ബിജോ സില്‍വേരി
റോമിന്റെ ആകാശത്തോട് ചേര്‍ന്ന്, ആയിരക്കണക്കിന് സൂര്യാസ്തമയങ്ങള്‍ കണ്ടുനിന്ന ഒരു കൂറ്റന്‍ കല്‍ക്കെട്ട്-കൊളോസിയം. അത് വെറും ഒരു പുരാവസ്തുവല്ല; മനുഷ്യചരിത്രത്തിന്റെ ധൈര്യവും ദൗര്‍ബല്യവും ഒരുപോലെ കൊത്തിയിട്ടിരിക്കുന്ന ഒരു തുറന്ന ഗ്രന്ഥമാണ്. സാമ്രാജ്യങ്ങളുടെ ഉയര്‍ച്ചയും പതനവും, അധികാരത്തിന്റെ കൗശലങ്ങളും ജനങ്ങളുടെ ആര്‍ത്തനാദങ്ങളും മൃഗങ്ങളുടെ മുരള്‍ച്ചയും എല്ലാം അതിന്റെ മതിലുകളില്‍ ഇന്നും ശബ്ദമില്ലാതെ പ്രകമ്പനം കൊള്ളുന്നു.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട, ലോകത്തിലെ അദ്ഭുതങ്ങളില്‍ ഒന്നായി അംഗീകരിക്കപ്പെട്ട കൊളോസിയം, മനുഷ്യന്റെ ദുഷ്ടതയെ പ്രതിനിധീകരിക്കുന്നു. ക്രിസ്തുവിന്റെ കാലത്തിന് തൊട്ടുപിന്നാലെ, സി.ഇ 70-ല്‍, റോമന്‍ ചക്രവര്‍ത്തിയായ വെസ്പേഷ്യന്‍ ഒരു തീരുമാനം എടുത്തു. മുന്‍ഗാമി നേറോയുടെ സ്വേച്ഛാധിപത്യ ഭരണം അവസാനിച്ചുകഴിഞ്ഞിരുന്നു. ജനങ്ങളുടെ മനസ്സില്‍ അവശേഷിച്ചിരുന്ന കോപവും അവിശ്വാസവും മാറ്റാന്‍, അധികാരത്തിന്റെ പുതിയ മുഖം കാണിക്കേണ്ട സമയമായിരുന്നു അത്. നേറോയുടെ സ്വകാര്യ ആഡംബരത്തിന്റെ ചിഹ്നമായിരുന്ന ഭൂമിയില്‍, ഒരു പൊതുജന സ്മാരകം ഉയര്‍ത്തുക; അങ്ങനെ ജനങ്ങള്‍ക്ക് സ്വന്തമായൊരു വിനോദവേദി സമ്മാനിക്കുക. അതിന്റെ ഫലമായാണ് ഫ്ളേവിയന്‍ ആംഫിതിയേറ്റര്‍, ചരിത്രം പിന്നീട് ‘കൊളോസിയം’ എന്ന് വിളിച്ച രക്തത്തില്‍ ചാലിച്ച അദ്ഭുതം പിറന്നത്.
വെസ്പേഷ്യന്‍ തുടക്കം കുറിച്ച ഈ മഹാസ്വപ്നം, അദ്ദേഹത്തിന്റെ മകനായ ടൈറ്റസ് സി.ഇ 80-ല്‍ പൂര്‍ത്തിയാക്കി. ഓവല്‍ ആകൃതിയില്‍ ഉയര്‍ന്നുനിന്ന ആ കെട്ടിടം, ഏകദേശം അറുപതിനായിരം മനുഷ്യരെ ഒരുമിച്ച് ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്ര വലിപ്പമുള്ളതായിരുന്നു. ട്രാവെര്‍ട്ടൈന്‍ കല്ലും വള്‍ക്കാനിക് ശിലകളും പ്രത്യേകതരം റോമന്‍ മിശ്രിതവും ചേര്‍ന്ന് രൂപംകൊണ്ട കൊളോസിയം, റോമന്‍ വാസ്തുവിദ്യയുടെ കഴിവിന്റെ മറ്റൊരു തെളിവായി മാറി.കൊളോസിയം പുരാതന റോമില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ ആംഫിതിയേറ്ററായിരുന്നു. ഏകദേശം 165 അടി (50 മീറ്റര്‍) ഉയരമുണ്ടായിരുന്നു ഈ നിര്‍മിതിക്ക്. എന്നാല്‍ ഈ കല്ലുകളുടെ ഉള്ളില്‍ ഒളിഞ്ഞിരുന്നത് വെറും ശില്പകലയുടെ മഹത്വമല്ലായിരുന്നു. മണല്‍ വിരിച്ച അറീനയില്‍ ജീവനും മരണവും തമ്മിലുള്ള പോരാട്ടങ്ങള്‍ അരങ്ങേറി.
ഗ്ലാഡിയേറ്റര്‍മാര്‍; അടിമകളും യുദ്ധതടവുകാരും ചിലപ്പോള്‍ സ്വന്തം ഇച്ഛയാല്‍ ആയുധമെടുത്തവരും ജനങ്ങളുടെ വിനോദത്തിനായി, സാമ്രാജ്യത്തിന്റെ രാഷ്ട്രീയ തന്ത്രത്തിനായി, തമ്മില്‍ ഏറ്റുമുട്ടി. വന്യമൃഗങ്ങളുടെ ഗര്‍ജ്ജനവും മരണത്തെ വരവേല്‍ക്കുന്ന ജനക്കൂട്ടത്തിന്റെ ആഹ്ലാദഘോഷവും അവിടെ മുഴങ്ങി; മനുഷ്യവേദന ഒരു കാഴ്ചയായി മാറി.കൊളോസിയത്തിന്റെ അടിത്തട്ടില്‍, ഹൈപോജിയം എന്നറിയപ്പെട്ടിരുന്ന ഇരുണ്ട ലോകം ഉണ്ടായിരുന്നു. അവിടെ മൃഗങ്ങളും മനുഷ്യരും മേലേയ്ക്കുയരാന് കാത്തുനിന്നു, വിധിയെ നേരിടാന്‍. ലിഫ്റ്റുകളും വാതിലുകളും ഉപയോഗിച്ച് ഒരുനിമിഷം കൊണ്ട് ഒഴിഞ്ഞവേദി ജീവസ്സുറ്റവയെ നിറയ്ക്കുന്ന അദ്ഭുതസംവിധാനങ്ങള്, റോമന്‍ സാങ്കേതികവിദ്യയുടെ ഉന്നതിയെ വെളിപ്പെടുത്തി.
ഇവിടത്തെ ഇരിപ്പിടങ്ങള്‍ പോലും സാമൂഹിക പദവികളുടെ ഭാഷ സംസാരിച്ചു. മുന്‍നിരകളില്‍ ചക്രവര്‍ത്തികളും പുരോഹിതരുമിരുന്നപ്പോള്, മുകളില്‍ സാധാരണജനങ്ങളും സ്ത്രീകളും അടിമകളും ഇരുന്നു. കാഴ്ച എല്ലാവര്ക്കും ഒരുപോലെയായിരുന്നെങ്കിലും, മനുഷ്യജീവിതത്തിന്റെ വില എല്ലാവര്ക്കും ഒരുപോലെയായിരുന്നില്ല. ”ഭക്ഷണവും വിനോദവും” എന്ന നയത്തിലൂടെ ജനങ്ങളെ തൃപ്തിപ്പെടുത്തിയ റോമന്‍ ഭരണകൂടത്തിന്റെ ശക്തമായ രാഷ്ട്രീയ ഉപകരണമായിരുന്നു കൊളോസിയം.
കാലം നീങ്ങി. സാമ്രാജ്യത്തിന്റെ പ്രഭ മങ്ങിത്തുടങ്ങി. യേശുവിനെ അനുഗമിക്കുന്നവരുടെ എണ്ണം കൂടിയപ്പോള്‍, ഗ്ലാഡിയേറ്റര്‍ പോരാട്ടങ്ങള്‍ നിരോധിക്കപ്പെട്ടു. ഒരിക്കല്‍ രക്തം കുടിച്ച മണല്‍, പതിയെ മൗനത്തിലേക്ക് മറഞ്ഞു. ഭൂകമ്പങ്ങള്‍ കൊളോസിയത്തെ മുറിവേല്‍പ്പിച്ചു; ചരിത്രം അതിനെ ഓരോ രൂപത്തില്‍ പുനര്ലിഖനം ചെയ്തു. റോമന്‍ സാമ്രാജ്യം നാല് നൂറ്റാണ്ടിലധികം കാലം കൊളോസിയം കായികവേദിയായി ഉപയോഗിച്ചു. കൊളോസിയത്തില്‍ പരിപാടികള്‍ അവസാനിച്ചതിന് ശേഷം, റോമന്‍ പൗരന്മാര് മറ്റു കെട്ടിട നിര്‍മാണങ്ങള്‍ക്കായി അതിലെ കല്ലുകള്‍ ഉപയോഗിച്ചതായി ജോണ്‍ ഹെന്റി പാര്‍ക്കര്‍ തന്റെ ‘ദി ആര്‍കിയോളജി ഓഫ് റോം: ദി ഫ്ളേവിയന്‍ ആംഫിഫിതിയേറ്റര്’ (ജെ. പാര്‍ക്കര്‍ ആന്‍ഡ് കോ., 1876) എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. റോമന്‍ സാമ്രാജ്യം തകര്‍ന്നതിനു ശേഷം ഈ ഭീമാകാര നിര്‍മ്മിതി കോട്ടയായും ഉപയോഗിക്കപ്പെട്ടു. പലകാലങ്ങളിലായി ഉണ്ടായ ഭൂകമ്പങ്ങളും പരിസ്ഥിതി നാശവും അവഗണനയും ചേര്‍ന്ന് ഈ പുരാതന നിര്‍മ്മിതിയെ കൂടുതല്‍ ക്ഷയിപ്പിച്ചു.
ക്രിസ്ത്യാനികള്‍ ഇവിടെ കൂട്ടമായി വധിക്കപ്പെട്ടുവെന്ന വിശ്വാസവും കൊളോസിയത്തിന്റെ കഥകളോട് ചേര്‍ന്നു നില്ക്കുന്നു. ചരിത്രകാരന്മാരില് ചിലര്‍ ഇതില്‍ സംശയം ഉന്നയിച്ചാലും, കൊളോസിയം ക്രൂരതയുടെ പ്രതീകമായി തന്നെ നിലകൊണ്ടു. പിന്നീടത് സ്മരണയുടെ ചിഹ്നത്തിലേക്ക് മാറി. പയസ് എട്ടാമന് പാപ്പയുടെ പിന്തുണയോടെ 19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ കൊളോസിയത്തിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1990-കളില്‍ പുരാവസ്തുശാസ്ത്രജ്ഞര് കൊളോസിയത്തിന്റെ അവശേഷിച്ചിരുന്ന യഥാര്‍ത്ഥ ഘടനയുടെ പരമാവധി ഭാഗം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് ഒരു വലിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ഇന്ന് ഇത് ഇറ്റലിയിലെ ഏറ്റവും വലിയ വിനോദസഞ്ചാര ആകര്‍ഷണമാണ്; ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ ഓരോ വര്‍ഷവും ഈ വിസ്മയകരമായ സ്മാരകം സന്ദര്‍ശിക്കാന്‍ എത്തുന്നു. ഇന്നത് ദുഃഖവെള്ളി ദിനങ്ങളില്‍ കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്റെ നേതൃത്വത്തിലുള്ള കുരിശിന്റെ വഴിയ്ക്ക് വേദിയാകുന്നുവെന്നത് ചരിത്രത്തിന്റെ നിയോഗം.
സാമ്രാജ്യങ്ങളുടെ ശക്തി എത്ര ക്ഷണികമാണെന്നും, മനുഷ്യന്റെ തീരുമാനങ്ങള്‍ എത്ര ദൂരവ്യാപകമായ പാടുകള്‍ ചരിത്രത്തില്‍ കൊത്തിവെക്കുമെന്നുമാണ് അത് നമ്മോട് പറയാതെ പറയുന്നത്.കൊളോസിയം ഒരു അവശിഷ്ടമല്ല. അത് മനുഷ്യചരിത്രത്തിന്റെ കണ്ണാടിയാണ്. കെട്ടിപ്പൊക്കിയ മഹത്വത്തിന്റെയും ക്രൂരതയുടെയും, നാശത്തിന്റെയും ഇടയില്‍ മനുഷ്യന് നിണമണിഞ്ഞ കാല്‍പ്പാടുകളുമായി നടന്ന വഴിയുടെ ശാശ്വത രേഖ.————————-

