കൊച്ചി: പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗസാധ്യതയ്ക്കും തുടർച്ചയായ പൊള്ളിക്കുന്ന ചൂടിനും ആക്കംകൂട്ടിയ അന്തരീക്ഷത്തിലെ പ്രതിഭാസമായ എതിർചുഴലി (ആന്റി സൈക്ലോൺ) ദുർബലമായി തുടങ്ങി. സംസ്ഥാനത്ത് ആദ്യം ഉഷ്ണതരംഗം റിപ്പോർട്ടുചെയ്ത 2024 ലും ഈ പ്രതിഭാസം ഉണ്ടായെങ്കിലും ഇത്രയും നീണ്ടുനിന്നില്ലെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു.
കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ആന്റി സൈക്ലോണ്‍ (എതിര്‍ചുഴലി) ആണ് നിലവില്‍ ലഭിക്കേണ്ട സ്വഭാവിക മഴയ്ക്ക് തടസം സൃഷ്ടിക്കുന്നത്. ചൂടുള്ള കാലാവസ്ഥ കേരളത്തില്‍ ശക്തമാകുന്നതിനും ഇതൊരു കാരണമാണ്.
മഴയ്ക്ക് അനുകൂലമായ അന്തരീക്ഷമൊരുക്കുന്ന ചക്രവാത ചുഴലികള്‍ക്കും, ന്യൂനമര്‍ദ്ദ പാത്തിക്കും നിലവില്‍ സാധ്യതകളുണ്ടെങ്കിലും എതിര്‍ചുഴലിയുടെ സ്വാധീനമാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. ഉത്തരേന്ത്യയിൽനിന്ന് എത്തുന്ന ഉഷ്ണക്കാറ്റിനെ മുകളിലേക്ക് ഉയർത്താതെ താഴെതന്നെ നിലനിർത്തി വ്യാപിപ്പിക്കുന്ന രീതിയാണ് എതിർചുഴലിയുടേത്. അതോടെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ച സ്ഥലങ്ങളിലും ചൂട് കുറയാത്ത സാഹചര്യമുണ്ടായി.
എതിർചുഴലിയുടെ കേരളത്തിലെ സ്വാധീനം ദുർബലമാകുന്നതോടെ 28 മുതൽ കാലാവസ്ഥ വിദഗ്ധർ വ്യാപകമായ വേനൽ മഴ പ്രതീക്ഷിക്കുന്നുണ്ട്. തമിഴ്നാട് തീരത്ത് ന്യൂനമർദ്ദപാത്തി രൂപംകൊള്ളുന്ന സൂചനയുമുണ്ട്. പകൽ സമയങ്ങളിൽ കടൽകാറ്റ് വൈകുന്നതും ഇത്തവണ ചൂടിന്റെ തീവ്രത വർധിക്കാൻ കാരണമായെന്നു കാലാവസ്ഥ ശാസ്ത്രജ്ഞർ ഡോ. എം.കെ. സതീഷ്കുമാർ പറഞ്ഞു.

