വത്തിക്കാൻ സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധവും സംഘർഷങ്ങളും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാനും കുടിയേറ്റ പ്രതിസന്ധി നേരിടുന്ന മനുഷ്യരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും ലിയോ പതിനാലാമൻ പാപ്പാ ആഹ്വാനം ചെയ്തു. സ്പെയിനിലെ സെവുത്ത (Ceuta) പ്രദേശത്ത് തുടരുന്ന കുടിയേറ്റ പ്രതിസന്ധിയിലും പരിശുദ്ധ പിതാവ് ആശങ്ക രേഖപ്പെടുത്തി.
വത്തിക്കാനിൽ ഞായറാഴ്ച ത്രികാലജപ (ആഞ്ചലൂസ്) പ്രാർത്ഥന നയിച്ചശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യവെയാണ് പാപ്പാ ഈ ആഹ്വാനം നടത്തിയത്. കടുത്ത വേനലിനിടയിലും ആയിരക്കണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്ത് പാപ്പായുടെ സന്ദേശം ശ്രവിക്കുകയും ആശീർവാദം സ്വീകരിക്കുകയും ചെയ്തു.“ഔർ ലേഡി ഓഫ് ആഫ്രിക്ക”യുടെ മാധ്യസ്ഥം തേടി സെവുത്ത മേഖലയിലും അതിർത്തി പ്രദേശങ്ങളിലും സമാധാനവും നീതിയും സുസ്ഥിരതയും സ്ഥാപിക്കപ്പെടണമെന്ന് താൻ പ്രാർത്ഥിക്കുന്നതായി സ്പാനിഷ് ഭാഷയിൽ പാപ്പാ പറഞ്ഞു.
യുദ്ധം, അക്രമം, നിർബന്ധിത കുടിയേറ്റം എന്നിവ മൂലം കഷ്ടത അനുഭവിക്കുന്ന എല്ലാ ജനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാനും അവർക്കൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളാനും വിശ്വാസികളോട് അദ്ദേഹം അഭ്യർഥിച്ചു.

