വത്തിക്കാൻ : സ്പെയിൻ രാജകുടുംബത്തിന് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. മേരി മേജർ ബസലിക്കയുടെ പ്രോട്ടോ കാനൻ പദവി ഏറ്റെടുക്കുന്നതിന്റെ കൂടി ഭാഗമായി വത്തിക്കാനിലെത്തിയ സ്പെയിൻ രാജാവ് ഫെലിപ്പെ ആറാമനും രാജ്ഞി ലെത്തീത്സ്യയ്ക്കും പരിശുദ്ധപിതാവ് ലിയോ പതിനാലാമൻ പാപ്പാ മാർച്ച് ഇരുപതാം തീയതി വെള്ളിയാഴ്ച്ച രാവിലെ കൂടിക്കാഴ്ച്ച അനുവദിച്ചുവെന്നു വത്തിക്കാൻ പ്രെസ് ഓഫീസ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.
വത്തിക്കാനിലെ സ്റ്റേറ്റ് സെക്രെട്ടറിയേറ്റ് സമുച്ചയത്തിലെ അപ്പസ്തോലിക കൊട്ടാരത്തിലും മറ്റ് ഓഫീസുകളിലുമായി നടന്ന മീറ്റിങ്ങുകളുടെ ഭാഗമായി, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ, വത്തിക്കാനും വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം തലവൻ ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ എന്നിവരുമായും രാജകുടുംബം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇരു രാഷ്ട്രനേതൃത്വങ്ങളും തമ്മിൽ നടന്ന സൗഹാർദ്ദപരമായ കൂടിക്കാഴ്ചകളിൽ, പരിശുദ്ധ സിംഹാസനവും സ്പെയിനും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധം, മാർച്ച് ഇരുപത്തിയെട്ട് ശനിയാഴ്ച നടക്കാനിരിക്കുന്ന മോണക്കോയിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ കൂടി പശ്ചാത്തലത്തിൽ പരാമർശിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട്, സ്പെയിനിലെ സഭയുടെ പ്രവർത്തനങ്ങളും രാജ്യത്തെ സ്ഥിതിഗതികളും തമ്മിലുള്ള ബന്ധം സംബന്ധിച്ചുള്ള ചോദ്യങ്ങളും ചർച്ചകളിൽ ഇടം പിടിച്ചുവെന്ന് പരിശുദ്ധ സിംഹാസനം അറിയിച്ചു.
പ്രാദേശികവും അന്താരാഷ്ട്രപരവുമായ വിഷയങ്ങളും സംഭാഷണവിഷയമായെന്നും, ലോകത്ത് സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള നിരന്തരശ്രമത്തിന്റെ ആവശ്യം എടുത്തുകാണിക്കപ്പെട്ടുവെന്നും വത്തിക്കാൻ അറിയിച്ചു. അന്താരാഷ്ട്ര സഹവർത്തിത്വത്തിന് അടിസ്ഥാനമായി നിൽക്കുന്ന തത്വങ്ങളും മൂല്യങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നൽകേണ്ട പ്രാധാന്യവും വത്തിക്കാൻ നേതൃത്വവും രാജകുടുംബവും ചർച്ച ചെയ്തിരുന്നു.
നൂറ്റാണ്ടുകളായി തുടരുന്ന പതിവനുസരിച്ച്, മാർച്ച് ഇരുപതിന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ റോമിലെ മേരി മേജർ ബസലിക്കയിൽ വച്ച്, ആർച്ച് പ്രീസ്റ് കർദ്ദിനാൾ റൊളാന്താസ് മക്രിസ്കാസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ, ഫെലിപ്പെ ആറാമൻ രാജാവ് ബസലിക്കയുടെ പ്രോട്ടോ കാനൻ സ്ഥാനം ഏറ്റെടുത്തു.
