നിരീക്ഷണം / ബോബന് വരാപ്പുഴ
ഇന്ത്യയിലെ ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവിതത്തില്‍ ഗുണപരമായ പരിവര്‍ത്തനം സാധ്യമാക്കിയെന്നതാണ് ക്രൈസ്തവമിഷനറിമാരുടെ പ്രവര്‍ത്തനത്തിന്റെ ഏറ്റവും പ്രചോദിതമായ ഭാഗം. വിദ്യാഭ്യാസം പ്രചരിപ്പിക്കാനും അടിമത്തം ഇല്ലാതാക്കാനും വനിതാവിമോചന പോരാട്ടത്തിനും ജാതിവിവേചനവും അയിത്തവും ഉന്മൂലനം ചെയ്യാനുമുള്ള പോരാട്ടങ്ങളിലേക്ക് ജനതകളെ അവര്‍ സജ്ജരാക്കി. മൃഗതുല്യമായ ജീവിതം നയിച്ചിരുന്നവരുടെ ഇടയിലാണ് മിഷനറിമാര്‍ പ്രധാനമായും തങ്ങളുടെ ദൗത്യം നിര്‍വഹിച്ചത്. ജീവിതപരിവര്‍ത്തനം അവരുടെ ലക്ഷ്യമായിരുന്നു; മനുഷ്യസത്തയുടെ ഉയിര്ത്തെഴുന്നേല്പ്പിലൂടെയാണ് അവരത് സാധ്യമാക്കിയിരുന്നത്. മതംമാറ്റം നടത്താതെതന്നെ മനുഷ്യത്മാവിനെ വീണ്ടെടുക്കാന്‍ കഴിയുമെന്ന ബോധ്യമുണ്ടായിരുന്ന ധാരാളം മിഷനറിമാരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു, ഇന്നുമുണ്ട്.
ഇന്ത്യയിലിപ്പോള്‍ ക്രൈസ്തവ മിഷനറിമാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നാണ് ഉറച്ച ഉത്തരം. അന്യായമായ ഈ ആരോപണം തെളിയിക്കുന്നതിനാവശ്യമായതൊന്നും ഇതുവരെ ആരും മുന്നോട്ടുവച്ചിട്ടില്ല. എന്നിട്ടും നവീനഭാരതത്തിന്റെ തെരുവോരങ്ങളില്‍, താമസിക്കുന്ന വീടുകളില്‍, പ്രേഷിത പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന കര്‍മ്മമണ്ഡലങ്ങളില്‍ ക്രൈസ്തവ മിഷണറിമാര്‍ ആക്രമിക്കപ്പെടുന്നു, ചുട്ടെരിക്കപ്പെടുന്നു, അന്യായമായി തടങ്കലില്‍ അടയ്ക്കപ്പെടുന്നു. എന്താണിതിന്റെ കാരണം? തീവ്രഹിന്ദുത്വവാദികളുടെ വര്‍ഗീയപരമായ അസഹിഷ്ണുതയും ന്യൂനപക്ഷങ്ങളോടുള്ള അന്ധമായ വിരോധവും തന്നെ.
ഉത്തര്‍പ്രദേശിലെ വാരാണസിയിലുള്ള ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പല നേതാക്കളും ദേശീയതയുടെ അടയാളമായി അഭിമാനത്തോടെ പുകഴ്ത്താറുണ്ട്. കേന്ദ്രഗവേഷണ സ്ഥാപനമായ ഈ സര്‍വകലാശാല 1898ല്‍, ബ്രിട്ടീഷ് ഭരണകാലത്ത്, ഇന്ത്യന്‍ ദേശീയതയുടെ പ്രചാരകയായിരുന്ന ബ്രിട്ടീഷുകാരി ആനി ബസന്റ് സ്ഥാപിച്ച സെന്‍ട്രല്‍ ഹിന്ദു കോളജില്‍ നിന്ന് വികസിച്ചതാണെന്ന സത്യം പലര്‍ക്കുമറിയില്ല. സര്‍വകലാശാലയുടെ വെബ്സൈറ്റിലും ആനി ബസന്റിന്റെ പേരില്ല. കോളജ് ഒരു സര്‍വകലാശാലയായി മാറ്റാന്‍ ആവശ്യമായ പ്രാരംഭപ്രവര്‍ത്തനങ്ങളെല്ലാം ആനി ബസന്റ് നടത്തി. അലഹബാദ് യൂണിവേഴ്സിറ്റിയില്‍ നിന്ന് അതിനുള്ള അംഗീകാരം നേടുകയും ഫാക്കല്‍റ്റികളെ നിയമിക്കുകയും ചെയ്തു.
ഈ ഘട്ടത്തിലാണ് പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ നേതൃത്വത്തില്‍ ഹിന്ദു എന്നത് ഒരു മതമാണെന്നു പ്രചരിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്ന ഒരു വിഭാഗമാളുകള്‍ സര്‍വകലാശാലയെ ലക്ഷ്യമിടുന്നത്. അവരുടെ അഭ്യര്‍ഥന പ്രകാരം സര്‍വകലാശാല സ്ഥാപിക്കാനായി ആനി ബസന്റ് കോളജ് കൈമാറി. 1911ല്‍ സര്‍വകലാശാലയ്ക്കുള്ള ഭരണസമിതി രൂപീകൃതമായപ്പോള്‍ ആനി ബസന്റ് പുറത്തുമായി. 1917ല്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതോടെ സെന്‍ട്രല്‍ ഹിന്ദു കോളജ് ബനാറസ് സര്‍വകലാശാലയായി. ഇതെല്ലാം സംഭവിക്കുമ്പോള്‍ ഇന്ത്യ ഭരിച്ചിരുന്നത് ബ്രിട്ടീഷുകാരായിരുന്നു. വിജ്ഞാപനമിറക്കി കോളജ് സര്‍വകലാശാലയാക്കാന്‍ മുന്‍കയ്യെടുത്തതും ബ്രിട്ടീഷുകാര്‍ തന്നെ; കോളജ് സ്ഥാപിച്ച ബ്രിട്ടീഷുകാരിയെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന ഉപാധിയൊന്നും സര്‍ക്കാര്‍ മുന്നോട്ടുവച്ചില്ല.
ആനി ബസന്റും ഇക്കാര്യങ്ങളില്‍ തലപുകച്ചില്ല, പകരം അവര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കാനുമുള്ള ശ്രമങ്ങളിലും ഏര്‍പ്പെട്ടു. 1917ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ പ്രസിഡന്റായി.
ആനി ബസന്റ് മതപ്രചാരകയായിരുന്നില്ല – ക്രിസ്തുവും ബുദ്ധനും അവരെ പ്രചോദിപ്പിച്ചിരുന്നു; വാരാണസിയില്‍ തിയോസഫിക്കല്‍ സൊസൈറ്റിക്ക് അവര്‍ നേതൃത്വം വഹിച്ചു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലം മുതലേ മതംമാറ്റം നടത്താനുള്ള മിഷണറി പ്രവര്‍ത്തനങ്ങളെ ബ്രിട്ടീഷുകാര്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ബ്രിട്ടീഷ് സര്‍ക്കാര്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന് ഇന്ത്യയുടെ ഭരണസാരഥ്യം ഏറ്റെടുത്തപ്പോഴും കമ്പനിയുടെ നയം പിന്തുടര്ന്നു.
ക്രിസ്ത്വബ്ദം 52ലാണ് ഇന്ത്യയിലെ മിഷന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നു കരുതാം; യേശു ശിഷ്യനായ വിശുദ്ധ തോമസ് കേരളത്തിലെത്തിയതു മുതല്‍.
ആത്മീയഉദ്ബോധനങ്ങളിലൂടെ ഒരു ജനതയുടെ മനംമാറ്റത്തിന് തുടക്കമിട്ട വിശുദ്ധ തോമസിനെ പിന്തുടര്ന്ന് ധാരാളം സുവിശേഷ പ്രഘോഷകര്‍ ഇന്ത്യയുടെ പല ഭാഗത്തും പല കാലഘട്ടത്തിലും എത്തുകയുണ്ടായി.
ഇന്ത്യയിലിപ്പോള്‍ ക്രൈസ്തവ മിഷനറിമാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നാണ് ഉറച്ച ഉത്തരം. അന്യായമായ ഈ ആരോപണം തെളിയിക്കുന്നതിനാവശ്യമായതൊന്നും ഇതുവരെ ആരും മുന്നോട്ടുവച്ചിട്ടില്ല. എന്നിട്ടും നവീനഭാരതത്തിന്റെ തെരുവോരങ്ങളില്‍, താമസിക്കുന്ന വീടുകളില്‍, പ്രേഷിത പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന കര്‍മ്മമണ്ഡലങ്ങളില്‍ ക്രൈസ്തവ മിഷണറിമാര്‍ ആക്രമിക്കപ്പെടുന്നു, ചുട്ടെരിക്കപ്പെടുന്നു, അന്യായമായി തടങ്കലില്‍ അടയ്ക്കപ്പെടുന്നു. എന്താണിതിന്റെ കാരണമെന്നു ചോദിച്ചാല്‍, തീവ്രഹിന്ദുത്വവാദികളുടെ വര്‍ഗീയപരമായ അസഹിഷ്ണുതയും ന്യൂനപക്ഷങ്ങളോടുള്ള അന്ധമായ വിരോധവും തന്നെ.
മിഷനറി പ്രവര്‍ത്തനങ്ങളും
ജനാധിപത്യത്തിന്റെ വികസനവും
വിശുദ്ധ തോമസിന്റെ കാര്യം ഒരു പാരമ്പര്യവിശ്വാസമായി കണക്കാക്കിയാലും, വിശുദ്ധ ജെറോമിന്റെ രേഖപ്പെടുത്തലുകളെ അടിസ്ഥാനമാക്കിയാല്‍, അലക്സാന്‍ഡ്രിയായിലെ ദിമിത്രിയൂസ് മെത്രാന് ക്രിസ്ത്വബ്ദം 189ല്‍ തത്ത്വചിന്തകനും മഹാപണ്ഡിതനുമായ പന്തേനൂസിനെ ഇന്ത്യയിലേക്കയച്ചത് ഒരു ചരിത്ര സത്യമാണ്. അദ്ദേഹം ഇന്ത്യയുടെ പശ്ചിമതീരത്ത് ഒരു വിശ്വാസിസമൂഹത്തിന്റെ കൈവശം ഹീബ്രു ഭാഷയിലുള്ള വിശുദ്ധ മത്തായിയുടെ സുവിശേഷം കണ്ടതായി രേഖയുണ്ട്. പന്തേനൂസിനു മുമ്പ് ഇവിടെ വന്ന വിശുദ്ധ ബര്‍ത്തലോമിയോ അപ്പസ്തോലന്റെ ശിഷ്യരായിരുന്നവരാണ് ആ സുവിശേഷഭാഗ്യത്തെ കൊണ്ടുനടന്നിരുന്നതെന്ന് ബറോനിയാസ് പറഞ്ഞകാര്യം സഭാചരിത്രകാരനായ എവുസേബേയൂസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ക്രിസ്ത്വബ്ദം 189ന് മുമ്പേ ഇന്ത്യയില്‍ സുവിശേഷം വന്നിരുന്നു എന്നതിന്റെ ഈ തെളിവുകള്‍ വിശുദ്ധ ബര്‍ത്തലോമിയോയുടെ പൗളിനോസ് ഒസിഡിയുടെ (പൗളിനോസ് പാതിരി) ‘ഇന്ത്യ ഓറിയെന്താലിസ് ക്രിസ്ത്യാന’ (പൗരസ്ത്യ ഭാരതത്തിലെ ക്രിസ്തുമതം – വിവര്‍ത്തനം ഫാ. ജോണ്‍ പള്ളത്ത് ഒസിഡി) എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവിതത്തില്‍ ഗുണപരമായ പരിവര്‍ത്തനം സാധ്യമാക്കിയെന്നതാണ് ക്രൈസ്തവമിഷനറിമാരുടെ പ്രവര്‍ത്തനത്തിന്റെ ഏറ്റവും പ്രചോദിതമായ ഭാഗം. വിദ്യാഭ്യാസം പ്രചരിപ്പിക്കാനും അടിമത്തം ഇല്ലാതാക്കാനും വനിതാവിമോചന പോരാട്ടത്തിനും ജാതിവിവേചനവും അയിത്തവും ഉന്മൂലനം ചെയ്യാനുമുള്ള പോരാട്ടങ്ങളിലേക്ക് ജനതകളെ അവര്‍ സജ്ജരാക്കി. അന്ന് സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരേ ആദ്യമായി പ്രതികരിച്ചതും മറ്റുള്ളവരെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചതും അവര്‍ തന്നെ.
സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിന് അവകാശമില്ലാതിരുന്ന നാട്ടില്‍ പെണ്പള്ളിക്കൂടങ്ങള് സ്ഥാപിച്ചു. സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്കിടയില്‍ ക്രൈസ്തവ മിഷനറിമാര്‍ നടത്തിയ സേവനം അവര്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ നല്കി.
ജാതിയധിഷ്ഠിതമായ സമൂഹത്തില്‍ തൊഴില്‍പരവും സാമൂഹികവുമായ ചലനാത്മകത നല്‍കുന്നതിന് വിദ്യാഭ്യാസ നയം സഹായകമായി. തൊഴിലവസരങ്ങളുണ്ടാക്കുന്ന പരിശീലനസ്ഥാപനങ്ങളും വായ്പാസംഘങ്ങളും പരസ്പര സഹായകസംഘങ്ങളും ഇന്ത്യയിലെ പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ ജീവിതനിലവാരമുയര്‍ത്തുന്നതിനു സഹായകരമായി.
സതി, ബാലവിവാഹം, ദേവദാസീ സമ്പ്രദായം എന്നിവയ്ക്ക് എതിരേയും മിഷണറിമാര്‍ പ്രവര്‍ത്തിച്ചു. അച്ചടിയും വിദ്യാഭ്യാസപ്രക്രിയയും വായനാശീലം വര്‍ദ്ധിപ്പിക്കുകയും പുതിയ ലോകത്തിന്റെ വാതായനങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നിടുകയും ചെയ്തു. പഴയ ജാത്യാചാരങ്ങള്‍ സ്വാഭാവികമായും ദുര്‍ബലമായി. സമൂഹത്തില്‍ കൂടുതല്‍ ഉന്നതസ്ഥാനവും അന്തസാര്‍ന്ന ജീവിതവും വേണമെന്ന് ദളിതര്‍ക്ക് ബോധ്യപ്പെട്ടു. രാജ്യത്തെ സാമ്പത്തികമായും സാംസ്കാരികമായും തകര്‍ത്തിരുന്ന ജാതീയതയെ കുറിച്ച് പുതിയ കാഴ്ചപ്പാട് ജനത്തിനു ലഭിച്ചു. സമൂഹത്തിന്റെ സാംസ്കാരിക മൂല്യങ്ങളെയും ഘടനകളെയും മാനവികമായ കാഴ്ചപ്പാടിലാണ് മിഷനറിമാര്‍ നോക്കിക്കണ്ടിരുന്നത്.
പോര്‍ച്ചുഗീസ് മിഷനറിമാര്‍ ബലം പ്രയോഗിച്ച് മതംമാറ്റിയിരുന്നതായി പറയുന്നുണ്ട്. അത് സത്യമായിരിക്കാം. ആ കാലഘട്ടത്തില്‍ അതു സംഭവിച്ചിരിക്കാനുള്ള സാധ്യതയുണ്ട്. മതപ്രചാരണവും മതപരിവര്‍ത്തനവും ക്രൈസ്തവ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളായിരുന്നുവെന്ന് വിമര്‍ശിക്കപ്പെടുമ്പോഴും ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്ത് ക്രൈസ്തവ മിഷനറിമാരുടെ സംഭാവനകള്‍ അതുല്യങ്ങളാണെന്ന് ചരിത്രപഠനങ്ങള്‍ വിലയിരുത്തുന്നുണ്ട്.
പോര്‍ച്ചുഗീസുകാരടക്കമുള്ള വിദേശ മിഷനറിമാര്‍ ഇന്ത്യയിലുടനീളം സാക്ഷരതാ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് നിസാരമല്ല. വൈവിധ്യമാര്‍ന്ന ഭാഷകളിലും വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലങ്ങളിലും നിന്നുള്ള അച്ചടിച്ച കൃതികളുടെ ലഭ്യത ബൗദ്ധികവും സാംസ്കാരികവുമായ ആശയങ്ങളുടെ അഭൂതപൂര്‍വമായ കൈമാറ്റത്തിന് കാരണമായി. ഈ സമന്വയം ഇന്ത്യന്‍ സാഹിത്യ-സാംസ്കാരിക ഭൂപ്രകൃതിയെ സമ്പന്നമാക്കി, കൂടുതല്‍ ഊര്‍ജസ്വലവും വൈവിധ്യപൂര്‍ണ്ണവുമായ ബൗദ്ധിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വഴിയൊരുക്കി.
ചുരുക്കത്തില്‍, ഇന്ത്യയിലെ അറിവിന്റെ വ്യാപനം, സാഹിത്യ നിര്‍മ്മാണം, സാക്ഷരത പ്രോത്സാഹിപ്പിക്കല്‍ എന്നിവയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ മിഷനറിമാരുടെ അച്ചടിശാലകള്‍ നിര്‍ണായക പങ്ക് വഹിച്ചു. മതപ്രചാരണത്തിനു പുറമേ പ്രാദേശിക ഭാഷ, സാഹിത്യം, വിദ്യാഭ്യാസം, സാക്ഷരത, സാംസ്കാരിക കൈമാറ്റം തുടങ്ങി വിവിധ മേഖലകളില്‍ അതിന്റെ സ്വാധീനം അനുഭവപ്പെട്ടു.
ഇന്ത്യന്‍ വിദ്യാഭ്യാസ ചരിത്രത്തെ വിഷയമാക്കുന്ന ഏതൊരു പഠനവും ക്രിസ്ത്യന്‍ മിഷനറിമാരുടെ സംഭാവനകള്‍ ചര്‍ച്ചചെയ്യാതെ കടന്നുപോകാറില്ല. ബ്രിട്ടീഷ് കൊളോണിയല്‍ കാലത്ത് ശക്തമായ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്ക് ക്രിസ്ത്യന്‍ മിഷനറിമാരാണ് നേതൃത്വം നല്‍കിയത്. പാശ്ചാത്യരീതിയിലുള്ള വിദ്യാഭ്യാസസമ്പ്രദായത്തെ ഇന്ത്യയ്ക്കു പരിചയപ്പെടുത്തിയതും അവരാണ്. ഇന്നും ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച് ഉയര്‍ന്നു നില്ക്കുന്ന ജസ്യൂറ്റ് സ്ഥാപനങ്ങളും മറ്റും ആഗോളതലത്തില്‍ ഇന്ത്യയുടെ അഭിമാനമുന്നേറ്റത്തിന് ഉദാഹരണങ്ങളാണ്.
താഴ്ന്നജാതിയില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസാവസരങ്ങള്‍ സൃഷ്ടിച്ച് വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ അവരെ പ്രേരിപ്പിച്ചതില്‍ ക്രിസ്ത്യന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുള്ള പങ്ക് കോത്താരി കമ്മീഷനും എടുത്തുപറയുന്നുണ്ട്. ജാതിചിന്തകള്‍ക്കെതിരെയുള്ള പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകരാനും വിദ്യാഭ്യാസത്തിനു കഴിഞ്ഞു. തത്ഫലമായി, ഇന്ത്യയില്‍ നവോത്ഥാനപ്രസ്ഥാനങ്ങള്‍ നാനാഭാഗങ്ങളില്‍ ശക്തിപ്രാപിച്ചതായി ചരിത്രം വെളിപ്പെടുത്തുന്നുണ്ട്.
ഇന്ത്യയിലെ വ്യാവസായിക പുരോഗതിയെയും ക്രൈസ്തവ വിദ്യാഭ്യാസകേന്ദ്രങ്ങളെയും ബന്ധപ്പെടുത്തിയുള്ള ഗവേഷണത്തില്‍ ക്രൈസ്തവവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ച സ്ഥലങ്ങള്‍ പിന്നീട് വ്യാവസായിക പുരോഗതിയുടെ കേന്ദ്രങ്ങളായി വികസിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ മുക്കിലും മൂലയിലും കുടില്‍വ്യവസായങ്ങള്‍ ധാരാളമായി തുടങ്ങി. കൃഷി ഉള്‍പ്പെടെയുള്ള പാരമ്പര്യസാമ്പത്തിക സ്രോതസുകളെ പ്രോത്സാഹിപ്പിച്ചു.
ഇന്ത്യയില്‍ ആധുനിക വൈദ്യശാസ്ത്ര ചികിത്സ കൂടുതല്‍ ജനങ്ങള്‍ക്കു ലഭ്യമായത് മിഷനറിമാര്‍ ഈ രംഗത്തേക്കു കടന്നുവന്നതോടെയാണ്. എല്ലാവര്ക്കും വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയതുപോലെ ആശുപത്രികളും ഡിസ്പെന്‍സറികളും ആരംഭിച്ചു. ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളില്‍ ഒരാളുടെമേല്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആരോപിച്ച ഒരു ‘അഡീഷണല്‍ ക്രൈം’ അവര്‍ ഒരു ഡിസ്പെന്സറിയില് മരുന്നുകള്‍ വിതരണം ചെയ്തു എന്നതാണ്.
അയിത്ത ജാതിക്കാരെ തൊട്ടുചികിത്സിച്ച മിഷനറി ഡോക്ടര്‍മാരും അവരെ ശുശ്രൂഷിച്ച കന്യാസ്ത്രീ നഴ്സുമാരും ജാതിയില്‍ പിന്നാക്കം നിന്നിരുന്ന പാവങ്ങള്‍ക്ക് ദേവദൂതരെ പോലെ ആയതില്‍ അദ്ഭുതമുണ്ടോ? തങ്ങള്‍ സ്ഥാപിച്ച ആശുപത്രികളില്‍ മാത്രമല്ല, മറിച്ച് സര്‍ക്കാര്‍ ആശുപത്രികളിലും അവര്‍ നിസ്വാര്‍ഥ സേവനം ചെയ്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും കൊല്ലം വിക്ടോറിയ ആശുപത്രിയിലും നൂറനാട് ലെപ്രസി ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും അര്‍പ്പിത സന്ന്യാസിനിമാര്‍ ആതുരശുശ്രൂഷയില്‍ ക്രൈസ്തവകാരുണ്യത്തിന്റെ പ്രതീകങ്ങളായി. ഭിന്നശേഷിക്കാര്‍ക്കും സമൂഹം അകറ്റിനിര്‍ത്തിയിരുന്ന കുഷ്ഠരോഗികള്‍ക്കും വേണ്ടിയുള്ള പരിപാലന കേന്ദ്രങ്ങള്‍ തുടങ്ങിയതും മറ്റാരുമായിരുന്നില്ല.
രാജ്യം സ്വാതന്ത്ര്യം നേടിയതിനു ശേഷം മിഷനറി പ്രവര്‍ത്തനങ്ങള്‍ വളരെയേറെ പരിമിതപ്പെട്ടു. തീവ്രഹൈന്ദവ ഗ്രൂപ്പുകള്‍ ഉത്തരേന്ത്യയിലാകമാനം വളര്‍ന്നു പന്തലിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ജാതീയതയുടെ ഭാഗമായുണ്ടായ അക്രമസംഭവങ്ങള്‍ കുറവായിരുന്നെങ്കില്‍ സ്വതന്ത്ര്യം ലഭിച്ചതോടെ സനാതനധര്മക്കാര് തലപൊക്കുകയും തീവ്രഹൈന്ദവ സംഘങ്ങളെ കലവറയില്ലാതെ പിന്തുണയ്ക്കുകയും ചെയ്തു. മിഷനറി പ്രവര്‍ത്തനമെന്നത് മതംമാറ്റലായി വ്യാഖ്യാനിക്കപ്പെട്ടു. ബിജെപി സര്‍ക്കാര്‍ തുടര്‍ച്ചയായി അധികാരത്തിലെത്തിയതോടെ മിഷനറി പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും അസാധ്യമായി.
കനിവിന്റെ മാലാഖ
ആധുനികഭാരതത്തില്‍ ഏറ്റവും അധികം നിര്‍ബന്ധിത മതപരിവര്‍ത്തന കുറ്റം ആരോപിക്കപ്പെട്ടത് വിശുദ്ധ മദര്‍ തെരേസയുടെ പേരിലാണ്. ഒരിക്കല്‍ മദറിനെ ഉപരോധിക്കാന്‍ വന്ന അക്രമിക്കൂട്ടത്തിന് നേതൃത്വം നല്‍കിയത് കല്‍ക്കട്ടയിലെ കാളിഘട്ട് അമ്പലത്തിലെ പൂജാരിയായിരുന്നു. ഒരുനാള്‍ തെരുവില്‍, തൊലിയെല്ലാം അഴുകി ചോരയും പുഴുക്കളും നിറഞ്ഞൊരാളെ വഴിയോരത്തു നിന്ന് കണ്ടെത്തിയ ഉപവിയുടെ സഹോദരിമാര്‍ എടുത്ത് മഠത്തിനോടു ചേര്‍ന്നുള്ള ഡിസ്പെന്സറിയില് കൊണ്ടുവന്ന് വൃത്തിയാക്കി – അത് ആ പൂജാരിയായിരുന്നു. ആ മനുഷ്യന് കുറച്ചുനാള്‍ അവിടെ അന്തേവാസിയായി താമസിച്ചു. പെരുവഴിയില്ക്കിടന്ന് പുഴുവരിച്ച് മരിക്കേണ്ടിയിരുന്ന അവസ്ഥ ഒഴിവായി. മദര്‍ തെരേസയുടെ നേതൃത്വത്തിലുള്ള മിഷനറിമാരുടെ ഭാഗ്യകരങ്ങളുടെ പരിചരണം അനുഭവിച്ച് സമാധാനത്തോടുകൂടിയുള്ള ഒരു മരണം അദ്ദേഹത്തിനും ലഭിച്ചു. അവിടെ മരിക്കുന്ന മനുഷ്യര്‍ ഏത് മതവിഭാഗത്തില്പ്പെടുന്നതാണോ ആ മതത്തിന്റെ രീതികളിലാണ് മൃതദേഹസംസ്ക്കാരം നടത്തിയിരുന്നത്. അത്തരത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ ചിതയിലേക്കോ ഖബര്സ്ഥാനിലേക്കോ കൊണ്ടുപോകുവാന്‍ അഗതികളുടെ ആ മാലഖമാര്‍ തന്നെ മുന്നോട്ടുവന്നിരുന്നു.
ഈ സാക്ഷ്യമുള്ളത്, ഇന്ത്യയുടെ മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണറും ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന നവീന്‍ ചൗള രചിച്ച മദറിന്റെ ജീവചരിത്രത്തിലാണ്. അതില്‍ തന്നെയുള്ള മറ്റൊരു സംഭവവും സന്ദര്‍ഭവശാല്‍ പറയാം: മദറിനെതിരെയുള്ള പരാതി അന്വേഷിക്കാനെത്തിയ ഒരു ഉദ്യോഗസ്ഥന്റെ സാക്ഷ്യമാണത്. മതപരിവര്‍ത്തനം ആരോപിക്കപ്പെട്ട മദറിനെ നിരീക്ഷിക്കാന്‍ ഉത്തരവാദിത്ത്വപ്പെട്ട ഉദ്യോഗസ്ഥന് ഒരു പൊലീസ് കമ്മീഷണറുമായി രഹസ്യമായി മദറിന്റെ മഠത്തിലെത്തിയപ്പോള്‍ പുഴുവരിക്കുന്ന ഒരാളുടെ ശരീരത്തില്‍ നിന്ന് ക്ഷമാപൂര്‍വ്വം പുഴുക്കളെ നീക്കുന്ന മദറിനെയാണ് കണ്ടത്. തങ്ങള്‍ക്ക് പരാതി നല്കിയവരോട്, ”നിങ്ങളുടെ ഭാര്യയെയോ സഹോദരിയെയോ പകരം ഈ ജോലി ചെയ്യാന്‍ അനുവദിച്ചാല്‍ ഞങ്ങള്‍ ഈ പുണ്യവതിയെ തടയാം” എന്നാണ് അവര്‍ പറഞ്ഞത്.
ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ഇഷ്ടമില്ലാത്തവയെ തിരസ്കരിക്കാനും മതവിശ്വാസരഹിതനായി ജീവിക്കാനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം പാടില്ലെന്നും അതില്‍ വ്യക്തമാക്കുന്നുമുണ്ട്. ഒരു വിശ്വാസവും ആരിലും അടിച്ചേല്‍പ്പിക്കാനുള്ളതല്ല, അത് ഓരോരുത്തരും അവരുടെ മനോധര്‍മ്മമനുസരിച്ച് കൈക്കൊള്ളുമ്പോഴാണ് മൂല്യവത്താകുന്നത്. രാജ്യത്തിലെ പൗരന്മാരുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുന്ന വര്‍ത്തമാനകാലത്ത് ഭരണവൈകല്യങ്ങളെ മൂടിവെക്കാനും ജനശ്രദ്ധ തിരിച്ചുവിടാനും ഭരണകൂടങ്ങള്‍ ഏത് ക്രൂരതയും സ്വീകരിക്കും.
തിരഞ്ഞെടുപ്പുകാലത്ത് പരിശുദ്ധ മാതാവിനെ സ്വര്‍ണക്കിരീടം അണിയിക്കാനും പള്ളിയില്‍ മുട്ടിന്മേലിഴയാനും മധുരമൂറുന്ന കേക്കുകളുമായി സഭാമേലധ്യക്ഷന്മാരുടെ അരമനകള്‍ സന്ദര്‍ശിക്കാനും മതരാഷ്ട്രീയത്തിന്റെ വക്താക്കളെത്തും; അവരുടെ കാര്യം കണ്ടുകഴിയുമ്പോള്‍ കയ്പ്പക്കയായ് അതു മാറുമെന്ന സത്യം ബന്ധപ്പെട്ടവര്‍ ഇതിനകം മനസിലാക്കിയിരിക്കുമല്ലോ.
ഇന്ത്യയുടെ വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലും നവോത്ഥാനത്തിലും ക്രൈസ്തവ സഭകള്‍ നല്കിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ സമാനതകളില്ലാത്തതാണ്. ഇന്ന് ഇന്ത്യയില്‍ ഭരണം നടത്തുന്ന ഒട്ടുമിക്ക മന്ത്രിമാരും രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖരും വിദ്യാഭ്യാസം കൈവരിച്ചത് ക്രൈസ്തവരുടെ സ്ഥാപനങ്ങളിലൂടെയാണ്. ഇത്രയേറെ നിര്‍ണായക സ്വാധീനം ഉണ്ടായിട്ടും ഇക്കാലം വരെയും ഭാരതത്തിലെ ക്രൈസ്തവരുടെ എണ്ണം ദേശീയ ജനസംഖ്യയുടെ കേവലം 2.3 ശതമാനം മാത്രം എന്ന വസ്തുത മതിയല്ലോ മതപരിവര്‍ത്തന ആരോപണങ്ങളുടെ പൊള്ളത്തരം വ്യക്തമാകാന്‍.
അപരിഷ്കൃതവും മൃഗതുല്യമായ ജീവിതം നയിച്ചിരുന്നവരുടെ ഇടയിലാണ് മിഷനറിമാര്‍ പ്രധാനമായും തങ്ങളുടെ ദൗത്യം നടത്തിയത്. ജീവിതപരിവര്‍ത്തനം അവരുടെ ലക്ഷ്യമായിരുന്നു; മനുഷ്യസത്തയുടെ ഉയിര്ത്തെഴുന്നേല്പ്പിലൂടെയാണ് അവരത് സാധ്യമാക്കിയിരുന്നത്. അവരെ സംബന്ധിച്ചിടത്തോളം അതൊരു പാപമായിരുന്നില്ല; പുണ്യമായിരുന്നു. മതംമാറ്റം നടത്താതെതന്നെ മനുഷ്യത്മാവിനെ വീണ്ടെടുക്കാന്‍ കഴിയുമെന്ന ബോധ്യമുണ്ടായിരുന്ന ധാരാളം മിഷനറിമാരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു, ഇന്നുമുണ്ട്.
ദാരിദ്ര്യവും ജാതിയെ അടിസ്ഥാനമാക്കിയുള്ള വിവേചനവും തടയാന്‍ ഒന്നും ചെയ്യാത്ത ഹൈന്ദവമതത്തിന്റെ സാധുതയെ ചോദ്യം ചെയ്യുന്ന അവസ്ഥകളാണ് ഭാരതത്തില്‍ ഇന്നു നിലനില്‍ക്കുന്നതെന്നും അതാണ് ക്രൈസ്തവ മിഷനറി പ്രവര്‍ത്തനത്തിന്റെ പ്രസക്തിയെന്നും അഭിപ്രായപ്പെടുന്നത് സാമൂഹ്യസേവനത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ. വിവേക് രവീന്ദ്രനാഥ് മുംബൈയാണ്. അദ്ദേഹത്തിന്റെ തിസീസ് ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അതിന്റെ സാരാംശം ഇപ്രകാരം ചുരുക്കാം: ചില ക്രിസ്ത്യന്‍ മിഷനറിമാര്‍ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് ജോലി തുടങ്ങിയ പ്രോത്സാഹനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടാകാം.
ദരിദ്രനായ ഒരു ഹിന്ദുവിന്, തന്റെ വേദന ശമിപ്പിക്കാന്‍ ഒന്നും ചെയ്യാത്ത ഒരു മതത്തെക്കാള്‍, സ്കൂളില്‍ പോകുന്ന കുട്ടിയെക്കുറിച്ചും വിശപ്പിന് ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ചുമുള്ള ചിന്ത പ്രധാനമാണ്. ഹിന്ദുമതത്തില്‍ സാമൂഹിക പരിവര്‍ത്തനത്തിന്റെ ശക്തമായ ആവശ്യമുണ്ട്. വേദങ്ങളുടെ ആഴത്തെക്കുറിച്ച് ഉന്നതരും മധ്യവര്‍ഗവും സംസാരിക്കുന്നു. എന്നാല്‍ അടിസ്ഥാനപരമായി ജാതീയതയുടെ ആഴത്തിലാണ് ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സമൂഹത്തിന്റെ അടിസ്ഥാനം. അതു മാറുമ്പോഴേ ഇന്ത്യയുടെ ദേശീയത പൂര്‍ണമാകൂ. മിഷനറിമാര്‍ അതിനല്ലേ ശ്രമിക്കുന്നത്?
ഹിന്ദുമതത്തിന്റെ കര്‍ക്കശവും മനുഷ്യത്വരഹിതവുമായ ജാതിവ്യവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ക്രിസ്തുമതം വിമോചനകരമാണെന്ന് താഴേക്കിടയിലുള്ള ഹിന്ദുക്കള്‍ക്ക് തോന്നിയതിനാലാണ് അവര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. മിഷനറിമാര്‍ അവരുടെ ജീവിതത്തിലൂടെ വ്യക്തമാക്കിയ യേശുവിന്റെ സ്നേഹം കാരണമല്ലേ ഹിന്ദുക്കള്‍ സ്വമേധയാ ഈ പുതിയ മതം സ്വീകരിച്ചത്.
ആര്‍എസ്എസ് പ്രചാരണത്തിന്റെയും മറ്റ് തീവ്രവാദികളുടെയും നുണകള്‍ നിങ്ങള്‍ കേള്‍ക്കരുത്. ഹിന്ദുക്കള്‍ സമ്മര്‍ദ്ദം കാരണം മതംമാറിയെന്ന് അവര്‍ പറയുന്നു. ഈ കാലത്ത് ആരെയും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്ന്, അതിനു കഴിയില്ലെന്ന് ആര്‍ക്കും ബോധ്യപ്പെടും. ആരെയെങ്കിലും നിര്‍ബന്ധിച്ച് മതംമാറ്റിയാല്‍ മിഷനറിമാര്‍ക്ക് ഒന്നും നേടാനില്ല. പഴയകാലത്തെ ജനങ്ങളുടെ വളര്‍ച്ചയെ തടഞ്ഞിരുന്ന മനുഷ്യത്വരഹിതമായ സതി എന്ന ആചാരവും മറ്റു നിരവധി അന്ധവിശ്വാസങ്ങളും ക്രിസ്ത്യാനികള്‍ നിര്‍ത്തലാക്കിയിരുന്നു. മിഷനറിമാര്‍ കുഷ്ഠരോഗികളായ ആളുകളെ സ്പര്‍ശിച്ചു, അവര്‍ക്ക് മരുന്നുകള്‍ നല്കി (ഉദാഹരണത്തിന്: ചുട്ടുകൊല്ലപ്പെട്ട ഗ്രഹാം സ്റ്റെയിന്‍സ്), ഹിന്ദുക്കള്‍ അത് ഒരു ശാപമായി കരുതി അവരെ ബഹിഷ്കരിച്ചു. അതിനാല്‍ മിഷനറിമാര്‍ ചെയ്ത എല്ലാ നല്ല കാര്യങ്ങളുടെയും ഫലമായി, വലിയൊരു വിഭാഗം ഹിന്ദുക്കള്‍ ഹിന്ദുമതത്തെ നിരസിക്കുകയും ക്രിസ്തുവിലും ക്രിസ്തുമതത്തിലും ആശ്വാസം കണ്ടെത്തുകയും ചെയ്തു. അതൊരു തെറ്റാണോ?’

