മയിൻസ്: ജർമനിയിലെ മയിൻസ് രൂപതയുടെ സഹായമെത്രാനായി കർമലീത്ത മാതൃസഭ ഇന്ത്യൻ പ്രൊവിൻസിലെ മോൺ. ജോഷി ജോർജ് പൊട്ടയ്ക്കൽ ഒ.കാം അഭിഷിക്തനായി. മയിൻസ് രൂപതയുടെ ഏഴാമത്തെ സഹായമെത്രാനാണ് കർമലീത്ത സന്യാസ സമൂഹാംഗവും കോതമംഗലം രൂപതാംഗവുമായ മോൺ. ജോഷി ജോർജ് പൊട്ടയ്ക്കൽ. മയിൻസ് ബിഷപ്പ് ഡോ. പീറ്റർ കോൾഗ്രാഫ് അഭിഷേകകർമങ്ങൾക്കു മുഖ്യകാർമികത്വം വഹിച്ചു. ഫ്രൈബുർഗ് ആർച്ച് ബിഷപ്പ് ഡോ. സ്റ്റെഫാൻ ബുർഗർ, ബ്രസീലിലെ ഇതൈറ്റുബ രൂപതാ ബിഷപ്പ് ഡോ. വിൽമർ സാൻറ്റിൻ ഒ.കാം എന്നിവർ സഹകാർമികരായിരുന്നു.
ചടങ്ങിൽ 14 ബിഷപ്പുമാർ പങ്കെടുത്തു. കേരളത്തിൽനിന്നു കോതമംഗലം രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, യൂറോപ്പിലെ സീറോമലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, കർമലീത്ത മാതൃസഭ ജനറാൾ സ്പെയിൻകാരനായ ഫാ. ദെസിദേരിയോ ഗാർസിയ, കേരളത്തിൽനിന്നുള്ള ജനറൽ കൗൺസിലർ ഫാ. റോബർട്ട് പുതുശേരി, ജർമൻ പ്രോവിൻഷ്യൽ ഫാ. പീറ്റർ ഷ്രോഡർ, സെൻ്റ് തോമസ് പ്രൊവിൻസ് ഇന്ത്യ പ്രോവിൻഷ്യൽ ഫാ. തങ്കച്ചൻ പോൾ ഞാളിയത്ത് എന്നിവരും കർമലീത്ത സന്യാസസമൂഹാംഗങ്ങളും സിസ്റ്റേഴ്സും ജർമനിയിൽ സേവനം ചെയ്യുന്ന മലയാളി വൈദികരും സന്യസ്തരും പങ്കെടുത്തു.
താൻ ഇവിടെ നിൽക്കുന്നത് പരിമിതികളോടും ബലഹീനതകളോടുംകൂടിയാണെന്നും മനുഷ്യരുടെ കണ്ണിൽ പരിപൂർണരല്ലാത്തവരെയും ദൈവം പലപ്പോഴും തെരഞ്ഞെടുത്തുകൊണ്ടിരിക്കുകയാണെന്നും മോൺ. ജോഷി ജോർജ് പൊട്ടയ്ക്കൽ നന്ദി പ്രസംഗത്തിൽ പറഞ്ഞു. 22 വർഷമായി ജർമനിയിൽ ശുശ്രൂഷ ചെയ്യുന്ന മോൺ. ജോഷി ജോർജ് പൊട്ടയ്ക്കലിനെ 2025 നവംബർ 26നാണ് ലെയോ പതിനാലാമൻ മാർപാപ്പ മയിൻസിലെ സഹായമെത്രാനായി നിയമിച്ചത്.
ഈ കാലഘട്ടത്തിൽ മെത്രാന്മാരാകുന്ന എല്ലാവർക്കും പ്രവാചകദൗത്യമുണ്ടെന്നും ഈ കാലഘട്ടത്തിലും സംസ്കാരത്തിലും മനുഷ്യർ മറന്നുപോകുന്ന ദൈവത്തെ ഓർമിപ്പിക്കേണ്ടത് അവരുടെ കടമയാണെന്നും ഡോ. പീറ്റർ കോൾഗ്രാഫ് തൻറെ സന്ദേശത്തിൽ പറഞ്ഞു. നിർബന്ധമോ ഭീഷണിയോ അല്ല ഇതിനാവശ്യം. മറിച്ച് ദൈവത്തിൽ വിശ്വസിക്കുന്ന ഒരാൾ തൻറെ ജീവിതം ദൈവം നയിക്കുന്നുവെന്ന് അറിഞ്ഞുകൊണ്ട്, വിശ്വാസത്തിനും ദൈവത്തിനും സാക്ഷ്യം വഹിക്കണമെന്നും ബിഷപ് കൂട്ടിച്ചേർത്തു.
വിവിധ രാജ്യങ്ങളിൽനിന്നുള്ള വിശ്വാസികളും രാഷ്ട്രീയ സാമൂഹികരംഗങ്ങളിലെ പ്രതിനിധികളും ബിഷപ് ജോഷി ജോർജിൻറെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. അഭിഷേകത്തിനുശേഷം മലയാളിവൈദികരും സന്യസ്തരും ചേർന്ന് മലയാളത്തിൽ അനുമോദനഗാനം ആലപിച്ചു. ദേവാലയത്തിലെ ചടങ്ങുകൾക്കുശേഷം മയിൻസ് രൂപതാ സെമിനാരിയിൽ സ്വീകരണവും ഉണ്ടായിരുന്നു.
എഡി 304ൽ സ്ഥാപിതമായ മയിൻസ് രൂപതയുടെ ഏഴാമത്തെ സഹായമെത്രാനാണ് മാർ പൊട്ടയ്ക്കൽ. മയിൻസിൽ സഹായമെത്രാനായിരുന്ന ഡോ. ഉഡോ മാർക്കുസ് ബെൻറ്സ് പാഡർബോൺ ആർച്ച്ബിഷപ്പായി നിയമിതനായതിനെത്തുടർന്നാണ് മാർ പൊട്ടയ്ക്കൽനിയമിതനായത്.

