കൊച്ചി: മത്സ്യബന്ധന മേഖലയ്ക്ക് മണ്ണെണ്ണ വില വർധന ഇരുട്ടടിയാകുന്നു, മത്സ്യലഭ്യത കുറഞ്ഞതും കയറ്റുമതിയിലെ പ്രതിസന്ധികളും ആഘാതമേൽപ്പിച്ച മത്സ്യബന്ധന മേഖലയിലെ വള്ളങ്ങൾക്കു സബ്സിഡി നിരക്കിൽ ലഭിക്കുന്ന മണ്ണെണ്ണയുടെ വില 52.37 രൂപയാണ് ഒറ്റയടിക്കു വർധിച്ചത്. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
‘ഇതുവരെ ലിറ്ററിന് 103 രൂപയ്ക്കു ലഭിച്ചിരുന്ന മണ്ണെണ്ണയ്ക്ക് ഇനി 155.37 രൂപ നൽകണം. 50 തൊഴിലാളികൾ വരെ ജോലി ചെയ്യുന്ന ഒരു ഇൻബോർഡ് വള്ളത്തിന് ഒരു ദിവസം ശരാശരി 40,000 രൂപയുടെ ചെലവുണ്ട്. മത്സ്യം കിട്ടിയാലും ഇല്ലെങ്കിലും ചെലവിൽ വ്യത്യാസമുണ്ടാകില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. മണ്ണെണ്ണ വിലവർധന പിൻവലിക്കണമെന്നും കടക്കെണിയിലായ മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധന മേഖലയെയും സംരക്ഷിക്കുന്നതിന് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് ആവശ്യ പ്പെട്ടു.
ഇൻബോർഡ് എൻജിനുകളോടൊപ്പം ഉപയോഗിക്കുന്ന ഔട്ട് ബോർഡ് കാരിയർ വള്ളങ്ങൾക്ക് 40 എച്ച്പിയുടെ യുടെ മൂന്നു യൂണിറ്റുകൾ വരെ ഉപയോഗിക്കേണ്ടിവരും. പ്രതിമാസം ലഭിക്കുന്ന സബ്സിഡി മണ്ണെണ്ണകൊണ്ട് ഒന്നോ രണ്ടോ ദിവസം മാത്രമേ വള്ളങ്ങൾ പ്രവർത്തിപ്പിക്കാനാകൂ. ശേഷമുള്ളത് കരിഞ്ചന്തയിൽനിന്നും കൂടിയ വിലയ്ക്കു വാങ്ങേണ്ട സ്ഥിതിയാണ്. 40 എച്ച്പിയുടെ ഒരു എൻജിന് മണിക്കൂറിൽ ചുരുങ്ങിയത് 20 ലിറ്റർ മണ്ണെണ്ണ ആവശ്യമുണ്ട്. തത്ഫലമായി കൂടുതൽ ഇന്ധനം 140 മുതൽ 190 വരെ ലിറ്റർ മണ്ണെണ്ണയാണു പ്രതിമാസം ആവശ്യമായി വരുമെന്ന് തൊഴിലാളികൾ പറയുന്നു. ഇപ്പോഴത്തെ വിലവർധന മത്സ്യത്തൊഴിലാളികളെയാണ് പ്രതികൂലമായി ബാധിക്കുന്നത്. മത്സ്യത്തിന്റെ ലഭ്യത കുറയുന്ന ഘട്ടങ്ങളിൽ വള്ളങ്ങളുടെ വരുമാനത്തെയും ജീവിതത്തെയും ബാധിക്കുന്നതാണ്.

