തിരുവനന്തപുരം :യു ഡി എഫ് സർക്കാർ അധികാരമേൽക്കുന്ന ആദ്യ ദിനം തന്നെ തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ആദ്യപടിയായി ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാക്കും. രാജ്യത്ത് തന്നെ ആദ്യമായി വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക വയോജന വകുപ്പ് രൂപീകരിക്കാനും ആദ്യമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനു പുറമെ താഴെത്തട്ടിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങളും വർധിപ്പിച്ചു.
ആശാ വർക്കർമാരുടെ ഓണറേറിയം 3,000 രൂപയും, അങ്കണവാടി ജീവനക്കാർ, സ്കൂൾ പാചകത്തൊഴിലാളികൾ, പ്രീ പ്രൈമറി ടീച്ചർമാർ, ആയമാർ എന്നിവരുടെ വേതനം 1,000 രൂപ വീതവും ആദ്യഘട്ടമായി വർധിപ്പിച്ചു. പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം 21ന് ആരംഭിക്കും. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യു ഡി എഫ് പ്രക്യപിച്ച 5 ഗ്യാരന്റികളിൽ 2എണ്ണമാണ് നടപ്പിലാക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.

