വത്തിക്കാൻ : വിശുദ്ധ വാരത്തിന്റെ തലേദിവസം, മാർച്ചു മാസം ഇരുപത്തിയെട്ടാം തീയതി, കത്തോലിക്കാ രാജ്യമായ മൊണാക്കോയിലേക്കുള്ള ലിയോ പതിനാലാമൻ പാപ്പായുടെ അപ്പസ്തോലിക യാത്രയുടെ ഔദ്യോഗിക ചിഹ്നവും, ആപ്തവാക്യവും, മറ്റു വിവരങ്ങളും, വത്തിക്കാൻ പ്രസിദ്ധീകരിച്ചു. 2026 ലെ, പാപ്പായുടെ ആദ്യ യൂറോപ്യൻ സന്ദർശനവും, വിദേശ അസ്തോലിക യാത്രയുമാണ് മൊണാക്കോ സന്ദർശനം. ജെ സുയിസ് ലെ കെമിൻ, ലാ വെരിത്തെ എത്ത് ലാ വീ (Je suis le Chemin, la Verité et la Vie) എന്ന ഫ്രഞ്ച് ഭാഷയിലുള്ള ആപ്തവാക്യം, യോഹന്നാന്റെ സുവിശേഷം പതിനാലാം അധ്യായം, ആറാം തിരുവചനമാണ്: “വഴിയും സത്യവും ജീവനും ഞാനാണ്.”
യേശുവിന്റെയും, അവന്റെ സന്ദേശത്തിന്റെയും വാഹകനായിട്ടാണ് താൻ മൊണാക്കോയിലേക്കു വരുന്നതെന്നു, ഈ ആപ്തവാക്യത്തിലൂടെ, പാപ്പാ വെളിപ്പെടുത്തുന്നു. ഏകദേശം ഒൻപതു മണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന സന്ദർശനവേളയിൽ, ആൽബർട്ട് രാജകുമാരനുമായും, കത്തോലിക്കാ സമൂഹവുമായും, യുവാക്കൾ, പുതുക്രിസ്ത്യാനികൾ എന്നിവരുമായും പാപ്പാ കൂടിക്കാഴ്ചകൾ നടത്തും. തുടർന്ന് ലൂയിസ് രണ്ടാമൻ സ്റ്റേഡിയത്തിൽ വിശുദ്ധ ബലിയർപ്പിക്കും.
പാപ്പയുടെ സന്ദർശനം മൊണാക്കോയും, പരിശുദ്ധ സിംഹാസനവും തമ്മിലുള്ള പുരാതനവും വിശ്വസനീയവുമായ നയതന്ത്ര ബന്ധങ്ങളുടെ തുടർച്ചയും, സമാധാനത്തിനുള്ള പ്രത്യാശയുടെ ശക്തമായ അടയാളവുമായിരിക്കും.
വത്തിക്കാനിൽ നിന്ന്, 28 നു രാവിലെ ഏഴു മണിക്ക് ഹെലികോപ്റ്ററിൽ പുറപ്പെടുന്ന പാപ്പാ, ഏകദേശം ഒമ്പതുമണിയോടെ മൊണാക്കോയിൽ എത്തിച്ചേരും. രാജകൊട്ടാരത്തിൽ, ഔദ്യോഗിക സ്വീകരണവും സ്വാഗത ചടങ്ങും നടക്കും. തുടർന്ന് വിവിധ കൂടിക്കാഴ്ചകൾക്ക് ശേഷം, ഉച്ചകഴിഞ്ഞാണ് വിശുദ്ധ ബലിയർപ്പിക്കുന്നത്. പ്രാദേശിക സമയം വൈകുന്നേരം, അഞ്ചു നാല്പത്തിയഞ്ചോടെ, വത്തിക്കാനിലേക്കുള്ള മടക്കയാത്ര ആരംഭിക്കും.
ഔദ്യോഗിക ചിഹ്നത്തിൽ, കറുപ്പും വെളുപ്പും നിറങ്ങൾ ഇടകലർന്ന പാപ്പായുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു. പുഞ്ചിരിക്കുകയും, ആശീർവദിക്കുകയും ചെയ്യുന്ന പാപ്പായെ, തന്റെ സന്ദർശനത്തിന്റെ ആത്മീയവും അജപാലനപരവുമായ മാനം പ്രകടിപ്പിക്കാൻ, ഔദ്യോഗികമായ ആരാധനാക്രമ വേഷത്തിലാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
വലതുവശത്ത്, മൊണാക്കോയിലെ രാജകുമാരന്റെ കൊട്ടാരത്തിന്റെ, ഗോപുരത്തിന്റെ ശൈലീകൃത രൂപം ചിത്രീകരിച്ചിരിക്കുന്നു. ഇത് സ്വത്വത്തെയും പരമാധികാരത്തെയും ഓർമ്മിപ്പിക്കുന്നു. ഗോപുരം മുഴുവൻ ഇളം മഞ്ഞയാണ്, മുകൾ ഭാഗം വെള്ളയും ഇത്, വത്തിക്കാൻ പതാകയെ ഓർമ്മിപ്പിക്കുന്നു. വലിയ അക്ഷരങ്ങളിൽ മധ്യഭാഗത്ത്, പാപ്പായുടെ യാത്രയെ പ്രഖ്യാപിക്കുന്ന ലിഖിതവും നൽകിയിരിക്കുന്നു. ലിയോ പതിനാലാമൻ എന്നതും, മൊണാക്കോ എന്നതും വലിയ അക്ഷരങ്ങളിലാണ് ആലേഖനം ചെയ്തിരിക്കുന്നത്.
