വത്തിക്കാൻ : തന്റെ ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ. പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടതിന് ഏതാണ്ട് പത്ത് മാസങ്ങൾക്ക് ശേഷം, ഫെബ്രുവരി പതിനാല് ശനിയാഴ്ച ഉച്ചകഴിഞ്ഞ് തന്റെ നാളിതുവരെയുള്ള താമസയിടത്തുനിന്ന് പരിശുദ്ധ പിതാവ് അപ്പസ്തോലിക കൊട്ടാരത്തിലേക്ക് താമസം മാറ്റുന്നത് സംബന്ധിച്ച വിവരം പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണിയാണ് പത്രപ്രവർത്തകരെ അറിയിച്ചത്.
പരിശുദ്ധ പിതാവിനൊപ്പം അദ്ദേഹത്തിന്റെ സെക്രെട്ടറിമാരുൾപ്പെടെയുള്ള ഏറ്റവും അടുത്ത സഹകാരികളും അപ്പസ്തോലിക കൊട്ടാരത്തിലേക്ക് താമസം മാറ്റിയതായി പരിശുദ്ധ സിംഹാസനം അറിയിച്ചു. മെത്രാന്മാർക്കായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷനായിരുന്നപ്പോൾ താൻ താമസിച്ചിരുന്ന വിശ്വാസകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി സമുച്ചയത്തിന്റെ ഒരു നിലയിലായിരുന്നു പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞിട്ടും ലിയോ പതിനാലാമൻ പാപ്പാ താമസിച്ചുവന്നിരുന്നത്.
ഫ്രാൻസിസ് പാപ്പാ, തന്റെ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം, വത്തിക്കാനിലെ സാന്താ മാർത്ത ഭവനത്തിൽ താമസിച്ചിരുന്നതിനാൽ, കഴിഞ്ഞ നീണ്ട പതിമൂന്നോളം വർഷങ്ങളോളം ഉപയോഗിക്കാതെ കിടന്ന അപ്പസ്തോലിക കൊട്ടാരത്തിലേക്കാണ് പത്രോസിന്റെ പുതിയ പിൻഗാമി എത്തുന്നത്. വിവിധ നിലകളിലായി ഒരുക്കപ്പെട്ടിരിക്കുന്ന ഈ കൊട്ടാരത്തിൽ പരിശുദ്ധ പിതാവ് ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് പ്രാർത്ഥന നയിക്കാനായെത്തുന്ന ജനാലയുള്ള ഭാഗത്തെ ഓഫീസ്, ലൈബ്രറി, ചെറിയ ഒരു ചാപ്പൽ തുടങ്ങി നിരവധി ഇടങ്ങളാണുള്ളത്.
2025 മെയ് എട്ടിന്, റോമിന്റെ മെത്രാനായി താൻ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മെയ് 11-ന് ഈ കൊട്ടാരത്തിലെത്തിയ ഫ്രാൻസിസ് പാപ്പാ, ഉപയോഗിച്ചിരുന്നതും, അദ്ദേഹത്തിന്റെ മരണത്തോടെ ഏപ്രിൽ 21-ന് അടച്ച് സീൽ ചെയ്യപ്പെട്ടതുമായ പേപ്പൽ അപ്പാർട്ട്മെന്റ് തുറന്നിരുന്നു.
വിശുദ്ധ പത്താം പിയൂസ് പാപ്പായാണ് നിലവിലെ അപ്പസ്തോലിക കൊട്ടാരത്തിൽ ഇപ്പോൾ പാപ്പാ ഉപയോഗിക്കുന്ന അപ്പാർട്ട്മെന്റിൽ ആദ്യമായി താമസിച്ചത്. 1903 മുതൽ 1914 വരെയുള്ള കാലയളവിലാണ് വിശുദ്ധൻ അവിടെയുണ്ടായിരുന്നത്.
