വത്തിക്കാൻ സിറ്റി: സാങ്കേതികവിദ്യകളും പ്രത്യേകിച്ച് നിർമ്മിത ബുദ്ധിയും (AI) മനുഷ്യാന്തസ്സ് സംരക്ഷിക്കുകയും സത്യത്തിന്റെയും നന്മയുടെയും സേവനത്തിനായി ഉപയോഗിക്കപ്പെടുകയും വേണമെന്ന് ലെയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു.
ചിലിയിലെ സാന്തിയാഗോയിലുള്ള പൊന്തിഫിക്കൽ കത്തോലിക്കാ യൂണിവേഴ്സിറ്റിയിൽ സഭയുടെ ആശയവിനിമയവുമായി ബന്ധപ്പെട്ട് നടന്ന ഏഴാമത് അന്താരാഷ്ട്ര സെമിനാറിലേക്ക് അയച്ച സന്ദേശത്തിലൂടെയാണ് പാപ്പ ഈ ആഹ്വാനം നടത്തിയത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളീൻ ഒപ്പുവച്ച സന്ദേശത്തിൽ, നിർമ്മിത ബുദ്ധി ഉയർത്തുന്ന വെല്ലുവിളികളെ വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും നേരിടേണ്ടതിന്റെ ആവശ്യകത പാപ്പ ഊന്നിപ്പറഞ്ഞു.”നിർമ്മിത ബുദ്ധി ഉയർത്തുന്ന വെല്ലുവിളികൾ” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാറിൽ തെക്കേ അമേരിക്കയിലെയും കരീബിയൻ മേഖലയിലെയും ആശയവിനിമയ വിദഗ്ധർ, അജപാലന പ്രവർത്തകർ, അക്കാദമിക വിദഗ്ധർ, സഭാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ലിയോ പതിനാലാമൻ പാപ്പായുടെ “മാഗ്നിഫിക്ക ഉമാനിത്താസ്” (Magnifica Humanitas) എന്ന ചാക്രിക ലേഖനത്തിന്റെ വെളിച്ചത്തിൽ നിർമ്മിത ബുദ്ധിയുടെ നൈതിക, സാംസ്കാരിക, മതപരമായ വെല്ലുവിളികളും അവയ്ക്ക് സഭ നൽകുന്ന മറുപടികളും സമ്മേളനത്തിൽ ചർച്ച ചെയ്തു.

