റവ. ഡോ. ഗ്രിഗറി ആര്‍ബി
ആമുഖം
ദൈവവിളി സംബന്ധിച്ച് ലെയോ പതിനാലാമന്‍ പാപ്പ ഡിസംബര്‍ മാസം എട്ടാം തീയതി ‘വിശ്വസ്തതയില്‍ സൃഷ്ടിക്കപ്പെടുന്ന ഭാവി’ എന്ന പേരില്‍ ഒരു അപ്പോസ്തോലിക പ്രബോധനം പുറത്തിറക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലുള്ള ആശയങ്ങളും ചിന്തകളും ദൈവവിളി പ്രോത്സാഹിപ്പിക്കുവാനുള്ള നിര്‍ദ്ദേശങ്ങളുമാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ദൈവവിളി
ദൈവവിളി എന്നത് ജീവിത സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലും ദൈവീക ഇടപെടലുകളുടെ അടിസ്ഥാനത്തിലും ജീവിത സാകല്യത്തിനായി പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ ഒരാള്‍ തെരഞ്ഞെടുക്കുന്ന ജീവിത പാതയാണ്. ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ എല്ലാവരും വിശുദ്ധിയിലേക്കും ക്രിസ്തു ശിഷ്യത്വത്തിലേക്കും വിളിക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, സഭയില്‍ വ്യത്യസ്തമായ വിളികളിലൂടെ ശിഷ്യത്വം നിത്യരക്ഷയിലേക്കുള്ള വഴിയൊരുക്കുന്നു. പൗരോഹിത്യ വിളിയും, സന്യസ്ത വിളിയും, അല്മായ സേവനത്തിന്റെ സെക്യുലര്‍ വിളിയും, ഏകസ്ഥ ജീവിതശൈലിയിലേക്കുള്ള വിളിയും ഇപ്രകാരം വ്യത്യസ്ത ജീവിത അന്തസ്സുകള്‍ തിരഞ്ഞെടുക്കുവാന്‍ വ്യക്തികളെ സഹായിക്കുന്നു. പ്രാര്‍ത്ഥനയിലൂടെയും നിരന്തര അന്വേഷണങ്ങളിലൂടെയും ഒരു വ്യക്തി തന്റെ വിളി തിരിച്ചറിയുന്നത്. ആ വിളിക്കുചേര്ന്ന ജീവിതശൈലി അഭ്യസിക്കുവാന്‍ സഹായകമാകുന്നു. പൗരോഹിത്യ സന്യസ്ത വിളികളെ ശിഥിലമാക്കുന്ന ധാരാളം വെല്ലുവിളികള്‍ ഇന്ന് ചുറ്റുപാടും സജീവമായി കാണാനാകും. അവയെക്കുറിച്ചു നാം തികച്ചും ബോധ്യമുള്ളവര്‍ ആയിരിക്കേണ്ടതാണ്.
പ്രധാന വെല്ലുവിളികള്‍
- സെക്യുലര്‍ ചിന്താരീതികളുടെ അപ്രമാദിത്വപരമായ ആധിപത്യങ്ങള്‍
- ആഴമില്ലാത്തതും അപക്വവുമായ വിശ്വാസ സാക്ഷ്യങ്ങള്‍.
- സാമ്പത്തിക മേല്‍ക്കോയ്മയ്ക്കായുള്ള പരക്കംപാച്ചിലും കൂടുതല്‍ ധനമാര്ജിക്കുവാന് ഉതകുന്ന തൊഴിലിനു വേണ്ടിയുള്ള നെട്ടോട്ടവും.
- പ്രതിബദ്ധതയുള്ള ജീവിതശൈലി തെരഞ്ഞെടുക്കുവാനുള്ള ഭയവും അസ്ഥിരമാകുന്ന ജീവിതക്രമങ്ങളും.
- കുടുംബങ്ങളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന പിന്തിരിപ്പിക്കലുകളും നിരുത്സാഹ പ്രവണതകളും.
- വര്‍ദ്ധിച്ചുവരുന്ന ദുര്‍മാതൃകകളും അവയുടെ മാധ്യമങ്ങളിലൂടെയുണ്ടായിക്കൊണ്ടിരിക്കുന്ന പര്‍വതീകരിച്ചുള്ള നുണ പ്രചാരണങ്ങളും.
- സഭയിലെ തന്നെ വിഭാഗീയതകളും തര്‍ക്കങ്ങളും പരസ്പരം അംഗീകരിക്കാനുള്ള വൈമനസ്യങ്ങളും.
- സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നുള്ള ഭയവും തെറ്റായ സ്വാതന്ത്ര്യബോധവും.
- ശിഥിലമാകുന്ന കുടുംബ ബന്ധങ്ങള്‍.
- മാധ്യമങ്ങളുടെ അമിതാശ്രയവും സ്വാധീനവും.
വിശ്വസ്തത
പ്രതിസന്ധികള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ ദൈവവിളി കൂടുതലായി സൃഷ്ടിക്കപ്പെടുവാന്‍ പരിശുദ്ധ പിതാവ് മുന്നോട്ടുവയ്ക്കുന്നത് വിശ്വസ്തരായി പൗരോഹിത്യ സന്യസ്ത ജീവിതങ്ങളില്‍ വ്യാപരിക്കുക എന്നതാണ്. വിശ്വസ്തതയില്‍ ജീവിക്കുന്ന സമര്‍പ്പിതരുടെ ജീവിതം യുവതി യുവാക്കള്‍ക്ക് ആകര്‍ഷകമാവുകയും പ്രചോദനമേകുകയും ചെയ്യും. അതിലൂടെ ആധുനിക കാലത്തേക്കുതകുന്ന രീതിയില്‍ പൗരോഹിത്യ സന്യസ്ത വിളികളെ നവീകരിക്കുവാന്‍ വേണ്ടിയാണ് പാപ്പ ആഹ്വാനം ചെയ്യുന്നത്.
- ദൈവവിളി വിശ്വസ്തതയില്‍ ഉണ്ടാകുന്ന ദൈവിക പ്രവര്‍ത്തനമാണ്. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഹൃദയങ്ങളില്‍ ദൈവവിളിയുടെ വിത്തുകള്‍ വിതയ്ക്കപ്പെടുന്നത് ഒരു ദൈവിക പ്രവര്‍ത്തിയായി കാണാം. ഇത് ഒരു നൈമിഷികമായ പ്രവര്‍ത്തിയല്ല. നിരന്തരമായ വിശ്വാസ നവീകരണത്തിലൂടെയും മാനസാന്തരത്തിലൂടെയും സ്വയം സമര്‍പ്പണത്തിലൂടെയും ഹൃദയത്തില്‍ ഉളവാകുന്ന ഒരു ഉള്‍വിളിയാണ്. അതിനുതകുന്ന ദൈവീകമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുക എന്നത് ഏറെ അത്യന്താപേക്ഷിതമാണ്.
- വിശ്വസ്തത പ്രത്യാശ പകരുന്നു. പൗരോഹിത്യ സന്ന്യസ്ത ജീവിതങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന വിശ്വസ്തത പ്രത്യാശയ്ക്കു വകനല്കുന്നു. മൂന്നു തരത്തിലുള്ള വിശ്വസ്തതയെ കുറിച്ച് പരിശുദ്ധ പിതാവ് സൂചിപ്പിക്കുന്നുണ്ട്. ഒന്നാമത്, വിശുദ്ധ കുര്ബാനധിഷ്ഠിതമായതും പ്രാര്‍ത്ഥനയില്‍ അടിയുറച്ചതുമായ വിശ്വസ്തതയിലാണ്. രണ്ടാമതായി, സഭയോടുള്ള വിശ്വസ്തതയാണ്. മെത്രാന്മാരോട് ഐക്യപ്പെട്ട വൈദിക സന്യസ്ത കൂട്ടായ്മയില്‍ ഉണ്ടായിരിക്കേണ്ട ഐക്യമാണിവിടെ സൂചിതമാകുന്നത്. ഇപ്രകാരമുള്ള കൂട്ടായ്മ നല്കുന്ന സ്ഥിരതയും മാനസിക ബലവും സമര്‍പ്പിത ജീവിതങ്ങള്‍ക്കു ശക്തി പകരുന്നു. ഈ ശക്തി വിശേഷമാണ് പ്രത്യാശയ്ക്ക് നിദാനമായി തീരുന്നത്. മൂന്നാമതായി, മിഷനോടുള്ള വിശ്വസ്തത. ഇത് പൗരോഹിത്യ സന്ന്യസ്ത പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ നിറവേറ്റുന്ന പ്രവര്‍ത്തനങ്ങളു മായി ബന്ധപ്പെട്ടവയാണ്. ഒരു വിളിയില്‍ നിക്ഷിപ്തമായിരിക്കുന്ന ദൗത്യം ഉത്തരവാദിത്വ പൂര്‍ണമായി നിറവേറ്റുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
- ഒരു വ്യക്തിയിലെ പക്വതയാര്‍ന്ന വ്യക്തിത്വ രൂപീകരണം വിശ്വസ്തത പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നു. മാനുഷികമായ പക്വതയും ആത്മീയമായ വളര്‍ച്ചയും ഭൗതികമായ കാര്യ ശേഷിയും ഒരുവന്റെ ശുശ്രൂഷകളെ മികവുറ്റതാക്കുകയും അജപാലന ശുശ്രൂഷ മെച്ചപ്പെട്ടതാക്കുകയും ചെയ്യുന്നു. പക്വതയാര്‍ന്ന വ്യക്തിത്വ രൂപീകരണം ആണ് വിശ്വസ്തതക്കു നിദാനമായി ഭവിക്കുന്നത്.
- സന്തോഷമാര്‍ന്ന സാക്ഷ്യം വിളികള്‍ക്ക് കാരണമാകുന്നു. ക്രിസ്തുവിനെ സ്നേഹിക്കുന്ന ജീവിതം സന്തോഷ സാക്ഷ്യമാര്ന്ന ജീവിതമായി പരിണമിക്കേണ്ടതാണ്. അത് ജനങ്ങളെ നിസ്വാര്‍ത്ഥമായി സേവിക്കുന്നതിലേക്ക് നയിക്കുന്നു. സ്വന്തം വിളിയില്‍ ആനന്ദം കണ്ടെത്തി അത് സന്തോഷ സാക്ഷ്യമായി മാറ്റുന്നത് ദൈവവിളികള്‍ക്ക് ഏറെ ശക്തമായ പ്രചോദനമാകുന്നു.
- ഒറ്റപ്പെട്ട ജീവിതരീതി ഒഴിവാക്കണം. പൗരോഹിത്യ സന്യസ്ത ജീവിതരീതികള്‍ ഒറ്റപ്പെട്ട ജീവിത ശൈലി അവലംബിക്കുന്നവയാകരുത്. സാമൂഹിക ബന്ധങ്ങളിലും പരസ്പര പരാശ്രിത സഹായജീവിത രീതികളിലും വൈദിക സന്യസ്ത ജീവിതങ്ങള്‍ ഫല സമൃദ്ധമാകണം.6. വിളിയുടെ സംസ്കാരം രൂപപ്പെടുത്തണം. ദൈവവിളി രൂപപ്പെടുത്തുന്ന പ്രക്രിയ എല്ലാവരുടെതുമായി മാറുവാന്‍ ഉതകുന്ന രീതിയില്‍ ദൈവവിളി സംസ്കാരങ്ങള്‍ വളര്‍ത്തിയെടുക്കണം. ദൈവവിളി സംസ്കാരങ്ങള്‍ വളര്‍ത്തിയെടുക്കുന്ന ഇടങ്ങളായി കുടുംബങ്ങളും, ഇടവകകളും, യുവജന കൂട്ടായ്മകളും, സെമിനാരികളും മാറണമെന്ന് പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്യുന്നു.
- മിഷണറി ചൈതന്യം ആഴപ്പെടുത്തണം. അതിനായി അവഗണിക്കപ്പെട്ടവരെ പ്രത്യേകമായും കരുതലോടെയും സമീപിക്കണം. സുവിശേഷം ആധുനിക കാലഘട്ടത്തിനു ചേര്‍ന്ന രീതിയില്‍ അവതരിപ്പിക്കണം. യുവജനങ്ങളുമായി സംവദിച്ചും സമ്പര്‍ക്കം പുലര്‍ത്തിയും മിഷന് തീഷ്ണത വര്‍ദ്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഒരു മിഷണറി സഭ ദൈവവിളി സൃഷ്ടിക്കുന്നതിനും കാരണമാകുന്നു.
- ദൈവവിളി വളരുന്നത് എവിടെയാണ് എന്ന് പരിശുദ്ധ പിതാവ് വ്യക്തമാക്കുന്നുണ്ട്. വിശ്വസ്തത ശക്തമാക്കുന്നതിനുതകുന്ന രീതിയില്‍ സ്വജീവിതം ശക്തിപ്പെടുമ്പോള്‍ വിശ്വാസം സകല മേഖലകളിലും വിശ്വസ്തതയായി ബലപ്പെടും. സമൂഹത്തിന്റെ പിന്തുണയില്‍, യുവതി യുവാക്കളെ വ്യക്തിഗതമായി അനുഗമിക്കുന്നയിടങ്ങളില് വിശ്വസ്തത പരിപാലിക്കുന്നതിന് പ്രോത്സാഹനമായിത്തീരുന്നു. ഇപ്രകാരം ഉണ്ടാകുന്ന വിശ്വസ്തതകള്‍ ദൈവവിളിയുടെ ഉറവിടങ്ങളായി മാറുന്നവയാണ് എന്ന് മനസ്സിലാക്കി അവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടണം. ആ ഉറവിടങ്ങള്‍ സഭയെ പ്രത്യാശ പൂര്‍ണ്ണരാക്കുന്നു എന്നു പാപ്പാ അടിവരയിട്ടു പറയുന്നു.
ദൈവവിളി വര്‍ദ്ധനവ് കേരള സഭയില്‍
- കെആര്‍എല്‍സിസി തലത്തില്‍
ദൈവവിളി ക്യാമ്പുകളില്‍ പങ്കെടുക്കുവാന്‍ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ദൈവവിളികള്‍ പങ്കുവയ്ക്കുക. ഓരോ വ്യക്തിയുടെയും കാരിസം വളര്‍ത്താന്‍ സഹായിക്കുന്ന രീതിയില്‍ ദൈവവിളികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധയുള്ളവരാകുക. പ്രലോഭനങ്ങളും ലൗകിക വാഗ്ദാനങ്ങളും ഒഴിവാക്കുക. പൊതുവായ ദൈവവിളി ക്യാമ്പുകള്‍ക്കാവശ്യമായ പഠനസാധന സാമഗ്രികള്‍ ഉണ്ടാക്കുകയും പൊതുവായ ഒരു റിസോഴ്സ് ടീം രൂപപ്പെടുത്തുകയും ചെയ്യുക. ദൈവവിളിയെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ പ്രാദേശിക തലങ്ങളില്‍ ക്രമമായും കൃത്യമായും സംഘടിപ്പിക്കുവാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുക. - രൂപത തലത്തില്‍
- ദൈവവിളി പ്രോത്സാഹനം എല്ലാവരുടെയും പൊതുവായ ഉത്തരവാദിത്വമാണെന്ന തിരിച്ചറിവ് നല്‍കുക.
- ദൈവവിളി പ്രോത്സാഹനത്തിനായി ഒരു ടീം രൂപത തലത്തില്‍ സജീവമായി പ്രവര്‍ത്തിക്കുകയും നിരന്തരം ചെറുപ്പക്കാരുമായി സമ്പര്‍ക്കത്തിലാകുകയും ചെയ്യുക.
- രൂപത ടീമില്‍ വൈദികനും സന്യാസി സന്യാസിനി പ്രതിനിധികളും അല്മായ പ്രതിനിധികളും ഉള്‍പ്പെടെണ്ടതാണ്.
- ദൈവവിളി പ്രോത്സാഹനം വര്‍ഷാവസാനത്തിലെ ഒരു പരിപാടിയാക്കാതെ വാര്‍ഷിക പദ്ധതി തയ്യാറാക്കി വിവിധ ഇടവകകളും സ്കൂളുകളും സന്ദര്‍ശിച്ചു ദൈവവിളി പരിപാടികള്‍ ക്രമമായും കൃത്യമായും രൂപത ടീം വര്‍ഷാരംഭത്തില്‍ത്തന്നെ സംഘടിപ്പിക്കേണ്ടതാണ്.
- ആവശ്യമായ വീഡിയോ, റീല്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ ദൈവവിളി സന്ദേശങ്ങള്‍ വ്യാപകമാക്കുകയും ദൈവവിളി സംസ്കാരം വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടതാണ്.
- ഇടവകകളില്‍
- എല്ലാ മാസവും ഒരു ദിവസം ദൈവവിളിക്കായി പ്രാര്‍ത്ഥിക്കുന്നതിനു മാറ്റിവയ്ക്കുക. മുടങ്ങാതെ പ്രാര്‍ത്ഥനകള്‍ക്കു നേതൃത്വം കൊടുക്കുവാന്‍ ടീമുകള്‍ സജ്ജമാക്കുക.
- പൗരോഹിത്യത്തിന്റെയും സന്യാസത്തിന്റെയും ആനന്ദം സാക്ഷ്യപ്പെടുത്താന്പോന്ന സാക്ഷ്യവേദികള് സൃഷ്ടിക്കുക.
- ദൈവവിളി സംസ്കാരം വളര്‍ത്താന്‍ സഹായിക്കുന്ന സംഭവങ്ങള്‍ ആസൂത്രണം ചെയ്യുക.
- ദൈവവിളിസെല് രൂപീകരിക്കുക. അതില്‍ വൈദികരെയും സന്യസ്തരെയും കൂടാതെ മതബോധനാധ്യാപകന് ഭക്തസംഘടന പ്രതിനിധികള്‍ എന്നിവരെയും ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.
- ദൈവവിളി ഞായര്‍ വിപുലമായി ആഘോഷിക്കുക അതിനു മുന്നോടിയായ ഒരാഴ്ച ദൈവവിളി പ്രോത്സാഹന വാരമായി ആചരിക്കുക.
- ദൈവവിളി ക്യാമ്പുകള്‍ സെമിനാറുകള്‍ തീര്‍ത്ഥാടനങ്ങള്‍ ധ്യാനങ്ങള്‍ സെമിനാരി സന്ദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിക്കുക.
- ഇടവകകളില്‍ താഴെപ്പറയുന്ന രീതിയില്‍ ഒരു ദൈവവിളി കലണ്ടര്‍ സജ്ജമാക്കുന്നത് നന്നായിരിക്കും.
ജനുവരി – ദൈവവിളി ബോധവല്‍ക്കരണ മാസം
മാര്‍ച്ച് – യുവജന സെമിനാര്‍, ധ്യാനം
മെയ് – സെമിനാരി സന്ദര്‍ശനം.
ജൂലൈ – ദൈവവിളി സമ്പര്‍ക്ക പരിപാടികള്‍.
സെപ്റ്റംബര്‍ – കുടുംബങ്ങളില്‍ ദൈവവിളി പ്രാര്‍ഥന ശക്തിപ്പെടുത്താന്‍ വേണ്ടി ദൈവവിളി കാസ എന്ന പ്രാര്‍ഥനാരീതി ഇടവകകളില്‍ ആരംഭിക്കുക. (ദൈവവിളി കാസ എന്നത് ഓരോ ഞായറാഴ്ചയും ഒരു കുടുംബത്തിന് കാസ പ്രാര്‍ഥിച്ചു വൈദികന് നല്കുന്നു. ആ കാസ പ്രസ്തുത ഭവനത്തില്‍ പ്രതിഷ്ഠിച്ച് ഭവനവാസികള്‍ ആ ആഴ്ച മുഴുവന്‍ കാസയ്ക്ക് ചുറ്റുമിരുന്ന് ദൈവവിളിക്കായി പ്രത്യേകം തയ്യാറാക്കിയ പ്രാര്ഥനാരീതിയനുസരിച്ച് ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്നു. തുടര്‍ന്നുള്ള ഞായറാഴ്ച പ്രസ്തുത കാസ തിരിച്ചു പള്ളിയില്‍ കൊണ്ടുവരുന്നു. ആ കാസ തുടര്‍ന്ന് മറ്റൊരു കുടുംബത്തിന് വൈദികന് പ്രാര്‍ഥിച്ചു കൈമാറുന്നു. ഇപ്രകാരം വര്‍ഷം മുഴുവനും എല്ലാ ഭവനങ്ങളിലും കാസ കയറിയിറങ്ങുന്നു. ശക്തമായ കുടുംബ കേന്ദ്രീകൃത പ്രാര്‍ത്ഥനയുടെ അവസരമായ ദൈവവിളി കാസ മാറുന്നു).
നവംബര്‍ – സാക്ഷ്യങ്ങള്‍ അവതരിപ്പിക്കുന്നു. - അള്‍ത്താര സംഘ കൂട്ടായ്മ ദൈവവിളിയുടെ സ്കൂളാക്കി മാറ്റുക.
- ഹൈസ്കൂള്‍ തലത്തിലെ കുട്ടികളെ കൃത്യമായി പിന്തുടര്ന്ന് ദൈവവിളി പ്രോത്സാഹിപ്പിക്കുക.
- കുടുംബങ്ങളില്‍
- ദൈവവിളിയുടെ വിത്തു പാകപ്പെടേണ്ടത് കുടുംബങ്ങളിലാണ്. അതിനായി മാതാപിതാക്കളെ ബോധ്യപ്പെടുത്തണം. കുടുംബങ്ങളില്‍ രണ്ടിലധികം മക്കള്‍ ഉണ്ടാകാന്‍ പ്രോത്സാഹിപ്പിക്കണം.
- ദൈവവിളി പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള കുടുംബ സന്ദര്‍ശനങ്ങള്‍ വ്യക്തിഗത ബന്ധങ്ങള്‍ തുടങ്ങിയവ വ്യാപകമാക്കുക.
- ദൈവവിളി കാസയിലൂടെ കുടുംബ കേന്ദ്രീകൃതമായി ഒരുമിച്ചു കൂടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന രീതി അവലംബിക്കുക.
- കുടുംബ പ്രാര്‍ത്ഥനയുടെ ഭാഗമാകുന്ന രീതിയില്‍ ദൈവവിളി പ്രോത്സാഹന പ്രാര്‍ത്ഥനകള്‍ അച്ചടിച്ചു നല്കി പ്രാര്‍ത്ഥിക്കുവാന്‍ പ്രേരിപ്പിക്കുക.
- കുടുംബങ്ങളില്‍ വൈദികരെയും സന്യസ്തരെയും ക്ഷണിക്കുകയും അവരോടൊപ്പം പ്രാര്‍ഥിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തുകൊണ്ട് വൈദിക സന്യസ്തബന്ധം പ്രോത്സാഹിപ്പിക്കുന്നത് നന്നായിരിക്കും.
- കുടുംബങ്ങളില്‍ ദൈവവിളിയുമായി ബന്ധപ്പെട്ട ലഘുലേഖകള്‍, മാസികകള്‍ എത്തിക്കുക.
- നല്ല ചാനലുകള്‍, ദൈവവിളി പ്രോത്സാഹന ശീലുകള്‍, വീഡിയോകള്‍ ഭവനങ്ങളില്‍ കാണുവാന്‍ തക്കവിധം പ്രചരിപ്പിക്കുക.
- ബി സി സി കളില്‍
- ഒരു ബി സി സിയില്‍ നിന്നും ഒരു വൈദികനോ സിസ്റ്ററോ ഉണ്ടാകണമെന്ന ചിന്ത ശക്തമാക്കുക.
- ബി സി സി കള്‍ ഒരു വൈദിക വിദ്യാര്‍ത്ഥിയെയോ സന്യാസിനി കാന്ഡിഡേറ്റിനെയോ സ്പോണ്സര് ചെയ്യുക.
- ബി സി സി തലത്തില്‍ സെമിനാരി സന്ദര്‍ശനങ്ങള്‍ നടത്തുക.
സമാപനം
ഇപ്രകാരം പരിശുദ്ധ പിതാവിന്റെ പ്രബോധനം ഉള്‍ക്കൊണ്ടുകൊണ്ട് വിവിധ തലങ്ങളില്‍ ദൈവവിളി പ്രോത്സാഹിപ്പിക്കുന്ന കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ മാര്‍ച്ച് 6-ാം തീയതി പി. ഒ. സി. യില്‍ നടന്ന ദൈവവിളി കമ്മീഷന്റേയും സന്ന്യസ്ത കമ്മീഷന്റേയും സംയുക്ത യോഗത്തില്‍ തീരുമാനിക്കുകയുണ്ടായി. പ്രസ്തുതയോഗത്തില്‍ കമ്മീഷന് ചെയര്മാന്മാരായ ബിഷപ് ഡോ. സെല്‍വരാജനും ബിഷപ് ഡോ. ആന്റണി വാലുങ്കലും അധ്യക്ഷന്മാരായിരുന്നു. കേരളത്തിലെ പന്ത്രണ്ട് ലത്തീന്‍ രൂപതകളില്‍നിന്നും ദൈവവിളികള്‍ക്കു നേതൃത്വം കൊടുക്കുന്ന അറുപതോളം വൈദികരും സന്യസ്തരും പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി. ഡോ. മരിയ മൈക്കിള്‍ പ്രബന്ധം അവതരിപ്പിച്ചു. റവ. ഡോ. ഗ്രിഗറി ആര്. ബി, ഫാ. മരിയദാസ് ഒ.സി.ഡി., റവ. ഡോ. ജിജു അറക്കത്തറ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കി.

