വത്തിക്കാൻ: അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനത്തോടനുബന്ധിച്ചും, ഫ്രാൻസിസ് പാപ്പായും, ഗ്രാൻഡ് ഇമാം അഹ്മദ് അൽ-ത്വയ്യൂബും മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖ ഒപ്പിട്ടതിന്റെ 7-ാം വാർഷികത്തിലും ഏവരെയും അഭിസംബോധന ചെയ്യുവാൻ തനിക്കു ലഭിച്ച അവസരത്തിലുള്ള സന്തോഷം പങ്കുവച്ചുകൊണ്ടാണ് ലിയോ പതിനാലാമൻ പാപ്പാ, തന്റെ സന്ദേശം ആരംഭിച്ചത്.
മാനവികതയുടെ ഏറ്റവും വിലപ്പെട്ടതും സാർവത്രികവുമായ ഘടകം സാഹോദര്യമാണെന്നും, ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ട അഭേദ്യമായ ബന്ധമാണ് ഈ ഐക്യത്തിന്റെ അടിസ്ഥാനമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.ഇന്ന്, ഈ സാഹോദര്യത്തിന്റെ ആവശ്യകത ഒരു വിദൂര ആദർശമല്ല, മറിച്ച് അടിയന്തിര ആവശ്യമാണെന്നും, കാരണം, നമ്മുടെ സഹോദരീസഹോദരന്മാരിൽ പലരും ഇപ്പോൾ അക്രമത്തിന്റെയും യുദ്ധത്തിന്റെയും ഭീകരത അനുഭവിക്കുന്നു എന്ന വസ്തുത നമുക്ക് അവഗണിക്കാൻ കഴിയില്ലെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.
ഓരോ യുദ്ധത്തിലും നശിപ്പിക്കപ്പെടുന്നത്, സാഹോദര്യത്തിന്റെ വലിയ പദ്ധതിയാണെന്ന , ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും പാപ്പാ ഉദ്ധരിച്ചു. ഒരുമിച്ച് സമാധാനം കെട്ടിപ്പടുക്കുക എന്ന സ്വപ്നം പലപ്പോഴും നടക്കാത്ത സ്വപ്നമായി കണക്കാക്കി തള്ളിക്കളയുന്നുവെങ്കിലും, മനുഷ്യ സാഹോദര്യം എല്ലാ സംഘർഷങ്ങളെക്കാളും ഭിന്നതകളെക്കാളും പിരിമുറുക്കങ്ങളെക്കാളും ശക്തമായ ജീവസുറ്റ യാഥാർത്ഥ്യമാണെന്ന് ഏവരും പ്രഖ്യാപിക്കുവാൻ പാപ്പാ ആഹ്വാനം ചെയ്തു.
ഇക്കാര്യങ്ങളിൽ ആവർത്തിക്കപ്പെടുന്ന വാക്കുകൾ മതിയാകില്ലെന്നും, മറിച്ച് മൂർത്തമായ പരിശ്രമങ്ങൾ ആവശ്യമാണെന്നും പാപ്പാ പറഞ്ഞു. അതിനാൽ സഹോദരീസഹോദരന്മാരെന്ന നിലയിൽ നാമെല്ലാവരും നമ്മുടെ അതിർത്തികൾ കടന്നു മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലുവാനും, പരസ്പര സ്വത്വത്തിന്റെ പൂർണ്ണമായ ബോധത്തിലേക്ക് ഒത്തുചേരാനും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ഓർമ്മപ്പെടുത്തി.
മനുഷ്യ സാഹോദര്യത്തിനായുള്ള സായിദ് അവാർഡിലൂടെ, ഈ മൂല്യങ്ങൾ സമൂഹത്തിനു എടുത്തുകാണിക്കുവാൻ പ്രയത്നിക്കുന്നവർക്ക് പാപ്പാ ആശംസകൾ അർപ്പിച്ചു. അസർബൈജാൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ഇൽഹാം അലിയേവ്, അർമേനിയൻ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ശ്രീമതി സർഖ യഫ്താലി, ഫലസ്തീൻ സംഘടനയായ തവോൺ എന്നിവരാണ് ഇത്തവണ ഈ അവാർഡിന് അർഹരായവർ. ഇവർ പാലങ്ങൾക്ക് പകരം മതിലുകൾ പണിയുന്ന ഒരു ലോകത്ത് പ്രതീക്ഷയുടെ വിതയ്ക്കുന്നവരാണെന്നു പാപ്പാ എടുത്തുപറഞ്ഞു.
ഈ സംരംഭത്തിന് അചഞ്ചലമായ പിന്തുണ നൽകിയതിന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോടും പാപ്പാ നന്ദിയർപ്പിച്ചു. സാഹോദര്യ സ്നേഹത്തിന്റെ ചലനാത്മകത എല്ലാവർക്കും ഒരു പൊതു പാതയായി മാറാനും അതുവഴി “മറ്റുള്ളവരെ” ഇനി ഒരു അപരിചിതനോ ഭീഷണിയോ ആയി കാണാതെ, സഹോദരനോ സഹോദരിയോ ആയി അംഗീകരിക്കാൻ സാധിക്കട്ടെയെന്നുമുള്ള ആശംസയോടെയാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിക്കുന്നത്.
