ലൂയിസ് തണ്ണിക്കോട്ട്
തിരഞ്ഞെടുപ്പ് മത്സരത്തില്‍ സ്ഥാനാര്‍ത്ഥികള്‍ പല ആകര്‍ഷണീയതകളും വോട്ടര്‍മാര്‍ക്ക് മുന്പില് അവതരിപ്പിക്കും.
2026 ലെ തിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്റെ പുതുപ്പള്ളി അങ്ങനെ കേരളം ശ്രദ്ധിച്ച മണ്ഡലമാണ്. ‘ക്രൈസ്തവനും ഭാരതീയനുമായ ഞാന്‍ സഹജീവികള്‍ക്ക് ഉപകാരം ചെയ്താലേ ജീവിതത്തിന് അര്‍ത്ഥമുണ്ടാകു’ എന്ന അടിസ്ഥാന ചിന്തയായിരുന്നു ചാണ്ടി ഉമ്മനെ ഇത്തരം ഒരു പുതുമയ്ക്ക് പ്രേരിപ്പിച്ചതത്രേ!
പ്രചാരണത്തിന് പതിവുള്ള ഫ്ളക്സോ, പോസ്റ്ററുകളോ, ബാനറുകളോ വേണ്ട. നാട്ടില്‍ ‘ഞാനല്ലാതെ മറ്റാര് ‘ എന്ന് സന്ദേശം വരുന്ന ‘എന്റെ തല- എന്റെ ഫുള്‍ഫിഗര്‍ ‘ നിലയിലുള്ള കൂറ്റന്‍ ബോര്‍ഡുകളും ചാണ്ടി ഉമ്മന്‍ ഒഴിവാക്കി. ഇത്തരം പ്രചരണ ശൈലിയില്‍ നേതാക്കളും അണികളും നെറ്റി ചുളിച്ചെങ്കിലും ചാണ്ടി ഉമ്മന്‍ അയഞ്ഞില്ല. കാശില്ലാഞ്ഞിട്ടാണോ എന്ന
ചോദ്യത്തിന്, ‘അല്ല , വോട്ടെണ്ണം അല്പം കുറഞ്ഞാലും സാരമില്ല, ഉള്ള കാശുകൊണ്ട് വേറെ വലിയ ഒരാവശ്യമുണ്ട്. ‘ ഒപ്പം, മറ്റൊരു ആശയം കൂടി പങ്കുവെച്ചു, ‘ഗ്രീന്‍ കാമ്പയിന് ‘. പരിസ്ഥിതിക്ക് ദോഷകരമാകുന്ന കാര്യങ്ങള്‍ കുറയ്ക്കണം. ഫ്ളക്സുകള്‍ ഒഴിവാക്കിയും, പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുന്നത് പരമാവധി കുറച്ചും പരിസ്ഥിതിയോട് നീതി പുലര്‍ത്തണം. ഇതിന് എല്ലാത്തിനും ഉത്തരമായി ചാണ്ടി ഉമ്മന്‍ കണ്ടെത്തിയതാണ് മണ്ഡലത്തില്‍ ഉടനീളം സൈക്കിള്‍ യാത്ര. സാക്ഷാല്‍ രാഹുല്‍ ഗാന്ധി പോലും, പുതുപ്പള്ളി മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സൈക്കിള്‍ യാത്ര നടത്തി.
‘ഉള്ള കാശുകൊണ്ട് വേറെ വലിയ ആവശ്യമുണ്ട് ‘ എന്ന വാക്കുകളിലൂടെ ചാണ്ടി ഉമ്മന്‍ പകരുന്ന സന്ദേശവും ലക്ഷ്യവും കേരളീയര്‍ക്ക് ഒരു സേവന പാഠം നല്‍കുന്നുണ്ട്. രണ്ട് വര്‍ഷം മുന്‍പ് 2024 -ല്‍ ഭവനരഹിതരായ 50 പേര്‍ക്കാണ് വീട് നിര്‍മിക്കാന്‍ ചാണ്ടി ഉമ്മന്‍ പദ്ധതി ഇട്ടത്. ചുരുങ്ങിയത്, ഓരോ പഞ്ചായത്തിലും അഞ്ചു വീട് എന്നതാണ് പദ്ധതി. അതില്‍ 48 എണ്ണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. തിരഞ്ഞെടുപ്പു കാലത്ത് ചെലവ് ചുരുക്കല്‍ കൊണ്ട് ‘ഭവനരഹിതരില്ലാത്ത പുതുപ്പള്ളി’ പദ്ധതിയില്‍ 200 വീടുകളാണ് ലക്ഷ്യമിടുന്നത്. അതില്‍ ആദ്യഘട്ടം നൂറെണ്ണം. അതിനായി 25 എണ്ണത്തിന്റെ തറക്കല്ലിട്ടു. ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ സംഭവിക്കേണ്ടത്, ജനങ്ങള്‍ തമ്മിലുള്ള പോരല്ല, എന്ന ആശയം പങ്കുവെച്ചുകൊണ്ട് ‘കലാശക്കൊട്ട് ‘ ഒഴിവാക്കിയ ചാണ്ടി ഉമ്മനെ പുതുപ്പള്ളി ജനത നെഞ്ചിലേറ്റിയപ്പോള്, 52907 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ അദ്ദേഹം വിജയിച്ചു. അപ്പോള്‍, ഒരു സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് ഫ്ളക്സും ബാനറും പോസ്റ്ററും ബോര്‍ഡുകളും അത്രയൊന്നും അത്യാവശ്യം ഇല്ലാത്തത് തന്നെ.
പറഞ്ഞു വന്നത്, ചാണ്ടി ഉമ്മന്റെ ചെലവ് ചുരുക്കലിലൂടെ ഭവന നിര്‍മ്മാണം, പരിസ്ഥിതി സൗഹൃദം തുടങ്ങിയവ ലത്തീന്‍ സമുദായത്തിലെ ആഘോഷങ്ങളുമായി ചേര്‍ത്ത് വായിക്കുന്നതിനാണ്. നമ്മുടെ പെരുന്നാളുകള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ അതിരു കവിഞ്ഞ ധൂര്‍ത്ത് -ആര്‍ഭാടങ്ങളും, അതിരുവിടുന്ന ഫ്ളക്സ് സംസ്കാരവും നടമാടുന്നില്ലേ എന്നത് കാലികമായ ചോദ്യം തന്നെ. നമ്മുടേതു പോലുള്ള ഒരു സമുദായത്തിന് ഇന്ന് നാം തുടരുന്ന രീതിയിലുള്ള ആഘോഷഭൂഷാദികള് ആവശ്യവും അനിവാര്യവുമാണോ ? വരവറിഞ്ഞു ചെലവ് ചെയ്യണം എന്ന ചൊല്ലുപോലെ, എന്താണ് ഇന്ന് നമ്മുടെ സമുദായത്തിന്റെ ആസ്തി, സമുദായ അംഗങ്ങളുടെയും.
2021-ല്‍ ലത്തീന്‍ സമുദായത്തിന്റെ ഏകോപന സമിതി കെആര്‍എല്‍സിസി എടുത്ത കണക്കെടുപ്പ് പ്രകാരം, നമ്മുടെ മൊത്തം സമുദായ അംഗങ്ങളുടെ 47 ശതമാനം കുടുംബങ്ങള്‍, 3 സെന്റോ അതില്‍ താഴെയോ ഉള്ള സ്ഥലത്താണ് താമസിക്കുന്നത്. 26% കുടുംബങ്ങള്‍ക്കാണ് 10 സെന്റ് സ്ഥലം വരെ എങ്കിലും സ്വന്തമായിട്ടുള്ളത്. ഓര്‍ക്കണം, നമ്മുടെ സമുദായത്തിലെ 15 ശതമാനം മനുഷ്യര്‍ ഇന്നും സ്വന്തമായി ഭൂമി ഇല്ലാത്തവരാണ്. തീര്‍ന്നില്ല, 49% സമുദായ അംഗങ്ങളുടെ റേഷന്‍ കാര്‍ഡ് ദാരിദ്ര്യ പട്ടികയിലാണ്. സങ്കടപ്പെടുത്തുന്നത്, 54% സമുദായ അംഗങ്ങളും കടബാധ്യത കുരുക്കിലാണ്, 41 ശതമാനം വീടുപണിയുടെ കടബാധ്യതയിലും. ഞെട്ടിക്കുന്നത്, ലത്തീന്‍ സമുദായത്തിലെ 89 ശതമാനം തൊഴിലാളികളും സ്വന്തം ജീവിതത്തിന് സുരക്ഷിതത്വം ഇല്ലാത്ത അസംഘടിത മേഖലയിലാണ് തൊഴിലെടുക്കുന്നത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ 12% പേര്‍ക്കാണ് നമ്മുടെ സമുദായത്തില്‍ ബിരുദം ഉള്ളത്. പോസ്റ്റ് ഗ്രാജുവേഷന് 3.5 ശതമാനവും, പ്രൊഫഷണല്‍ 3.9% ആണ്.
സത്യത്തില്‍ ഈ കണക്കെടുപ്പ് ഒരു സാമ്പിള്‍ വെടിക്കെട്ട് ആണ്. പൂരം പിന്നാലെ വരും എന്നതു പോലെയാണ് ഇന്ന് ലത്തീന്‍ സമുദായത്തിന്റെ അവസ്ഥ. ഈ അവസ്ഥയുടെ പച്ചയായ യാഥാര്‍ത്ഥ്യത്തില്‍ നില്‍ക്കുമ്പോഴാണ്, സമുദായത്തിന്റെ ആഘോഷവും അതിരുവിട്ട ധൂര്‍ത്തും, മദ്യം ഉള്‍പ്പെടെയുള്ള സമുദായാംഗങ്ങളുടെ അമിത ഉപഭോഗാസക്തിയും, നമ്മുടെ ചിന്തയ്ക്ക് വിഷയീഭവിക്കേണ്ടത്.
ലത്തീന്‍ കത്തോലിക്കന് എക്കാലത്തും ആഘോഷങ്ങളിലും ആര്‍ഭാടങ്ങളിലും മുഴുകുന്നവരാണ് എന്നത് ചരിത്രം. ധാരാളിത്തവും ധൂര്‍ത്തും മുഖമുദ്രയാക്കിയ സമുദായമാണ് ലത്തീന്‍ കത്തോലിക്കര്‍. വിപുലമായ കല്യാണ ആഘോഷങ്ങളും ആദ്യകുര്‍ബാന – സ്ഥൈര്യലേപന ആഘോഷങ്ങള്‍, മരണത്തോടനുബന്ധിച്ച് ഏഴ് അടിയന്തിരം, മൂന്ന് – ആറ് മാസങ്ങള്‍, ആണ്ട് അടിയന്തരങ്ങളും ഈ ശ്രേണിയില്‍ പെടുന്നുണ്ട്. എന്നാല്‍, സഭാ സംവിധാനങ്ങള്‍ ഇതിലെ അധിക ചെലവിനെയും ധൂര്‍ത്തിനെയും വേണ്ട വിധത്തില്‍ നിരുത്സാഹപ്പെടുത്തുന്നുമില്ല. പള്ളി തിരുനാളുകളും, മറ്റു കൂടിവരവുകളും, അമിത ഉപഭോഗാസക്തിയുമെല്ലാം, ഈ പരാമര്‍ശം അര്‍ഹിക്കുന്ന മറ്റൊരു മേഖല തന്നെ.
പള്ളിപ്പെരുന്നാളുകള്‍
പള്ളിപ്പെരുന്നാളുകളിലേക്ക് കടന്നാല്‍ ചുരുങ്ങിയത് ചെറുതും വലുതുമായി ആയിരം ഇടവകകള്‍ എങ്കിലും 12 രൂപതകളിലുള്ളതായി നിശ്ചയിക്കാം. ഒരു പെരുന്നാള്‍ ആഘോഷത്തിന് ശരാശരി 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ ചെലവും കണക്കാക്കാം. (വലിയ ഇടവകകളില്‍, ഇതില്‍ ഒതുങ്ങില്ല എന്നത് വേറെ വിഷയം.) എങ്കിലും, ഈ ഇനത്തില്‍ വെടിക്കെട്ടിനായും കലാപരിപാടിക്കായും അലങ്കാരമോടിക്കായും ബാന്‍ഡ് മേളങ്ങള്ക്കായും ഒക്കെ ….. ഒക്കെ …. ഈ ഇനത്തില്‍ പ്രതിവര്‍ഷം ചെലവായിപ്പോകുന്നത് 50 കോടി മുതല്‍ 150 കോടി വരെയാണ്. ആവറേജ് കണക്കെടുത്താല്‍ ഒരു വര്‍ഷം 100 കോടിയോളം രൂപ ലത്തിന് കത്തോലിക്കരായ നാം പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി മാത്രം ചെലവാക്കുന്നുണ്ട്. (പ്രസുദേന്തിമാരുടെ വങ്കേത്ത് ഉള്‍പ്പെടെ …..,ഇപ്പോള്‍ പ്രസുദേന്തിമാരാകട്ടെ 10 -25- 50- 100 …… തുടങ്ങിയ എണ്ണത്തിലുമാണ് ) മറ്റാഘോഷങ്ങള്ക്കായി, ചെലവുകള്‍ വേറെയും.
ഇവിടെയാണ് സമുദായത്തെക്കുറിച്ചുള്ള ബോധ്യവും ഒരു പുനര്‍വിചിന്തനവും അനിവാര്യമായി വരുന്നത്.രൂപത തലങ്ങളിലും,
ഇടവക തലങ്ങളിലും ഇതിനൊരു ക്രമീകരണം നടത്തി 75 കോടി കൊണ്ട് ആഘോഷം നടത്തുകയും, 25 കോടി (ഇത് കേവലം കണക്കു മാത്രം. യാഥാര്‍ത്ഥ്യം ഇതാവില്ല.–ഇവിടെ ഉദ്ദേശിക്കുന്നത്, ഓരോ ഇടവകയിലെയും ആഘോഷത്തിന് ചെലവാക്കുന്ന തുകയുടെ നാലിലൊന്ന് സമുദായത്തിന്റെ അടിസ്ഥാന വര്ളര്ച്ചയ്ക്കും ശക്തികരണത്തിനും ചെലവഴിക്കണം എന്നേ അര്‍ത്ഥമാക്കുന്നുള്ളൂ.) സമുദായ അംഗങ്ങളുടെ വിദ്യാഭ്യാസത്തിനും, പാര്‍പ്പിട നിര്‍മ്മിതി ഉള്‍പ്പെടെയുള്ള മറ്റിതര വികസന ശാക്തീകരണത്തിനും ഉപയോഗിക്കാന്‍ കഴിയണം. സാമ്പത്തിക പരാധീനത കൊണ്ട് വിദ്യാഭ്യാസം മുടങ്ങുന്ന ഒറ്റ വിദ്യാര്‍ഥിയും ലത്തീന്‍ സമുദായത്തില്‍ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ ‘വിദ്യാഭ്യാസത്തിലൂടെ വിമോചനം ‘എന്ന മുദ്രാവാക്യം നമുക്ക് ഏറ്റെടുക്കാന്‍ കഴിയണം. ‘വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഏതൊരു ജനത്തിനും ഉണര്‍ന്നുയരാന്‍ കഴിയൂ’ എന്ന ബോധ്യത്തിലേക്ക് നമ്മുടെ സമുദായം ബോധവല്‍ക്കരിക്കപ്പെടണം. ഓര്‍ക്കണം നമ്മള്, കേരളത്തിലെ ആദ്യത്തെ പണിമുടക്ക്, മഹാത്മ അയ്യങ്കാളി സംഘടിപ്പിച്ചത് തൊഴിലിനോ കൂലിക്കോ വേണ്ടിയല്ല, അത് വിദ്യാഭ്യാസത്തിനു വേണ്ടിയായിരുന്നു. പഞ്ചമി എന്ന കുട്ടിക്ക് പഠിക്കാന്‍ വേണ്ടിയായിരുന്നു. വിദ്യാഭ്യാസത്തിന്റെ വിലയറിഞ്ഞ ആ സമുദായത്തിന്റെ ഇന്നത്തെ അവസ്ഥ പരിശോധിക്കുന്നതും നന്ന്. ഒപ്പം, കേരളത്തിലെ മുസ്ലിം സമുദായത്തെയും.
തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ- ഭരണ സിരാകേന്ദ്രങ്ങളില്‍, ഇന്നുകളില്‍ മുസ്ലിം സമുദായത്തിന്റെ പങ്കാളിത്തം നമുക്ക് പാഠമാകണം. അവരുടെ സമുദായ ബോധവും. വിലയിരുത്തേണ്ടത്, അവരുടെ ധൂര്ത്താഘോഷങ്ങളെയും, ആകാശ കാഴ്ചകളെയും കുറിച്ചും.
ചാണ്ടി ഉമ്മന്റെ ഭവനരഹിതരില്ലാത്ത പുതുപ്പള്ളി മണ്ഡലം എന്നതുപോലെ, ‘ഭവനരഹിതരില്ലാത്ത രൂപതകള്‍ ‘ എന്നതും നമ്മുടെ ലക്ഷ്യമാകണം. തീര്‍ച്ചയായും ഇത്തരം കാര്യങ്ങളില്‍ പൊതുവായി ജനപങ്കാളിത്തം ഉണ്ടാവും എന്നതും നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യം തന്നെ. ഓര്‍ക്കേണ്ടത് ഫ്രാന്‍സിസ്കന്‍ സഭാംഗമായ സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ ഒറ്റയ്ക്ക് കേരളത്തില്‍ 200 ഓളം വീടുകള്‍ നിര്‍മ്മിച്ചു നല്കിയെങ്കില്, കൂട്ടുത്തരവാദിത്വത്തോടെ 12 രൂപതകള്‍ /ഇടവകകള്‍ മനസ്സുവെച്ചാല്‍, നമ്മുടെ ആര്ഭാടങ്ങളുടെയും ധൂര്‍ത്തിന്റെയും നിയന്ത്രണ ചെലവുകള്‍ കൊണ്ടും, കൂടുംബാഘോഷങ്ങളിലെ പൊതുവായ സംഭാവനകളും ചേര്‍ത്ത് ഭവനരഹിതര്‍ക്ക് പാര്‍പ്പിടവും, പഠിതാക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസവും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് സ്വയം പര്യാപ്തതയും ഉണ്ടാക്കാന്‍ കഴിയില്ലേ ? ചേര്‍ത്തു വായിക്കേണ്ടത്, ചാണ്ടി ഉമ്മന്‍ ഭവനരഹിതര്‍ക്ക് വീട് വെച്ചു കൊടുക്കാന്‍ പ്രചോദനമായത്, സിസ്റ്റര്‍ ലിസി ചക്കാലക്കലിന്റെ പ്രവര്‍ത്തനങ്ങളാണ് എന്നതും ചിന്തനീയം.
പറഞ്ഞു തുടരുന്നത് ഗ്രീന്‍ കാമ്പയിനും, ഫ്ളക്സ് വിഷയവും കൂടി ചേര്ത്താവട്ടെ. കത്തോലിക്കാ സഭ 2026 ജനുവരി 10 മുതല്‍ 2027 ജനുവരി 10 വരെയുള്ള കാലഘട്ടം, വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ വര്‍ഷമായി ആചരിക്കുകയാണ്. പ്രകൃതിയുടെയും ദരിദ്രരുടെയും സംരക്ഷകനായ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ 800-മത് ചരമ വാര്‍ഷികത്തിന്റെ ഭാഗമായാണ് കത്തോലിക്കാ സഭ ഈ ജൂബിലി ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. സമാധാനത്തിന്റെയും, പരിസ്ഥിതി സ്നേഹത്തിന്റെയും, പാത പിന്തുടരാന് ഈ പ്രത്യേക വര്‍ഷം വിശ്വാസികളെ സഭ ആഹ്വാനം ചെയ്യുന്നുണ്ട്.
ഇവിടെയാണ് നമ്മുടെ ഫ്ളക്സ് സംസ്കാരത്തിന്റെ പ്രസക്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 140 നിയമസഭാ മണ്ഡലങ്ങളില്‍ , 2100 ഓളം സ്ഥാനാര്‍ഥികള്‍ ചേര്‍ന്ന്, 6000 ടണ്‍ മണ്ണില്‍ ദഹിക്കാത്ത ഫ്ളക്സുകള്‍ ആണ് കേരളത്തിന് സമ്മാനമായി തന്നത്. ഇത് ഒരു തിരഞ്ഞെടുപ്പിന്റെ മാത്രം കഥയാണ്. ഈ അവസ്ഥയില്‍ നിന്ന് നമ്മള് പ്രകൃതിയെ കുറിച്ച് ചിന്തിക്കുമ്പോള്‍, കേരളത്തിലെ 12 രൂപതകളിലേയും ഇടവകകളില്‍ ഫ്ളക്സ് ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചാല്‍ അത് കേരളത്തിന് ഒരു മാതൃകയാകും, ലത്തീന്‍ സമുദായത്തിന് ചരിത്രവും. ഏതു സംഭവത്തിനും ഫ്ളക്സുകള്‍ വെക്കുന്ന ഈ കാലത്ത്, ടെക്നോളജിയുടെ വളര്‍ച്ചയ്ക്ക് അനുസൃതമായി ഫ്ളക്സുകളോട് വിട പറയുന്നതല്ലേ നമുക്കും പ്രകൃതിക്കും ഗുണകരം ? പ്രകൃതിയെ ആഴത്തില്‍ സ്നേഹിച്ച വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഈ വര്‍ഷത്തില്‍, നമുക്ക് എന്തുകൊണ്ട് ഫ്ളക്സ് ഉപേക്ഷിക്കുന്ന ഒരു മാറ്റത്തിന് തുടക്കമിട്ടു കൂടാ?
ഈ അവസരത്തില്‍ ‘തന്റെ ഫോട്ടോ ഫ്ളക്സില്‍ വെക്കുന്ന ഇടവകകളിലെ പരിപാടിക്ക് താന്‍ പങ്കെടുക്കില്ല എന്ന് ശാഠ്യം പിടിക്കുന്ന ഒരു രൂപതാ അധ്യക്ഷനെ മനസ്സില്‍ സ്മരിക്കുന്നു. ‘
ചുരുക്കത്തില്‍ സമുദായത്തിന്റെ ധൂര്‍ത്തിനും, അമിതമായി പണം വ്യയം ചെയ്യുന്ന പെരുന്നാളുകള്‍ക്കും , ജൂബിലി, ഇതരാഘോഷങ്ങള്ക്കും നിശ്ചിതകാലത്തേക്ക് ….. ചുരുങ്ങിയത് 10 വര്‍ഷത്തേക്ക് എങ്കിലും ആര്ഭാടാഘോഷങ്ങള്ക്ക് പരിധി നിശ്ചയിക്കുക വേണം. ഇക്കാര്യത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ചിന്തിക്കണം. പ്രത്യേകമായി, കാല് നൂറ്റാണ്ട് പിന്നിട്ട് ജൂബിലി ആഘോഷിക്കുന്ന കെആര്എല്സിസിക്കും അല്മായ – യുവജന സംഘടനകള്‍ക്കും ഈ നിയന്ത്രണത്തില്‍ അവരവരുടെതായ പങ്ക് വഹിക്കാനാവും.
കെആര്‍എല്‍സിസി യുടെ ജൂബിലി വര്‍ഷത്തില്‍ സമുദായ ശാക്തികരണം മുഖ്യ അജണ്ടയായി, സമുദായത്തെ അടപടലം ബാധിക്കുന്ന, ഇത്തരം വിഷയങ്ങളെ പരിഗണിക്കണം. ഒരു വര്‍ഷത്തെ ജൂബിലിയുടെ പരിപാടിയില്‍, സമുദായത്തിന്റെ ധൂര്‍ത്തും ആര്‍ഭാടവും മുഖ്യവിഷയം തന്നെ ആകണം. കാരണം, കെആര്‍എല്‍സിസി തന്നെ കണക്കെടുപ്പിലൂടെ കണ്ടെത്തിയ, സമുദായത്തിന്റെ പച്ചയായ അവസ്ഥയാണ് ആരംഭത്തില്‍ സൂചിപ്പിച്ചത്. ഒരു വശത്ത് സമുദായത്തിന്റെ എല്ലാ തലങ്ങളിലെയും ദാരിദ്ര്യ അവസ്ഥ, മറുവശത്ത് അനിയന്ത്രിതമായ ആഘോഷങ്ങളും ധൂര്‍ത്തും, മദ്യം ഉള്‍പ്പെടെയുള്ള അമിത ഉപഭോഗാസക്തിയും. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക സാമ്പത്തിക യാഥാര്‍ഥ്യങ്ങളില്‍ ഒരു വികസ്വരസമൂഹമായി സ്വയം വിലയിരുത്താന്‍ കഴിയുമ്പോഴും, ഇതര സമൂഹങ്ങളുമായുള്ള താരതമ്യ വിശകലനത്തില്‍, സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയും ദാരിദ്ര്യവും ആഴത്തില്‍ പ്രകടമാകുന്ന ഒരു സമൂഹമാണ് ലത്തീന്‍ കത്തോലിക്കരുടെത് എന്നതും നമ്മള് പറഞ്ഞുവരുന്ന വിഷയത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു.
പുതിയൊരു ദിശാ മാറ്റം അനിവാര്യം തന്നെ.മാറ്റത്തിന്റെ ശംഖൊലിക്ക് ആരംഭമാകുന്നത്, കൃത്യമായ ദര്‍ശനവും ആദര്‍ശവും നേതാക്കളുടെ, നേതൃത്വ കൂട്ടായ്മകളുടെ ഉള്ളില്‍ ഉടലെടുക്കുമ്പോഴാണ്. മാറ്റത്തിന്റെ വിത്തുകള്‍ വിതയ്ക്കപ്പെടട്ടെ.
മാറ്റത്തിന്റെ നാമ്പിനും കൂമ്പിനും ആയി കാത്തിരിക്കുന്നുണ്ട് സമുദായാഗംങ്ങള്‍.
മറുമൊഴി :- അയ്യന്‍കാളി, ശ്രീനാരായണഗുരു, മന്നത്ത് പത്മനാഭന്, പൊയ്കയില്‍ അപ്പച്ചന് …….. പൊതുസമൂഹത്തിലെ ദുരാചാരങ്ങള്‍ക്കും അനീതികള്‍ക്കും എതിരെ പോരാടിയവര്‍. ഒപ്പം, സ്വന്തം സമുദായത്തിലെയും …. ഇവരെ നവോത്ഥാന നായകര്‍ എന്ന് കേരളം വിളിക്കുന്നു. എന്നാല്‍, ലത്തീന്‍ കത്തോലിക്കരില്‍ നവോത്ഥാന നായകര്‍ എന്ന് ആരെയും വിളിക്കുന്നില്ല….! എങ്കില്‍, എന്തുകൊണ്ടായിരിക്കാം ……?

