വത്തിക്കാൻ സിറ്റി : ആശയവിനിമയ വേദികൾ മനുഷ്യകുടുംബത്തിന്റെ പൊതുനന്മ ഉറപ്പുവരുത്തുന്നതിനും മാനവിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാകണമെന്ന് ലിയോ പതിനാലാമൻ പാപ്പാ ആഹ്വാനം ചെയ്തു.
സിഗ്നിസ് (SIGNIS) ആഗോള കോൺഗ്രസിൽ പങ്കെടുക്കുന്ന കത്തോലിക്കാ മാധ്യമപ്രവർത്തകർക്കും മാധ്യമരംഗത്തെ പ്രൊഫഷണലുകൾക്കുമായി അയച്ച സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്.വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടെയാണ് പാപ്പായുടെ സന്ദേശം കോൺഗ്രസ് പ്രതിനിധികൾക്ക് കൈമാറിയത്.
സുവിശേഷ മൂല്യങ്ങളായ മനുഷ്യാന്തസ്സ്, നീതി, അനുരഞ്ജനം എന്നിവയുടെ വെളിച്ചത്തിൽ സംസ്കാരങ്ങളെ പരിവർത്തനം ചെയ്യുക എന്ന ദൗത്യം മാധ്യമപ്രവർത്തനത്തിനുണ്ടെന്ന് പാപ്പാ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കത്തോലിക്കാ മാധ്യമപ്രവർത്തകർക്ക് പരസ്പരം ആശയവിനിമയം നടത്താനും അനുഭവങ്ങൾ പങ്കുവെക്കാനും മാധ്യമങ്ങളുടെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാനുമുള്ള വേദിയായാണ് സിഗ്നിസ് ആഗോള കോൺഗ്രസ് സംഘടിപ്പിച്ചിരിക്കുന്നത്.
കോൺഗ്രസിൽ പങ്കെടുക്കുന്ന എല്ലാവർക്കും ആശംസകൾ നേർന്ന പാപ്പാ, തന്റെ ആത്മീയ സാന്നിധ്യവും പ്രാർത്ഥനയും വാഗ്ദാനം ചെയ്തു. ആശയവിനിമയ വേദികൾ മനുഷ്യകുടുംബത്തിന്റെ പൊതുനന്മ മുന്നോട്ടുകൊണ്ടുപോകുന്നുവെന്ന് ഉറപ്പാക്കാൻ ഈ ചർച്ചകൾ പുതിയ പ്രചോദനമാകുമെന്ന പ്രത്യാശയും അദ്ദേഹം സന്ദേശത്തിൽ പങ്കുവച്ചു.

