ക്രൊയേഷ്യയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആയി നിയമിതനായി
ന്യൂഡല്‍ഹി : ഇന്ത്യയിലെയും നേപ്പാളിലെയും വത്തിക്കാന്‍ പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധിയായി സേവനമനുഷ്ഠിച്ചിരുന്ന ആര്‍ച്ച്ബിഷപ്പ് ലിയോപോള്‍ഡോ ജിറെല്ലിയെ (73), ക്രൊയേഷ്യയിലെ പുതിയ അപ്പസ്തോലിക് നുണ്‍ഷ്യോ ആയി പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ പാപ്പ നിയമിച്ചു. 2026 മാര്‍ച്ച് 13-ന് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു. 2021 മാര്‍ച്ച് 13 മുതല്‍ അദ്ദേഹം ഭാരത സഭയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. നിരവധി തവണ അദ്ദേഹം കേരളത്തിലുമെത്തിയിരുന്നു. ഭാരതത്തിലെ പുതിയ നുണ്‍ഷ്യോയുടെ പ്രഖ്യാപനം താമസിയാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. സ്റ്റീഫന്‍ ആലത്തറ ജീവനാദത്തോടു വ്യക്തമാക്കി.
ആര്‍ച്ച്ബിഷപ്പ് ലിയോപോള്‍ഡോ ജിറെല്ലി 1953 മാര്‍ച്ച് 13-ന് ഇറ്റലിയിലെ ബെര്‍ഗാമോയിലുള്ള പ്രെഡോറിലാണ് ജനിച്ചത്. 1978 ജൂണ്‍ 17-ന് വൈദികനായി പട്ടം സ്വീകരിച്ച അദ്ദേഹം ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 1987 ജൂലൈ 13-നാണ് അദ്ദേഹം പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര സേവനത്തില്‍ പ്രവേശിച്ചത്.
തന്റെ നയതന്ത്ര ഔദ്യോഗിക ജീവിതത്തിനിടയില്‍ കാമറൂണ്‍, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ അപ്പസ്തോലിക് നുണ്ഷ്യേച്ചറുകളിലും, തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ ജനറല്‍ അഫയേഴ്സ് വിഭാഗത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചു. കൂടാതെ അമേരിക്കയിലെ അപ്പസ്തോലിക് നുണ്‍ഷ്യേച്ചറിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2006ല്‍ ഇന്തോനേഷ്യയിലെയും ഈസ്റ്റ് തിമൂറിലെയും അപ്പസ്തോലിക് നുണ്‍ഷ്യോ, 2011ല്‍ സിംഗപ്പൂര്‍ നുണ്‍ഷ്യോ, മലേഷ്യയുടെയും ബ്രൂണെയുടെയും അപ്പസ്തോലിക് ഡെലിഗേറ്റ്, വിയറ്റ്നാമിലെ നോണ്‍-റെസിഡന്റ് പോണ്ടിഫിക്കല് പ്രതിനിധി, 2017ല്‍ ഇസ്രായേല്‍ നുണ്‍ഷ്യോ, ജെറുസലേമിലെയും പലസ്തീനിലെയും അപ്പസ്തോലിക് ഡെലിഗേറ്റ്. സൈപ്രസിലെ നുണ്‍ഷ്യോ ആയും അധിക ചുമതല ലഭിച്ചു. 2021ല്‍ ഇന്ത്യയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആയി ചുമതലയേറ്റു. ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകളില്‍ അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്. മധ്യ-തെക്കുകിഴക്കന്‍ യൂറോപ്പില്‍ സ്ഥിതി ചെയ്യുന്ന ക്രൊയേഷ്യയില്‍ 17 കത്തോലിക്കാ രൂപതകളും കത്തോലിക്കാ സഭയുടെ ബൈസന്റൈന്‍-സ്ലാവോണിക് പാരമ്പര്യത്തില്‍പ്പെട്ട ‘ക്രിസെവ്ചി എപ്പാര്‍ക്കി’ എന്ന ഒരു പൗരസ്ത്യ കത്തോലിക്കാ രൂപതയുമുണ്ട്.

