വത്തിക്കാൻ സിറ്റി: വേനൽക്കാല വിശ്രമം പൂർത്തിയാക്കി ലെയോ പതിനാലാമൻ പാപ്പ ജൂലൈ 27-ന് വത്തിക്കാനിൽ തിരിച്ചെത്തി. ജൂലൈ 5 മുതൽ കസ്തെൽ ഗന്ധോൾഫോയിലെ വേനൽക്കാല വസതിയിൽ താമസിച്ചിരുന്ന പാപ്പാ, ഈ ദിവസങ്ങൾ പ്രാർത്ഥനയ്ക്കും ധ്യാനത്തിനും വിശ്രമത്തിനും പഠനത്തിനുമായി മാറ്റിവെക്കുന്നതാണെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.
വിശ്രമകാലത്തിനിടയിലും പാപ്പയുടെ വിവിധ ആത്മീയ-കാരുണ്യ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. റോമിലെ പാവപ്പെട്ട ഇരുനൂറോളം ആളുകൾക്കൊപ്പം ഉച്ചഭക്ഷണം പങ്കിട്ടത് ഈ ദിവസങ്ങളിലെ ഏറ്റവും ഹൃദ്യമായ അനുഭവങ്ങളിലൊന്നായി മാറി.
ഓരോ ഞായറാഴ്ചയും പാപ്പ നയിച്ച മധ്യാഹ്ന പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികൾ കസ്തെൽ ഗന്ധോൾഫോയിലെത്തി.
അവധി ദിവസങ്ങളിൽ പാപ്പ നടത്തിയ തീർത്ഥാടന സന്ദർശനങ്ങളും ശ്രദ്ധേയമായിരുന്നു. ജൂലൈ 20-ന് മോന്തെകാസിനോയിലെ ബെനഡിക്റ്റൈൻ ആശ്രമവും, ജൂലൈ 22-ന് വല്ലെപിയേത്രയിലെ പരിശുദ്ധ ത്രിത്വത്തിന്റെ തീർത്ഥാടന കേന്ദ്രവും, വിശുദ്ധ ബെനഡിക്റ്റിന്റെയും വിശുദ്ധ സ്കോളാസ്റ്റിക്കയുടെയും ആശ്രമങ്ങളും അദ്ദേഹം സന്ദർശിച്ചു.
ആത്മീയ നവീകരണത്തിനും വിശ്രമത്തിനുമായി ചെലവഴിച്ച ഈ വേനൽക്കാല ദിനങ്ങൾ പൂർത്തിയാക്കി, വത്തിക്കാനിലെ പതിവ് ശുശ്രൂഷകളിലേക്കും ഔദ്യോഗിക പ്രവർത്തനങ്ങളിലേക്കും പരിശുദ്ധ പിതാവ് വീണ്ടും പ്രവേശിച്ചിരിക്കുകയാണ്.

