വത്തിക്കാന് : ലിയോ പതിനാലാമൻ പാപ്പാ അർപ്പിക്കുന്ന വിശുദ്ധ ബലിയിൽ സംബന്ധിക്കാനുള്ള ടിക്കറ്റുകൾക്കെന്ന പേരിൽ ആളുകളിൽനിന്ന് പണം കൈക്കലാക്കാനായി ഇറങ്ങിയിരിക്കുന്ന ഓൺലൈൻ തട്ടിപ്പുകാരിൽനിന്ന് അകന്നുനിൽക്കാൻ ജാഗ്രതാനിർദ്ദേശവുമായി കാമറൂണിലെ അപ്പസ്തോലിക നൂൺഷ്യേച്ചറും വിവിധ പ്രാദേശികസഭാനേതൃത്വങ്ങളും. ഏപ്രിൽ 13 മുതൽ 23 വരെ തീയതികളിൽ പാപ്പാ ആഫ്രിക്കയിലേക്ക് അപ്പസ്തോലിക യാത്ര നടത്താനിരിക്കെയാണ്, ഇത്തരമൊരു പുതിയ തട്ടിപ്പുമായി കുബുദ്ധികൾ ഇറങ്ങിയതെന്ന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ 15 മുതൽ 18 വരെ തീയതികളിൽ കാമറൂണിൽ പാപ്പാ അപ്പസ്തോലിക സന്ദർശനം നടത്തുന്നതിനിടയിൽ നടക്കുന്ന വിശുദ്ധബലിയർപ്പണത്തിൽ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റുകൾ തികച്ചും സൗജന്യമാണെന്ന്, കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു കുറിപ്പിലൂടെ രാജ്യത്തെ അപ്പസ്തോലിക നൂൺഷ്യേച്ചർ അറിയിച്ചു. അതുകൊണ്ടുതന്നെ, പാപ്പായുടെ സന്ദർശനം മുതലാക്കി പണം നേടാൻ ശ്രമിക്കുന്ന ആളുകളുടെ തട്ടിപ്പിനെക്കുറിച്ച് കരുതലോടെയിരിക്കണമെന്ന് വത്തിക്കാന്റെ നയതന്ത്രകേന്ദ്രം ഓർമ്മിപ്പിച്ചു.
പാപ്പായുടെ അപ്പസ്തോലിക സന്ദർശനം, ഒരു ആദ്ധ്യാത്മിക, സഭാത്മക കാര്യമാണെന്നും, അത് കാമറൂണിലെ സഭയ്ക്കും മുഴുവൻ രാജ്യത്തിനും പ്രധാനപ്പെട്ടതാണെന്നും ഓർമ്മിപ്പിച്ച നൂൺഷ്യേച്ചർ, ഇത്തരമൊരു ചരിത്രസംഭവത്തിനായി, അദ്ധ്യാത്മികമായി, പ്രാർത്ഥനയോടെയും വിശുദ്ധബലിയർപ്പണത്തിലുള്ള പങ്കാളിത്തത്തോടെയും, ദിവ്യകാരുണ്യആരാധനയിലൂടെയും, മതപരമായ പഠനങ്ങളിലൂടെയും, അനുരഞ്ജനത്തിനായുള്ള പരിശ്രമത്തിലൂടെയും ഒരുങ്ങാനാണ് വിശ്വാസികൾ ശ്രമിക്കേണ്ടതെന്ന് തങ്ങളുടെ കുറിപ്പിൽ എഴുതി. യൗന്ദേ, ബമെന്ത, ദൂവാല എന്നിവിടങ്ങളിലെ യാത്രകൾ നൂൺഷ്യേച്ചർ പ്രത്യേകം പരാമർശിച്ചു.
ഓൺലൈൻ തട്ടിപ്പ് സംബന്ധിച്ച് യൗന്ദേ അതിരൂപതയും വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകി. ഓൺലൈൻ തട്ടിപ്പ് പോലെയുള്ള അപലപനീയമായ ശ്രമങ്ങൾക്ക് സഭയുമായി ബന്ധമില്ലെന്നും, വിശുദ്ധകുർബാനയിലുള്ള പങ്കാളിത്തം ഒരിക്കലും വിൽപ്പനയ്ക്കുള്ള ഒന്നല്ലെന്നും, ഇത്തരം തട്ടിപ്പുകളിൽനിന്ന് ജാഗ്രത പാലിക്കണമെന്നും അതിരൂപത വ്യക്തമാക്കി.
പാപ്പായുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ടിക്കറ്റുകൾ വിൽപ്പനയ്ക്കില്ലെന്നും, ആഘോഷങ്ങളിലുള്ള പങ്കാളിത്തം തികച്ചും സൗജന്യമാണെന്നും, ദൂവാല രൂപതയും ഫേസ്ബുക്കിലെ തങ്ങളുടെ കുറിപ്പ് വഴി അറിയിച്ചു.
തികച്ചും സൗജന്യമായ, വത്തിക്കാനിൽ ബുധനാഴ്ച ദിവസങ്ങളിൽ പാപ്പാ അനുവദിക്കുന്ന പൊതുകൂടിക്കാഴ്ച, വിശുദ്ധ പത്രോസിന്റെ ബസലിക്കയിലേക്കുള്ള പ്രവേശനം തുടങ്ങിയവയുടെ പേരിലും പലരും സമാനമായ രീതിയിൽ തട്ടിപ്പുകൾ നടത്താറുണ്ട്.
