വത്തിക്കാൻ സിറ്റി : പ്രതിസന്ധികളും ബുദ്ധിമുട്ടുകളും നേരിടുമ്പോഴും സജീവമായ സമർപ്പിതജീവിതം നയിക്കാനും അതിജീവന മനോഭാവത്തിന് കീഴടങ്ങാതിരിക്കാനും സമർപ്പിതരെ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ. സെപ്റ്റംബർ 30ന് ഡൊമിനിക്കൻ ധ്യാനാത്മക സമൂഹജീവിതം നയിക്കുന്ന സമർപ്പിതരുടെ അന്താരാഷ്ട്ര കമ്മീഷൻ അംഗങ്ങളുമായി വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.
സമർപ്പിതരുടെ ഉള്ളിലെ ആത്മീയതയുടെ അഗ്നി സജീവമായി നിലനിർത്തണമെന്ന് പാപ്പ ഉദ്ബോധിപ്പിച്ചു. ഡൊമിനിക്കൻ സന്ന്യാസിനികളുടെ സമർപ്പിതജീവിതവും സഭയ്ക്കും സമൂഹത്തിനും അവർ നൽകുന്ന സേവനങ്ങളും ഏറെ വിലപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.ധ്യാനാത്മക ജീവിതത്തിന്റെ അടിസ്ഥാനമായ നിശ്ശബ്ദതയ്ക്കും പ്രാർത്ഥനയ്ക്കും ധ്യാനത്തിനും പ്രത്യേക പ്രാധാന്യം നൽകണമെന്നും പാപ്പ ഓർമ്മിപ്പിച്ചു. ദൈവവുമായുള്ള ആഴത്തിലുള്ള ബന്ധത്തിൽനിന്നാണ് സമർപ്പിതജീവിതത്തിന്റെ ശക്തിയും സേവനത്തിനുള്ള പ്രചോദനവും ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രായമായ സമർപ്പിതരുടെ എണ്ണം വർധിക്കുന്നത്, പുതിയ ദൈവവിളികളുടെ കുറവ്, തൊഴിൽമേഖലയിലെ ഇടിവ്, സാമ്പത്തിക ബുദ്ധിമുട്ടുകൾ, വലിയ കെട്ടിടങ്ങളുടെ പരിപാലനച്ചെലവ് തുടങ്ങിയ നിരവധി വെല്ലുവിളികൾ ഇന്ന് സമർപ്പിത സമൂഹങ്ങൾ നേരിടുന്നുണ്ടെന്നും പാപ്പാ അനുസ്മരിച്ചു. ഇത്തരം സാഹചര്യങ്ങൾക്കിടയിലും പ്രത്യാശ കൈവിടാതെ സമർപ്പിത ജീവിതത്തിന്റെ ആത്മീയ അഗ്നി കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

