34 വര്‍ഷത്തെ ഭരണം പാര്‍ട്ടിക്കുള്ളില്‍ അധികാര കേന്ദ്രീകരണമുണ്ടാക്കി. സോമനാഥ് ചാറ്റര്‍ജി നിരീക്ഷിച്ചതുപോലെ, ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ ധാര്‍ഷ്ട്യം കാണിക്കുകയും ചെയ്തു. സിംഗൂരിലെയും നന്ദിഗ്രാമിലെയും നിര്‍ബന്ധിത ഭൂമി ഏറ്റെടുക്കല്‍ കര്‍ഷകരെ പ്രസ്ഥാനത്തിന്റെ ശത്രുക്കളാക്കി. 2011-ല്‍ ബുദ്ധദേബ് ഭട്ടാചാര്യയുടെ പരാജയത്തോടെ ആ യുഗവും അവസാനിച്ചു.
കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ട മമതാ ബാനര്‍ജി പുതിയൊരു പാര്‍ട്ടിയ്ക്ക് രൂപം നല്‍കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്. 2011ല്‍’ മാ മാതി മാനുഷ്’ (അമ്മ, മണ്ണ്, മനുഷ്യന്) എന്ന മുദ്രാവാക്യവുമായി മമത ബാനര്‍ജി അധികാരത്തിലെത്തി. കോണ്‍ഗ്രസും ഇടതുപക്ഷവും ക്രമേണ ബംഗാളിന്റെ മണ്ണില്‍ നിന്നു തുടച്ചുനീക്കപ്പെട്ടു. ഏകാധിപത്യപ്രവണതകളുണ്ടായിരുന്നുവെങ്കിലും മതേതരത്തിന്റെ വക്താക്കളായിരുന്നു കോണ്‍ഗ്രസും ഇടതുപക്ഷവും.

ഇടതുപക്ഷത്തെ നേരിടാന്‍ മമതാ ബാനര്‍ജി രൂപീകരിച്ച വിപുലമായ സഖ്യത്തില്‍ നക്സലൈറ്റുകള്‍ മുതല്‍ വര്‍ഗ്ഗീയ സംഘടനകള്‍ വരെ ഉണ്ടായിരുന്നു. ഈ വൈരുദ്ധ്യങ്ങള്‍ പിന്നീട് അക്രമങ്ങളിലേക്ക് നയിച്ചു. തൃണമൂല്‍ ഭരണകാലത്തെ രാഷ്ട്രീയ അക്രമങ്ങളും അഴിമതി ആരോപണങ്ങളും ബിജെപിക്ക് വളക്കൂറുള്ള മണ്ണൊരുക്കി. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 3 സീറ്റുണ്ടായിരുന്ന ബിജെപി 2026-ല്‍ 207 സീറ്റുകളിലേക്ക് വളര്‍ന്നത് രാഷ്ട്രീയ ചരിത്രത്തിലെ വലിയൊരു മാറ്റമാണ്. ഭരണമില്ലാതെ പ്രതിപക്ഷത്തിരിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന്റേയും ഇടതുപക്ഷത്തിന്റേയും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ തൃണമൂലിലേക്കും പിന്നീട് ബിജെപിയിലേക്കും മാറിയത് ബംഗാളിന്റെ മതേതര അടിത്തറ തകര്‍ത്തു.
ബി.സി. റോയിയെയും ജ്യോതി ബസുവിനേയും ബുദ്ധദേബ് ഭട്ടാചാര്യയേയും മമതാ ബാനര്‍ജിയേയും കഠിനമായി വിമര്‍ശിച്ചിരുന്നവര്‍ ഇന്ന് പുതിയൊരു വഴിത്തിരിവിലാണ്. നേരത്തെ പറഞ്ഞ നേതാക്കളാരും വര്‍ഗീയതയും അഴിമതിയും കൈമുതലായിരുന്നവരല്ല. പശ്ചിമ ബംഗാളിന്റെ പുതിയ ബിജെപി മുഖ്യമന്ത്രി തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാവും മമതാ ബാനര്‍ജിയുടെ അടുത്ത സഹകാരിയുമായിരുന്നു. മമതയ്ക്ക് അധികാരം നഷ്ടപ്പെടാന്‍ മുഖ്യകാരണമായ ശാരദാ ചിട്ടിക്കമ്പനി അഴിമതി കേസിലെ മുഖ്യ ആരോപിതനായിരുന്നു അദ്ദേഹം. അതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടയാള്‍ ബിജെപിയില്‍ കൂടണയുകയും ഇന്ന് മുഖ്യമന്ത്രി പദത്തിലെത്തുകയും ചെയ്തിരിക്കുന്നു.
രാഷ്ട്രീയവും ഭരണവും ജീവിതമാര്‍ഗ്ഗമായി കണ്ടവര്‍ കൂടുമാറുമ്പോള്‍, ആശയത്തെ സ്നേഹിക്കുന്നവരുടെ പ്രസ്ഥാനങ്ങള്‍ നാമവശേഷമാകുന്നു. ബംഗാളിന്റെ ഇന്നത്തെ അവസ്ഥ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തിനും പ്രത്യേകിച്ച് കേരളത്തിന് ഒരു മുന്നറിയിപ്പാണ.് സാംസ്കാരിക വൈവിധ്യവും മതേതരത്വവും തകരാന്‍ അധികം സമയം വേണ്ട എന്ന മുന്നറിയിപ്പ്, ചെറിയൊരു പഴുതു ലഭിച്ചാല്‍ വര്‍ഗീയത അര്‍ബുദം പോലെ പടര്‍ന്നു കയറി എല്ലാം നശിപ്പിക്കും എന്ന മുന്നറിയിപ്പ്.
തിരിച്ചുവരവ് സാധ്യമാണോ?
ചരിത്രപരമായി നോക്കിയാല്‍, തീവ്രമായ രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിച്ച മണ്ണാണ് ബംഗാളിന്റേത്. ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുമ്പോള്‍ അത് അപ്രതീക്ഷിതമായി സംഭവിക്കാം. എന്നാല്‍ അത് കേവലം ഒരു തിരഞ്ഞെടുപ്പ് വിജയമായിരിക്കരുത്, മറിച്ച് ബംഗാളിന്റെ സാംസ്കാരിക പൈതൃകം വീണ്ടെടുക്കുന്ന ഒരു ‘രണ്ടാം നവോത്ഥാനം’ തന്നെയായിരിക്കണം.
ഭരണം മാത്രം ആഗ്രഹിക്കുന്നവരെ ഒഴിച്ചുനിര്‍ത്തിയാല്‍ ശേഷിക്കുന്ന സാധാരണക്കാര്‍ക്ക് ബംഗാളിന്റെ ആത്മാവിനെ തിരിച്ചുപിടിക്കാന്‍ കഴിയുമോ എന്നത് കാലം തെളിയിക്കേണ്ടതാണ്.

