മെഡ്ജുഗോറി: ലോകപ്രശസ്ത മരിയൻ തീർത്ഥാടനകേന്ദ്രമായ ബോസ്നിയ & ഹെർസെഗോവിനയിലെ മെഡ്ജുഗോറിയിൽ വിശുദ്ധ മാതാവിന്റെ തിരുസ്വരൂപങ്ങൾക്കും ആരാധനാസ്ഥലങ്ങൾക്കും നേരെ അജ്ഞാതരുടെ ആക്രമണം. വാർഷിക യുവജനസംഗമമായ ‘മ്ലാഡിഫെസ്റ്റ്’ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ചൊവ്വാഴ്ച പുലർച്ചെ സംഭവം നടന്നത്.
പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, ദർശനമല (പോഡ്ബ്രഡോ)യിൽ സ്ഥാപിച്ചിരുന്ന പരിശുദ്ധ കന്യാമറിയത്തിന്റെ രണ്ട് തിരുസ്വരൂപങ്ങൾ അക്രമികൾ വികൃതമാക്കി. ഒരു രൂപത്തിന്റെ മുഖത്തും നെഞ്ചിലും വസ്ത്രത്തിലും കറുത്ത പെയിന്റ് ഒഴിക്കുകയും പീഠത്തിൽ അധിക്ഷേപകരമായ വാക്കുകൾ എഴുതുകയും ചെയ്തതായി കണ്ടെത്തി. സമീപത്തെ കൽഫലകത്തിലും നാശനഷ്ടങ്ങൾ വരുത്തിയിരുന്നു.
ഇതിന് പിന്നാലെ സെന്റ് ജെയിംസ് ദേവാലയത്തിന്റെ പുറത്തുള്ള തുറസ്സായ ബലിപീഠത്തിന് അക്രമികൾ തീയിട്ടു. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ആരാധനാകേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് യുവജനങ്ങൾ പങ്കെടുക്കുന്ന മ്ലാഡിഫെസ്റ്റിന് മുന്നോടിയായി നടന്ന ഈ സംഭവം വിശ്വാസികളിൽ ദുഃഖവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

