കാലിഫോർണിയ: ലോകമെമ്പാടുമുള്ള ക്രൈസ്തവ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ദ ചോസൺ’ ബൈബിൾ പരമ്പരയുടെ ആറാം സീസണിന്റെ ടീസർ പുറത്തിറങ്ങി. ക്രിസ്തുവിന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഘട്ടമായ പീഡാസഹനവും കുരിശിലെ ബലിയും ആസ്പദമാക്കിയാണ് പുതിയ സീസൺ ഒരുക്കിയിരിക്കുന്നത്.
ദുഃഖവെള്ളിയാഴ്ചയിലെ അവസാന 24 മണിക്കൂറുകളെ കേന്ദ്രീകരിക്കുന്ന ടീസറിൽ യേശുവിന്റെ വിചാരണ, ചാട്ടവാറടി, കാൽവരിയിലേക്കുള്ള യാത്ര, ഒടുവിൽ കുരിശിലെ ജീവത്യാഗം എന്നിവ വൈകാരിക തീവ്രതയോടെ അവതരിപ്പിച്ചിരിക്കുന്നു. യേശുവിന്റെ പീഡാനുഭവങ്ങൾ ദൃശ്യഭാഷയിലൂടെ ശക്തമായി ആവിഷ്കരിക്കുന്ന ടീസർ ഇതിനകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
ആറ് എപ്പിസോഡുകളാണ് പുതിയ സീസണിലുള്ളത്. ആദ്യ മൂന്ന് എപ്പിസോഡുകൾ നവംബർ 15 മുതൽ ഒ.ടി.ടി. പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെ പ്രദർശനം ആരംഭിക്കും. ശേഷിക്കുന്ന എപ്പിസോഡുകൾ ഡിസംബർ 6 വരെ ആഴ്ചയിൽ ഓരോന്നായി പുറത്തിറക്കും. പരമ്പരയുടെ സമാപനഭാഗം 2027 മാർച്ച് 12-ന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ജനപ്രിയമായ വിശ്വാസാധിഷ്ഠിത ദൃശ്യപരമ്പരകളിലൊന്നായ ‘ദ ചോസൺ’ യേശുക്രിസ്തുവിന്റെ ജീവിതവും ശുശ്രൂഷയും ചരിത്രപരവും മാനുഷികവുമായ വീക്ഷണത്തിൽ അവതരിപ്പിക്കുന്നതിനാൽ ആഗോളതലത്തിൽ വലിയ പ്രേക്ഷകസ്വീകാര്യത നേടിയിട്ടുണ്ട്.

