കീവ്: ഉക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിൽ കുട്ടികളടക്കം ഒമ്പത് പേർ കൊല്ലപ്പെട്ടു. നഗരത്തിലെ അഞ്ച് ജില്ലകളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ നാല് കുട്ടികളുൾപ്പെടെ 28 പേർക്ക് പരിക്കേറ്റതായി ഉക്രൈൻ അധികൃതർ അറിയിച്ചു.
കഴിഞ്ഞ 48 മണിക്കൂറിനിടെ റഷ്യ നടത്തിയ രണ്ടാമത്തെ വലിയ ആക്രമണമാണിത്. യുദ്ധഭൂമിയിൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയാത്തതിനാലാണ് റഷ്യ സാധാരണ ജനവാസ മേഖലകളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തുന്നതെന്ന് ഉക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ ആരോപിച്ചു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കൻ നിർമ്മിത പാട്രിയറ്റ് മിസൈൽ സംവിധാനം ഉക്രൈനിൽ തന്നെ നിർമ്മിക്കാനുള്ള ലൈസൻസ് ലഭ്യമാക്കാൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്കി ശ്രമം തുടരുകയാണ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഈ ലൈസൻസ് നിർണായകമാണെന്നാണ് ഉക്രൈന്റെ നിലപാട്.എന്നാൽ, പാട്രിയറ്റ് പോലുള്ള അതീവ പ്രഹരശേഷിയുള്ള ആയുധങ്ങളുടെ നിർമ്മാണത്തിന് അനുമതി നൽകുന്നതിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

