വത്തിക്കാൻ : മനുഷ്യരാശിയെ ഒന്നായും, ഗ്രഹത്തെ നമ്മുടെ പൊതുഭവനമായും കാണുന്ന ഒരു രാഷ്ട്രീയ സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ, “ഏക മാനവികത, ഏക ഗ്രഹം”എന്നപേരിൽ നടക്കുന്ന ശില്പശാലയിൽ സംബന്ധിക്കുന്നവരുമായി, ജനുവരി മാസം മുപ്പത്തിയൊന്നാം തീയതി ലിയോ പതിനാലാമൻ പാപ്പാ, കൂടിക്കാഴ്ച്ച നടത്തുകയും അവർക്ക് സന്ദേശം നൽകുകയും ചെയ്തു. വ്യത്യസ്ത രാജ്യങ്ങളും സംസ്കാരങ്ങളും മതങ്ങളും ശത്രുതയ്ക്ക് വേണ്ടിയല്ല , മറിച്ച് ഒരു സിനഡൽ ശൈലിയിൽ സഹകരണത്തിനും വളർച്ചയ്ക്കും വേണ്ടിയാണെന്നു ഉദ്ബോധിപ്പിച്ചുകൊണ്ട്, പൊതുനന്മ തേടി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന യുവജനങ്ങളെ കണ്ടുമുട്ടുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം പാപ്പാ ആമുഖമായി പറഞ്ഞു.
നമ്മെ ബന്ധിപ്പിക്കുന്ന കൂട്ടായ്മയുടെ ഒരു രൂപമെന്ന നിലയിൽ, സിനഡാലിറ്റി, മറ്റുള്ളവരുടെ കാര്യത്തിൽ നമ്മെ ഏറെ ശ്രദ്ധാലുക്കളാക്കുന്നുവെന്നു പാപ്പാ പറഞ്ഞു. ഇത് സത്യം തിരിച്ചറിയുന്നതിനും, കൂടിക്കാഴ്ചയുടെ ഊഷ്മളത വർദ്ധിപ്പിക്കുവാനും സഹായകരമാകുന്നുവെന്നും കൂട്ടിച്ചേർത്തു.
അപ്പസ്തോലിക പ്രബോധനമായ കേരീദാ ആമസോണിയയിൽ, സഭാപരവും പാരിസ്ഥിതികവും സാമൂഹികവും സാംസ്കാരികവുമായ സ്വപ്നങ്ങൾ ഒരുമിച്ച് വളർത്തിയെടുക്കാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനംചെയ്തതിനെ അനുസ്മരിച്ച പാപ്പാ, നിരവധി അനീതികൾ, അക്രമം, യുദ്ധം എന്നിവയാൽ മുറിവേറ്റ ആ ജനതയ്ക്കു വേണ്ടിയും, ആ പ്രദേശങ്ങളുടെ പരിചരണത്തിന് വേണ്ടിയും കൂടുതൽ അധ്വാനിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
ഇന്ന്, നേതാക്കൾ എന്ന നിലയിൽ, സമാധാനത്തിനുവേണ്ടി, യുവജനത ഉത്തരവാദിത്വമുള്ളവരായി മാറേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തു പറഞ്ഞു. സമാധാനം എന്നത് പ്രധാനമായും മറ്റുള്ളവരിൽ നിന്നും നാം സ്വീകരിക്കുന്ന ഒരു വലിയ ദാനമാണെന്നും, അതിനു നാം നന്ദിയുള്ളവരായിരിക്കണമെന്നും എന്നാൽ അത് ലഭ്യമല്ലാത്ത നിമിഷങ്ങളിൽ സാക്ഷാത്ക്കരിക്കുവാൻ നമുക്ക് കടമയുണ്ടെന്നും പാപ്പാ ഓർമ്മപ്പെടുത്തി.
രാഷ്ട്രീയം സമാധാന സംസ്ഥാപനത്തിൽ പകരം വയ്ക്കാനാവാത്ത ഒരു സാമൂഹിക പങ്ക് വഹിക്കുന്നുവന്നു പറഞ്ഞ പാപ്പാ, അപ്രകാരം മാത്രമേ ഒരു സാർവത്രിക സാഹോദര്യം കെട്ടിപ്പടുക്കുവാൻ സാധിക്കുകയുള്ളൂവെന്നും കൂട്ടിച്ചേർത്തു. ഈ ലക്ഷ്യത്തിനായി, ദുർബലരെ ഉപേക്ഷിക്കുമ്പോൾ, ദരിദ്രരെ ഒഴിവാക്കുമ്പോൾ, അഭയാർഥികളോടും അടിച്ചമർത്തപ്പെട്ടവരോടും നിസ്സംഗത പുലർത്തുമ്പോൾ, മനുഷ്യരാശി പരസ്പരം നടത്തുന്ന യുദ്ധം അവസാനിപ്പിക്കാതെ സമാധാനം ഉണ്ടാകില്ല എന്ന വസ്തുതയെക്കുറിച്ച് ചിന്തിക്കാൻ തൻ ആഗ്രഹിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. തുടർന്ന്, കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, “സമാധാനത്തിന്റെ ഏറ്റവും വലിയ നാശം സംഭവിക്കുന്നത് ഗർഭച്ഛിദ്രത്തിലൂടെയാണെന്നും” ഓർമ്മപ്പെടുത്തി.
“ദൈവത്തെ നല്ല സ്രഷ്ടാവായി അംഗീകരിച്ചുകൊണ്ട്, നമ്മുടെ മതങ്ങൾ എല്ലാം സാമൂഹിക പുരോഗതിക്ക് സംഭാവന നൽകാൻ നമ്മെ വിളിക്കുന്നു, നീതിയും സമാധാനവും അതിന്റെ അടിത്തറയായുള്ള പൊതുനന്മ എല്ലായ്പ്പോഴും തേടുന്നു”, പാപ്പാ പറഞ്ഞു. വർത്തമാനകാലത്തെ നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ, സാർവത്രിക സാഹോദര്യം തേടുന്നതിൽ ആരും ഒറ്റയ്ക്കല്ലെന്നും, ധൈര്യപൂർവം മുന്നേറണമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

