ബെംഗളൂരു: മതപരിവർത്തനവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഉൾപ്പെടെ, മതസ്വാതന്ത്ര്യത്തിനെതിരായ നിയമങ്ങൾ പിൻവലിക്കണമെന്നും, ന്യൂനപക്ഷ അവകാശങ്ങൾ പാലിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയിലെ സംയുക്തമെത്രാൻസമിതി. ഫെബ്രുവരി നാലുമുതൽ പത്തുവരെ തീയതികളിൽ, ബാംഗ്ലൂരിൽ നടന്ന മുപ്പത്തിയേഴാമത് പ്ലീനറി സമ്മേളനത്തിന്റെ അവസാനത്തിൽ പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് രാജ്യത്ത് ക്രൈസ്തവർ ഉൾപ്പെടെ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് സഭാനേതൃത്വം സംസാരിച്ചത്.
മതസ്വാതന്ത്ര്യവും വ്യക്തികളുടെ സ്വകാര്യതയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട മെത്രാന്മാർ, രാജ്യത്തിന്റെ ഭരണഘടനയിലുള്ള തങ്ങളുടെ വിശ്വാസം സംബന്ധിച്ചും പ്രഖ്യാപനം നടത്തി. തങ്ങളുടെ മതത്തിൽ വിശ്വസിക്കാനും, അത് പ്രഘോഷിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശത്തെക്കുറിച്ച് ഭരണഘടന ഉറപ്പു നൽകുന്നത് അനുസ്മരിച്ച മെത്രാൻസമിതി, ന്യൂനപക്ഷാവകാശങ്ങൾ നിഷേധിക്കപ്പെടരുതെന്ന് ആവശ്യപ്പെട്ടു. എല്ലാവരുടെയും സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും ഉറപ്പാക്കപ്പെടേണ്ടതുണ്ടെന്ന് രാഷ്ട്രീയനേതൃത്വത്തോട് സഭാനേതൃത്വം തങ്ങളുടെ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
രാജ്യത്തെ ഉത്തരവാദിത്വവും അഭിമാനവുമുള്ള പൗരന്മാരെന്ന നിലയിൽ തങ്ങളുടെ കടമകൾ ഉത്തരവാദിത്വപൂർവ്വം നിർവ്വഹിക്കാൻ ക്രൈസ്തവർക്കുള്ള വിളിയെക്കുറിച്ച് അനുസ്മരിപ്പിച്ച മെത്രാൻസമിതി, മൂല്യാധിഷ്ടിതമായ രാഷ്ട്രനിർമ്മാണത്തിൽ എല്ലാ വിശ്വാസികളും തങ്ങളുടേതായ സംഭവനകൾ നൽകേണ്ടതുണ്ടെന്നും ഓർമ്മിപ്പിച്ചു. ഉത്തമ വിശ്വാസികൾ എന്ന നിലയിൽ സമാധാനവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കാനുള്ള കടമയെക്കുറിച്ചും മെത്രാന്മാർ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
പതിറ്റാണ്ടുകളായി മുന്നോട്ടുവയ്ക്കപ്പെട്ട അഭ്യർത്ഥനകൾക്ക് ശേഷവും ദളിത് ക്രൈസ്തവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിനെതിരെ ശബ്ദമുയർത്തിയ മെത്രാൻസമിതി, ജനാധിപത്യസ്വഭാവത്തെ തകർക്കുന്ന ഇത്തരം പ്രവണതകൾ ഇല്ലാതാക്കണമെന്നും, ദളിത് ക്രൈസ്തവർക്കുൾപ്പെടെ എല്ലാ ന്യൂനപക്ഷങ്ങൾക്കും തുല്യനീതി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
പാവപ്പെട്ടവർക്ക് നല്കപ്പെടേണ്ട ശ്രദ്ധ, യുവജനങ്ങൾക്ക് നൽകേണ്ട പ്രാധാന്യവും നേതൃത്വപാടവവികസനവും, സംവാദങ്ങൾ അനുരഞ്ജനം തുടങ്ങിയ വിഷയങ്ങളും മെത്രാൻസമിതി തങ്ങളുടെ പ്രസ്താവനയിൽ പരാമർശിച്ചു. ക്രിസ്തുവിലുള്ള വിശ്വാസത്തിൽ അടിയുറച്ച്, ഭരണഘടനയോട് വിശ്വസ്തതയോടെ മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യവും മെത്രാന്മാർ തങ്ങളുടെ പ്രസ്താവനയിലൂടെ ഓർമ്മിപ്പിച്ചു.
ബാംഗ്ലൂരിലുള്ള സെന്റ് ജോൺസ് അക്കാദമിയിലായിരുന്നു 202 മെത്രാന്മാരുടെ പങ്കാളിത്തത്തോടെ നടന്ന ഇത്തവണത്തെ പ്ലീനറി സമ്മേളനം.
