വത്തിക്കാൻ :വത്തിക്കാൻ റേഡിയോ സ്ഥാപിക്കപ്പെട്ടതിന്റെ തൊണ്ണൂറ്റിയഞ്ചാം വാർഷികം ആഘോഷിക്കപ്പെടുന്നതിന് പിറ്റേന്ന്, ഫെബ്രുവരി 13-ന് ഈ ആധുനികയുഗത്തിൽ റേഡിയോയ്ക്കുള്ള പ്രത്യേകതകളും സാധ്യതകളും സംബന്ധിച്ച പ്രത്യേക പരിപാടികളുമായി വത്തിക്കാൻ റേഡിയോ. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ. സ്പാനിഷ്, ഇറ്റാലിയൻ, പോർച്ചുഗീസ്, പോളിഷ് എന്നീ ഏഴ് ഭാഷകളിൽനിന്നുള്ള റേഡിയോ വിദഗ്ധരുടെ പങ്കാളിത്തത്തോടെയാകും വത്തിക്കാൻ റേഡിയോ ഈ പരിപാടികൾ അവതരിപ്പിക്കുക.
റേഡിയോയുടെ ഭാവി, പൊതുസേവനം, നവീകരണം, മാധ്യമങ്ങൾ തമ്മിലുള്ള ബന്ധം, നിർമ്മിത ബുദ്ധി തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കി നടത്തുന്ന വ്യത്യസ്ത പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വത്തിക്കാൻ റേഡിയോയുടെ ഇത്തവണത്തെ ലോക റേഡിയോ ദിനാചരണം 2026-ന്റെ പ്രമേയമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്, “നിർമ്മിതബുദ്ധി ഒരു ഉപകരണമാണ്, സ്വരമല്ല” എന്നതാണ്. ലോക സാമൂഹിക ആശയവിനിമയദിനം 2026-ലേക്ക് പരിശുദ്ധ പിതാവ് നൽകിയ സന്ദേശമുൾപ്പെടെയുള്ളവയെക്കുറിച്ചുള്ള വിവിധ വിചിന്തനങ്ങളും സംവാദങ്ങളും ഈ വർഷത്തെ ലോക റേഡിയോ ദിനത്തിന്റെ ഭാഗമായി വത്തിക്കാൻ റേഡിയോ അവതരിപ്പിക്കും.
1931-ൽ സ്ഥാപിക്കപ്പെട്ട വത്തിക്കാൻ റേഡിയോയുടെ തൊണ്ണൂറ്റിയഞ്ചാമത് സ്ഥാപനദിനം 2026 ഫെബ്രുവരി 12-നാണ് ആചരിക്കപ്പെടുക. ലോകത്തിലെതന്നെ ഏറ്റവും പഴക്കം ചെന്ന ഒന്നാണ് പരിശുദ്ധ സിംഹാസനത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായും വിവിധ ജനതകളും സംസ്കാരങ്ങളും ഭാഷകളുമായും ബന്ധപ്പെടുത്തുവാനായി ആരംഭിക്കപ്പെട്ട വത്തിക്കാൻ റേഡിയോ.
നിർമ്മിതബുദ്ധിയുടെ ഇക്കാലത്തും, എങ്ങനെ സ്വന്തം വ്യക്തിത്വം നഷ്ടപ്പെടാതെ, സ്വരവും, ബന്ധങ്ങളും സാമീപ്യവും ഓർമിച്ചുചേർക്കുന്ന മാനുഷികമാധ്യമമായി റേഡിയോയ്ക്ക് നിലനിൽക്കാനാകുക എന്നതിനെക്കുറിച്ചായിരിക്കും വിവിധ ഭാഷകളിലും സംസ്കാരങ്ങളിലും നിന്നുള്ള വിദഗ്ധർ സംസാരിക്കുക. യൂറോപ്പ്, ആഫ്രിക്ക, തെക്കേ അമേരിക്ക, ഏഷ്യ തുടങ്ങിയ ഭൂഖണ്ഡങ്ങളിൽനിന്നുള്ളവരാണ് ഈ വിദഗ്ദ്ധർ.
