വത്തിക്കാൻ സിറ്റി: അമേരിക്കയെക്കുറിച്ച് താൻ ഏറ്റവും വിലമതിക്കുന്നത് അവിടെയുള്ള സ്വാതന്ത്ര്യബോധവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളെ സ്വാഗതം ചെയ്യുന്ന ജനവൈവിധ്യത്തിന്റെ സംസ്കാരവുമാണെന്ന് ലെയോ പതിനാലാമൻ പാപ്പാ പറഞ്ഞു.
എൻബിസി (NBC), ടെലിമുണ്ടോ (Telemundo) ടെലിവിഷൻ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്.അന്ത്രേയ ബൊച്ചെല്ലി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കസ്തേൽ ഗന്തോൾഫോയിൽ സംഘടിപ്പിച്ച “സമാധാനത്തിന്റെ ഗീതം” സംഗീതപരിപാടിക്ക് ശേഷമായിരുന്നു അഭിമുഖം. അമേരിക്കയുടെ ശക്തി അവിടെയുള്ള സ്വാതന്ത്ര്യത്തിലും ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ ഒരേ സമൂഹത്തിന്റെ ഭാഗമായി സ്വീകരിക്കുന്ന മനോഭാവത്തിലുമാണെന്ന് പാപ്പാ പറഞ്ഞു.
താൻ അമേരിക്കക്കാരനാണെങ്കിലും ഇന്ന് ആഗോള കത്തോലിക്കാ സഭയുടെ ഇടയനെന്ന നിലയിലാണ് തന്റെ ദൗത്യം നിർവഹിക്കുന്നതെന്ന് പരിശുദ്ധ പിതാവ് വ്യക്തമാക്കി. പാപ്പായെന്ന നിലയിലാണ് താൻ തന്നെ കാണാൻ ആഗ്രഹിക്കുന്നതെന്നും, അത് സ്വന്തം ജന്മനാടിനോടുള്ള സ്നേഹം കുറയ്ക്കുന്നതല്ലെന്നും മറിച്ച് ആഗോളസഭയോടുള്ള തന്റെ ഉത്തരവാദിത്വം പ്രകടിപ്പിക്കുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു.അമേരിക്ക സന്ദർശിക്കാനുള്ള ആഗ്രഹവും പാപ്പാ പ്രകടിപ്പിച്ചു. അതോടൊപ്പം, ലോകമെമ്പാടുമുള്ള കുടിയേറ്റക്കാരോട് പ്രത്യാശ കൈവിടരുതെന്നും, ധൈര്യത്തോടെയും വിശ്വാസത്തോടെയും മുന്നോട്ട് പോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
